തിരുവനന്തപുരം: കെടുകാര്യസ്ഥതയുടെ പ്രതീകമായ കെഎസ്ആർടിയിൽ തട്ടിപ്പുകാർ വിലസുന്നത് പലവിധത്തിലാണ്. കട്ടപ്പുറത്തായ ബസുകളുടെ പേരിലും കോടികൾ ചെലവാക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഈ അവസ്ഥയ്ക്ക് ഇനിയും മാറ്റം വരാത്ത സാഹചര്യം നിലനില്ക്കുന്നതോടെ കോർപ്പറേഷനെ കുത്തുപാളയെടുപ്പിക്കാൻ ഗവേഷണം ചെയ്യുന്നവർക്ക് അത് കോളടിക്കുന്ന പിടിവള്ളിയാണ്.

വർഷങ്ങളായി ഓടാത്ത വണ്ടികളുടെ ഇൻഷുറൻസ്, സ്‌പെയർപാർട്‌സും ടയറും വാങ്ങൽ ഇനത്തിൽ കോർപ്പറേഷനിൽ പാഴ്‌ച്ചെലവ് വന്നത് വർഷം 280 കോടി രൂപയാണ്. ഇത്തരത്തിൽ ഓടിക്കൻ സാധിക്കാത്ത അവസ്ഥയിൽ കട്ടപ്പുറത്തുള്ളത് 1600 ബസുകളാണ്. കട്ടപ്പുറത്താണെങ്കിലും ബാറ്ററിയും ടയറുമൊക്കെ വാങ്ങുന്നുണ്ടെന്നാണു കെഎസ്ആർടിസിയിലെ വിചിത്രമായ കണക്ക്! ഈ ധൂർത്തിനെതിരെ നടപടി ആരും കൈക്കൊള്ളുന്നില്ലെന്നതും ശ്രദ്ധേയമാണ്. അടുത്തിടെയാണ് ഈ ധൂർത്ത് ശ്രദ്ധയിൽ പെട്ടതെന്നും. തുടർന്ന് നടപടി സ്വീകരിക്കുമെന്നും സിഎംഡി ബിജു പ്രഭാകർ വ്യക്താക്കി.

കെഎസ്ആർടിസിക്ക് ആകെ നിലവിലുള്ളത് 6200 ബസുകളാണ്. കോവിഡ് വന്നതോടെ സർവീസുകൾ നിർത്തി. ജൂണിൽ പുനരാരംഭിച്ച ശേഷം ക്രമേണ ഉയർത്തി ഇപ്പോൾ ശരാശരി 3300 ബസുകളാണ് ഓടുന്നത്. ജീവനക്കാരുടെ സ്ഥലമാറ്റം കേസിൽ പെട്ടതിനാലും ജീവനക്കാർ കൃത്യമായി ഡ്യൂട്ടിക്കു ഹാജരാകാത്തതിനാലും ഈ ബസുകൾ തന്നെ സർവീസിന് അയയ്ക്കാൻ കഴിയുന്നില്ല. തിരുവനന്തപുരത്ത് പേരൂർക്കട ഡിപ്പോയിൽ 80 ബസുകൾ ഓടാനുണ്ടെങ്കിലും 32 സർവീസ് മാത്രം. ജീവനക്കാർ ഉണ്ടെങ്കിലും കൃത്യമായി ഹാജരാകാറില്ലെന്നാണു മാനേജ്‌മെന്റ് പരിശോധനയിൽ കണ്ടെത്തിയത്. അനധികൃതമായി ഹാജരാകാത്ത ജീവനക്കാരുടെ പട്ടിക എല്ലാ ഡിപ്പോയിൽ നിന്നും ഇപ്പോൾ ശേഖരിക്കുകയാണെന്ന് ബിജു പ്രഭാകർ പറഞ്ഞു.

പുതിയ സംവിധാന പ്രകാരം 3800 ബസുകൾ അറ്റകുറ്റപ്പണി നടത്തി സർവീസ് ഓപ്പറേഷനു വേണ്ടി ഡിപ്പോകളിൽ നൽകും. കൂടാതെ 480 ബസുകൾ ജില്ലാ കേന്ദ്രങ്ങളിലായി സജ്ജമാക്കും. സർവീസ് പോകുന്ന ബസ് കേടാകുമ്പോഴോ അധികം സർവീസ് വേണ്ടിവരുമ്പോഴോ ഇവ സർവീസ് നടത്തുന്ന അവസ്ഥയാണുള്ളത്.

ഒരു തരത്തിലും ഉപയോഗപ്പെടുത്താൻ കഴിയാത്ത കാലഹരണപ്പെട്ട 1600 ബസുകൾ സ്ഥലമുള്ള 11 ഡിപ്പോകളിലായി സൂക്ഷിക്കും. അതിൽ 300 എണ്ണം കെഎസ്ആർടിസി ഈയിടെ തുടങ്ങിയ ഷോപ് ഓൺ വീൽസ് പദ്ധതിയിൽ ഡിപ്പോകൾക്കു സമീപം കടകൾ തുടങ്ങാൻ നൽകും. ബാക്കി ബസുകളിൽ എത്രയെണ്ണം പൊളിച്ചുമാറ്റണമെന്നു തീരുമാനിക്കാൻ ഉദ്യോഗസ്ഥ സമിതിയെ നിയോഗിച്ചു.

15 വർഷമായവ നിരത്തിലിറക്കാൻ പാടില്ലെന്ന കേന്ദ്ര വ്യവസ്ഥ പ്രകാരം 1000 ബസുകളെങ്കിലും പൊളിക്കേണ്ടി വരും. കിഫ്ബി വായ്പ വഴിയുള്ള ബസുകൾ ആദ്യഘട്ടമായി 360 എണ്ണം ഉടനെ ലഭിക്കുമെന്നാണു പ്രതീക്ഷ. ബജറ്റ് വഴി 100 ബസുകളും വരും. 700 ബസുകളാണു രണ്ടാം ഘട്ടത്തിൽ കിഫ്ബി വഴി ലഭിക്കുന്നത്. 1200 ബസുകളെങ്കിലും പുതുതായി വരുന്നതോടെ നിരത്തിൽ ആവശ്യത്തിനു നല്ല ബസുകളെത്തുമെന്നും സിഎംഡി പറഞ്ഞു.