തിരുവനന്തപുരം: ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് കെഎസ്ആർടിസി ജീവനക്കാർ നാളെ അർധരാത്രി മുതൽ നടത്താൻ നിശ്ചയിച്ച 48 മണിക്കൂർ പണിമുടക്കിൽ മാറ്റമില്ല. ശമ്പള പരിഷ്‌കരണം സംബന്ധിച്ച് മന്ത്രി തലത്തിൽ നടത്തിയ ചർച്ചയിൽ ധാരണയിലെത്താൻ കഴിയാത്തതിനെ തുടർന്ന് സമരവുമായി മുന്നോട്ടുപോകാൻ കെഎസ്ആർടിസി തൊഴിലാളി സംഘടനകൾ തീരുമാനിച്ചു. ആവശ്യങ്ങളിൽ വ്യക്തമായ മറുപടി പറയാൻ സർക്കാരിന് കഴിഞ്ഞില്ലെന്ന് തൊഴിലാളി സംഘടനകൾ ആരോപിച്ചു.

ശമ്പള സ്‌കെയിൽ സംബന്ധിച്ച തർക്കമാണ് സമരത്തിന് കാരണം. നിലവിലുള്ള 2011 ലെ ശമ്പള സ്‌കെയിൽ 8730 രൂപയിൽ തുടങ്ങി 42,460 അവസാനിക്കുന്നതാണ്. ( 58 വർഷത്തെ സർവീസ് കണക്കാക്കിയാണ് മാസ്റ്റർ സ്‌കെയിൽ നിശ്ചയിക്കുന്നത് ). പരിഷ്‌കരണത്തിനായി 3 യൂണിയനുകളും നൽകിയിട്ടുള്ള ശമ്പള സ്‌കെയിൽ സംസ്ഥാന സർക്കാർ ജീവനക്കാരുടെ സ്‌കെയിലിനു തുല്യമായതാണ്. 23700 രൂപയിൽ തുടങ്ങി 166800 രൂപയിൽ അവസാനിക്കുന്നതാണ് ഈ സ്‌കെയിൽ . സർക്കാരിൽ 11-ാം ശമ്പളപരിഷ്‌കരണം നടന്നപ്പോൾ കെഎസ്ആർടിസിയിൽ ഇപ്പോഴും വാങ്ങുന്നത് 9-ാം ശമ്പള കമ്മിഷൻ പ്രകാരമുള്ള തുകയാണ്. സർക്കാർ ജീവനക്കാരുടെ സ്‌കെയിലിന് തുല്യമായി ശമ്പളം പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ടാണ് തൊഴിലാളി സംഘടനകൾ പണിമുടക്കിന് ആഹ്വാനം ചെയ്തത്.

കെഎസ്ആർടിസി മാനേജ്മെന്റ് ചർച്ചയിൽ മുന്നോട്ടുവച്ച സ്‌കെയിൽ 20000 രൂപയിൽ തുടങ്ങി 90,000 രൂപയിൽ എത്തുന്നതാണ്. ഇത് യൂണിയനുകൾ അംഗീകരിച്ചില്ല. 1000-1500 രൂപയുടെ വർധന മാത്രമേ ഇതിലൂടെയുണ്ടാകൂ എന്നാണ് യൂണിയനുകളുടെ നിലപാട്. മാനേജ്മെന്റ് നിർദേശിച്ച പരിഷ്‌കരണ പ്രകാരം 9.5 കോടിയുടെ അധികച്ചെലവ് ഉണ്ടാകുമ്പോൾ യൂണിയനുകളുടെ ശുപാർശ പ്രകാരം 21- 23 കോടിയുടെ അധികച്ചെലവ് ഉണ്ടാകും. ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയിൽ മാനേജ്മെന്റിന് ഇതു സ്വീകാര്യമല്ല. നേരത്തേ സർക്കാർ ജീവനക്കാരെക്കാൾ ഒരു ഇൻക്രിമെന്റ് കൂടുതലായിരുന്നു കെഎസ്ആർടിസി ജീവനക്കാർക്ക്. 1000 -1500 രൂപയുടെ വർധന അംഗീകരിക്കില്ലെന്നാണ് യൂണിയനുകളുടെ നിലപാട്. സർക്കാർ ജീവനക്കാർക്ക് 11 -ാം ശമ്പളപരിഷ്‌കരണം നടപ്പാക്കിയ 2019 ജൂലൈ 1 മുതൽ തന്നെ കെഎസ്ആർടിസിയിലും പരിഷ്‌കരണം മുൻകാല പ്രാബല്യത്തിൽ പ്രഖ്യാപിക്കണമെന്നാണ് അവരുടെ ആവശ്യം.