കൊല്ലം: ട്രയിനേജ് ടാങ്ക് നിറഞ്ഞ് കവിഞ്ഞ് പുറത്തേയ്ക്കൊഴുകുന്ന മാലിന്യങ്ങൾ ഒഴുകിവരുന്ന ഊറ്റുവെള്ളവുമായി കലർന്ന് കരുനാഗപ്പള്ളി കെഎസ്ആർടിസി ഗ്യാരേജിൽ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി പരാതി. ഇതുസംബന്ധിച്ച് പരിഹാരം കാണുന്നതിന് കരുനാഗപ്പള്ളി ഡിപ്പോയിലെ ജീവനക്കാർ പലതവണ പരാതികൾ നൽകിയിട്ടും കെഎസ്ആർടിസി ഉന്നതാധികാരികളുടെ ഭാഗത്ത് നിന്നും നടപടികളൊന്നും ഉണ്ടായിട്ടില്ല.

കരുനാഗപ്പള്ളി ബസ് സ്റ്റേഷന് സമീപത്തായി പ്രവർത്തിക്കുന്ന ഗ്യാരേജിലെ ജീവനക്കാരാണ് കെഎസ്ആർടിസി അധികാരികളുടെ നിരുത്തരവാദപരമായ അലംഭാവം കൊണ്ട് ദുരിതമനുഭവിക്കുന്നത്. ഗ്യാരേജിന് കിഴക്ക് ഭാഗത്ത് നിന്നും തെക്കുവശത്തേയ്ക്ക് ഒഴുകിവരുന്ന നീരുറവ ഇവിടത്തെ നിത്യകാഴ്‌ച്ചയായിരുന്നു. ആ ശുദ്ധജല ഉറവ മുൻകാലങ്ങളിൽ അടുത്ത സ്വകാര്യപറമ്പിലെ നീർച്ചാൽ വഴിയായിരുന്നു ഒഴുകിപ്പോയിരുന്നത്. എന്നാൽ ആ പറമ്പിന്റെ ഉടമ നീർച്ചാൽ അടച്ച് മതിൽ കെട്ടിയതോടെ ഒഴുകിവരുന്ന വെള്ളം ഗ്യാരേജിന് മുന്നിൽ കെട്ടിനിൽക്കാൻ തുടങ്ങി.

ബസ് സ്റ്റേഷനിലെ ടോയ്ലെറ്റുകളുടെ ട്രയിനേജ് സ്ഥിതി ചെയ്യുന്നത് ഗ്യാരേജിന് സമീപത്തായി. ഏതാനും മാസങ്ങൾക്ക് മുമ്പാണ് അത് നിറഞ്ഞ് പുറത്തേയ്ക്ക് ഒഴുകാൻ തുടങ്ങിയത്. ഈ മലിനജലം നീർച്ചാലിലെ വെള്ളവുമായി കൂടിക്കലർന്ന് ഗ്യാരേജിന് സമീപപ്രദേശങ്ങളാകെ മലിനമാകുകയാണ്. ഇവിടെ പണിയെടുക്കുന്ന ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും അസുഖങ്ങളും സ്ഥിരമായതോടെ കെഎസ്ആർടിസി അധികാരികൾക്ക് ജീവനക്കാർ ട്രയിനേജ് നീക്കം ചെയ്യുന്നതിന് പല തവണ അപേക്ഷ നൽകി. എന്നാൽ ഉദ്യോഗസ്ഥർ സ്ഥലം നേരിട്ട് കണ്ട് ശോചനീയാവസ്ഥ മനസിലാക്കിയെങ്കിലും അത് പരിഹരിക്കാൻ യാതൊരു നടപടിയും ഇതുവരെ കൈകൊണ്ടിട്ടില്ല.

ഗ്യാരേജിന് വശത്ത് കൂടെ പോകുന്ന ട്രയിനേജ് ഓട സ്ലാബിട്ട് മൂടാത്തതും ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്. ഒഴുകി വരുന്ന പ്ലാസ്റ്റിക്ക് കുപ്പികളും മറ്റും കൊണ്ട് ഓടയുടെ ഒഴുക്ക് തടസപ്പെടുന്നത് മൂലം മഴസമയത്ത് ഓടയിൽ നിന്നും വെള്ളം നിറഞ്ഞ് പുറത്തേയ്ക്ക് ഒഴുകുന്നുണ്ട്. ഇവിടെത്തെ ജീവനക്കാർക്ക് പലതവണ ഈ മാലിന്യത്തിലൂടെ യാത്ര ചെയ്യേണ്ട ഗതികേടിലാണ്.

നിരവധി ത്യാഗങ്ങൾ സഹിച്ചാണ് ഒരു കെഎസ്ആർടിസി ജീവനക്കാരൻ ജോലിയിൽ തുടരുന്നത്. എന്നിട്ടും മഹാമാരി ഭീഷണി ഉയർത്തുന്ന ഈ സാഹചര്യത്തിലും മറ്റ് രോഗങ്ങളെ കൂടി ഭയന്ന് ജീവിക്കേണ്ട അവസ്ഥയിലാണ് കരുനാഗപ്പള്ളി ഗ്യാരേജിലെ ജീവനക്കാർ.