തിരുവനന്തപുരം: കേന്ദ്ര സർക്കാർ നിഷ്‌കർഷിച്ചിരിക്കുന്ന നിശ്ചിത ശതമാനം അനുസരിച്ചാണ് സംസ്ഥാനത്ത് വൈദ്യുതി വാങ്ങുന്നതെന്ന് കെഎസ്ഇബി ചെയർമാൻ എൻ എസ് പിള്ള. അദാനിയിൽ നിന്ന് നേരിട്ടല്ല വൈദ്യുതി വാങ്ങുന്നത്. ടെൻഡർ വിളിച്ചാണ്. ഇന്ത്യാ ഗവൺമെന്റിന്റെ ഊർജ മന്ത്രാലയം പറയുന്നതിന് അനുസരിച്ചാണ് സംസ്ഥാനത്ത് വൈദ്യുതി വാങ്ങുന്നതെന്നും എൻ എസ് പിള്ള പറഞ്ഞു.

25 വർഷത്തേക്ക് കരാർ വേണം, പാരമ്പര്യേതര വൈദ്യുതി വാങ്ങുമ്പോൾ അത് കാറ്റാടി വൈദ്യുതി തന്നെ വേണം എന്നീ രണ്ട് നിഷ്‌കർഷകളും കേന്ദ്ര സർക്കാരിന്റേതാണ്. പാരമ്പര്യേതര വൈദ്യുതി സോളാർ, നോൺ സോളാർ എന്നിങ്ങനെ രണ്ട് തരത്തിലുണ്ട്. രണ്ടിനും പ്രത്യേക ടാർഗറ്റുണ്ട്. അതിന് അനുസരിച്ച് വാങ്ങണം. സോളാറിന് പകരം നോൺ സോളാറോ നോൺ സോളാറിന് പകരം സോളാറോ വാങ്ങാൻ പാടില്ല.

സംസ്ഥാനത്ത് വൈദ്യുതി വാങ്ങുമ്പോൾ ദീർഘ കാല കരാറിൽ ഏർപ്പെടുന്നതാണ് ലാഭകരമെന്നും കെഎസ്ഇബി ചെയർമാൻ പറഞ്ഞു. വൈദ്യുതി വിൽക്കുന്നയാളുമായി 25 വർഷത്തെ കരാറിൽ ഏർപ്പെടുമ്പോഴാണ് ഏറ്റവും മെച്ചപ്പെട്ട റേറ്റ് കിട്ടുന്നത്. നമ്മുടെ ജലവൈദ്യുത പദ്ധതിയുടെ ചെലവ് നോക്കിയാൽ 2.82 രൂപ ഏറ്റവും മെച്ചപ്പെട്ട നിരക്കാണ്. 25 വർഷത്തേക്ക് ഈ നിരക്കിൽ മാറ്റവുമുണ്ടാകില്ലെന്നും ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ എൻ എസ് പിള്ള ചൂണ്ടിക്കാട്ടി.

അദാനിയിൽ നിന്ന് കാറ്റാടി വൈദ്യുതി വാങ്ങാൻ 25 വർഷത്തേക്ക് കരാറുണ്ടാക്കിയെന്ന ആരോപണം ചർച്ച ആയതിന് പിന്നാലെ സംസ്ഥാന സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഉയർന്ന ആരോപണത്തിൽ സർക്കാർ പ്രതിരോധത്തിലായതോടെയാണ് വിശദീകരണവുമായി കെഎസ്ഇബി ചെയർമാൻ നേരിട്ട് രംഗത്തെത്തിയത്.

അദാനിയിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിന് കെഎസ്ഇബി മറ്റൊരു കരാർ കഴിഞ്ഞമാസം ഉറപ്പിച്ചെന്നായിരുന്നു കോൺഗ്രസിന്റെ ആരോപണം. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് കരാർ ഉറപ്പിച്ചത്. കെഎസ്ഇബി ഫുൾ ടൈം ഡയറക്ടർ ബോർഡിന്റെ ഫെബ്രുവരി 15ലെ യോഗത്തിന്റെ മിനുട്സിൽ ഈ തീരുമാനം രേഖപ്പെടുത്തിയിട്ടുണ്ട്. വല്ലഭന് പുല്ലും ആയുധം എന്ന പോലെ ഏതിലും എന്തിലും അഴിമതി നടത്താനുള്ള സർക്കാരിന്റെ വൈഭവമാണ് ഇതിലൂടെ തെളിഞ്ഞു കാണുന്നതെന്നും ചെന്നിത്തല ആരോപിച്ചിരുന്നു.

സാമ്പത്തികവും രാഷ്ട്രീയവുമായ ലാഭം ഈ കരാറിലൂടെ ഉണ്ടായിട്ടുണ്ട്. പിണറായിക്കെതിരായ ഒരു അന്വേഷണം എവിടേയും എത്താത്തതിന്റെ ഗുട്ടൻസ് ഇപ്പോഴാണ് പിടികിട്ടിയത്. മോദിക്കും പിണറായിക്കും ഇടയിലുള്ള പാലം അദാനിയാണ്. അദാനി വഴിയാണ് പിണറായി കേസുകളെല്ലാം മുക്കുന്നത്. ഈ ബന്ധം തെരഞ്ഞെടുപ്പിൽ വോട്ടാക്കി മാറ്റുകയാണ് പിണറായിയുടെ ലക്ഷ്യമെന്നും ചെന്നിത്തല ആരോപിച്ചിരുന്നു.

കെഎസ്ഇബി ചെയർമാൻ വിശദീകരിക്കുന്നത്:

''ഇതൊരു പുതിയ വാർത്തയല്ല. ഏപ്രിൽ-മെയ് മാസങ്ങളിൽ രണ്ട് മാസത്തേക്ക് നമുക്ക് ഷോർട്ടേജ് ഉള്ള വൈദ്യുതിക്ക് കേന്ദ്ര സർക്കാരിന്റെ മിനിസ്ട്രി ഓഫ് പോർട്ടലിലെ ഡീപ് എന്ന പോർട്ടൽ വഴി ടെൻഡർ വിളിച്ചിട്ടുണ്ട്. 200 മെഗാവാട്ടിനായി ആ ടെൻഡർ വിളിച്ചതിൽ 50 മെഗാവാട്ട് അദാനി, 50 മെഗാവാട്ട് ജിഎംആർ, നൂറ് മെഗാവാട്ട് പിപിസി കമ്പനികളാണ്. അത് റിന്യൂവബിൾ പവറല്ല. നമ്മൾ ഇന്നലെ ചർച്ച ചെയ്തതും ബഹളമുണ്ടാക്കിയതും റിന്യൂവബിൾ പവറും 25 വർഷത്തെ കരാറിനേക്കുറിച്ചുമാണ്. ഏപ്രിൽ-മെയ് മാസങ്ങളിലേക്ക് മാത്രം വാങ്ങിയ 200 മെഗാവാട്ട് തെർമൽ പവറാണ്. അത് കൽക്കരിയിൽ നിന്നുള്ളതാണ്. ആ വൈദ്യുതിയുടെ വിലയിലും വ്യത്യാസമുണ്ട്. മൂന്ന് രൂപ നാല് പൈസയാണതിന്. ആർടിസി പവർ എന്ന റൗണ്ട് ദ ക്ലോക്ക്. പിന്നെയുള്ളത് പീക്ക് എന്ന പേരിൽ, വേനലായതിനാൽ ഉച്ചയ്ക്ക് രണ്ട് മണി മുതൽ രാത്രി 12 മണി വരെ നമ്മൾ വൈദ്യുതി വാങ്ങുന്നുണ്ട്. അതിന് മൂന്ന് രൂപ 43 പൈസയാണ്. ആ പവർ വാങ്ങിയതിന്റെ മിനുട്സും തീരുമാനവുമാണ് ഇപ്പോൾ മാധ്യമങ്ങളിൽ കാണിച്ചുകൊണ്ടിരിക്കുന്നത്. ബഹുമാന്യനായ പ്രതിപക്ഷ നേതാവ് പറഞ്ഞത് സത്യം തന്നെയാണ്. അതിനകത്തൊന്നും ഒരു പ്രശ്നവുമില്ല. പക്ഷെ, ഈ രണ്ട് മാസത്തെ കരാറും ഇന്നലെ അദ്ദേഹം പറഞ്ഞ കരാറും രണ്ടാണ്.

അദാനിയിൽ നിന്ന് നേരിട്ടല്ല വൈദ്യുതി വാങ്ങുന്നത്. ടെൻഡർ വിളിച്ചാണ്. ഇന്ത്യാ ഗവൺമെന്റിന്റെ ഊർജ മന്ത്രാലയം പറയുന്നതിന് അനുസരിച്ചാണ് പവർ വാങ്ങുന്നത്. അതിനാണ് ഡിസ്‌കവറി ഓഫ് എനർജി എഫിഷ്യന്റ് പ്രൈസ് എന്ന പോർട്ടൽ വഴി ടെൻഡർ വിളിച്ച് റിവേഴ്സ് ബിഡ്ഡിങ്ങ് നടത്തി ഏറ്റവും മെച്ചപ്പെട്ട റേറ്റ് ഏതാണോ ആ വിലയ്ക്ക് വാങ്ങും. അവിടേയും മൂന്ന് പേരുണ്ട്. അദാനിയിൽ നിന്നും ജിഎംആറിൽ നിന്നും പിപിസിയിൽ നിന്നും വൈദ്യുതി വാങ്ങിയില്ലെങ്കിൽ ഏപ്രിൽ-മെയ് മാസങ്ങളിൽ കേരളം ലോഡ് ഷെഡ്ഡിങ്ങിലേക്ക് പോകും. ഏറെ പ്ലാനിങ്ങ് നടത്തി, ലഭ്യതക്കുറവ് കണ്ടെത്തിയാണ് വൈദ്യുതി വാങ്ങുന്നത്.

25 വർഷത്തേക്ക് കരാർ വേണം, പാരമ്പര്യേതര വൈദ്യുതി വാങ്ങുമ്പോൾ അത് കാറ്റാടി വൈദ്യുതി തന്നെ വേണം എന്നീ രണ്ട് നിഷ്‌കർഷകളും കേന്ദ്ര സർക്കാരിന്റേതാണ്. പാരമ്പര്യേതര വൈദ്യുതി സോളാർ, നോൺ സോളാർ എന്നിങ്ങനെ രണ്ട് തരത്തിലുണ്ട്. രണ്ടിനും പ്രത്യേക ടാർഗറ്റുണ്ട്. അതിന് അനുസരിച്ച് വാങ്ങണം. സോളാറിന് പകരം നോൺ സോളാറോ നോൺ സോളാറിന് പകരം സോളാറോ വാങ്ങാൻ പാടില്ല. കേന്ദ്ര സർക്കാർ നിഷ്‌കർഷിച്ചിരിക്കുന്ന നിശ്ചിത ശതമാനം അനുസരിച്ചാണ് നമ്മൾ വാങ്ങുന്നത്.

ലോങ്ങ് ടേം കരാർ എന്ന് പറയുന്നത് 25 വർഷത്തേക്കാണ്. ഒരു പ്ലാന്റ് സ്ഥാപിച്ച് വൈദ്യുതി വിൽക്കുന്നയാളുമായി 25 വർഷത്തെ കരാറിൽ ഏർപ്പെടുമ്പോഴാണ് നമുക്ക് ഏറ്റവും മെച്ചപ്പെട്ട റേറ്റ് കിട്ടുന്നത്. ആരുടേയും പ്രേരണ വെച്ചല്ല കെഎസ്ഇബി വൈദ്യുതി വാങ്ങുന്നത്. കെഎസ്ഇബി വൈദ്യുതി വാങ്ങുന്നത്, നമുക്കുള്ള ആവശ്യകതയും ലഭ്യതയും നോക്കി വിടവ് നികത്താൻ നമ്മുടെ കൈയിൽ ഹൈഡ്രോ പവർ എത്ര, മറ്റ് ലോങ് ടേമിൽ നിന്ന് കിട്ടുന്ന പവർ എത്ര, സെൻട്രൽ പൂളിൽ നിന്ന് കിട്ടുന്ന പവർ എത്ര, ഇത് കഴിഞ്ഞാൽ വരുന്ന കുറവെത്ര? ആ ഷോർട്ടേജാണ് നമ്മൾ വാങ്ങിക്കുന്നത്. അത് രണ്ട് മൂന്ന് തരത്തിൽ വാങ്ങിക്കും. ഷോർട്ട് ടേം ബിഡ് ഉൾപ്പെടെ.

കാറ്റാടി വൈദ്യുതി വാങ്ങിക്കോളാൻ കേന്ദ്ര സർക്കാർ നമ്മളോട് പറഞ്ഞിട്ടില്ല. ഇന്ത്യയിൽ മുഴുവൻ ബാധകമായ കേന്ദ്ര ഊർജ മന്ത്രാലയത്തിന്റെ മാർഗ നിർദേശങ്ങളുണ്ട്. പാരമ്പര്യേതര ഊർജം വാങ്ങിക്കൽ കേന്ദ്ര വൈദ്യുത നിയമത്തിലുള്ളതാണ്. ആ നിയന്ത്രണങ്ങൾ അനുസരിച്ച് ഓരോ ആവശ്യത്തിനും സോളാറും അല്ലാത്തതും എത്രയുണ്ടാക്കണമെന്ന് അതാത് സംസ്ഥാനങ്ങളിലെ സ്റ്റേറ്റ് റെഗുലേറ്ററി കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്. ആ നിഷ്‌കർഷിച്ച വൈദ്യുതി നമ്മൾ വാങ്ങിയില്ലെങ്കിൽ ഷോർട്ടേജ് വന്നാൽ ആ കുറവുള്ളതിനാണ് നമ്മൾ ഉൽപാദകർക്ക് റിന്യൂവബിൾ എനർജി സർട്ടിഫിക്കറ്റ് വാങ്ങി ഒരു യൂണിറ്റിന് ഒരു രൂപാ വീതം നമ്മൾ ചെലവഴിക്കുന്നത്.

കെഎസ്ഇബി 25 വർഷത്തേക്ക് ഒട്ടനവധി കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. ഇപ്പോൾ 2 രൂപ 82 പൈസയ്ക്ക് കിട്ടുന്ന വൈദ്യുതി നാളെ മൂന്നര രൂപയായാൽ നിങ്ങളെന്ത് പറയും? നമ്മുടെ ജലവൈദ്യുത പദ്ധതിയുടെ ചെലവ് നോക്കിയാൽ 2.82 രൂപ ഏറ്റവും മെച്ചപ്പെട്ട നിരക്കാണ്. മാത്രമല്ല 25 വർഷത്തേക്ക് ഈ നിരക്കിൽ മാറ്റവുമുണ്ടാകില്ല. അത് പാരമ്പര്യേതര വൈദ്യുതി മാത്രമല്ല. കേന്ദ്ര പൂളിൽ നിന്നുള്ള എല്ലാമുണ്ട്. 2.82 രൂപയ്ക്ക് ഇന്ന് വൈദ്യുതി കിട്ടുന്നു. പണപ്പെരുപ്പത്തിന്റെ നിരക്ക് വെച്ചുനോക്കിയാൽ പത്ത് വർഷം കഴിയുമ്പോൾ 2.82 രൂപയുടെ വില എത്രയാണ്.

ചെറുകിട വൈദ്യുതികൾ കൊണ്ട് പറ്റാവുന്നതിന്റെ പരമാവധി വൈദ്യുതി കേരളത്തിൽ ഉൽപാദിപ്പിക്കുന്നുണ്ട്. പുതുതായി തുടങ്ങുന്ന പദ്ധതികൾ പാരിസ്ഥിതിക പ്രശ്നത്തിൽ പെട്ട് കിടക്കുകയാണ്. ഏറ്റവുമൊടുവിലായി ആനക്കയം പദ്ധതി കേസിൽ പെട്ട് മുന്നോട്ടുപോകാൻ കഴിയാത്ത അവസ്ഥയിൽ കിടക്കുന്നു. ജല വൈദ്യുതി ഉൽപാദനത്തിന് ചെലവും കൂടുതലാണ്. യൂണിറ്റിന് ഒരു രൂപയ്ക്ക് ഇപ്പോൾ ഹൈഡ്രോ പവർ ഉണ്ടാക്കാൻ കഴിയില്ല. 10-12 കോടിയാണ് ഒരു മെഗാവാട്ടിന് നിക്ഷേപമായി വേണ്ടി വരുന്നത്. ആ നിക്ഷേപം വെച്ച് കണക്ക് കൂട്ടുമ്പോൾ ശരാശരി നാലര-അഞ്ച് രൂപ വരെ വൈദ്യുതിക്ക് വിലയാകും. ഇടുക്കി, ശബരിഗിരി ഡാമുകളിലെ പദ്ധതി നോക്കിയാൽ ഒരു യൂണിറ്റിന് ഒരു രൂപയേ ഉള്ളൂ.

സോളാർ ഇതര ഊർജം നമുക്ക് ഇപ്പോൾ തന്നെ ലഭ്യമല്ല. ലഭ്യമായ ഏറ്റവും മെച്ചമായ സോളാർ ഇതര എനർജി നിരക്ക് കാറ്റാടി വൈദ്യുതി വാങ്ങുന്നതിലായിരുന്നു. അതുകൊണ്ടാണ് കാറ്റാടി വൈദ്യുതിക്ക് കരാറുണ്ടാക്കിയത്.'