തിരുവനന്തപുരം: കെഎസ്ആർടിസി കോംപ്ലക്സുകളിൽ ബിവറേജസ് ഔട്ട്ലെറ്റുകൾ ആരംഭിക്കാനുള്ള നീക്കം വിവാദമായതിന് പിന്നാലെയാണ് മാലിന്യ സംഭരണത്തിന് പഴയ ബസ്സുകളും ഉപയോഗിക്കാമെന്ന എംഡി ബിജു പ്രഭാകറിന്റെ ശുപാർശയും വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിതുറക്കുന്നു.

തദ്ദേശ സ്ഥാപനങ്ങളിലെ മാലിന്യ സംഭരണത്തിന് കെഎസ്ആർടിസി ബസ്സുകളേയും ഡ്രൈവർമാരേയും ഉപയോഗിക്കാമെന്ന കെഎസ്ആർടിസി എംഡി ബിജു പ്രഭാകറിന്റെ ഉത്തരവിനെതിരെ പ്രതിഷേധം കടുപ്പിച്ച് തൊഴിലാളി യൂണിയനുകൾ രംഗത്തെത്തി. കെഎസ്ആർടിസിക്ക് അധികവരുമാനം നേടാമെന്ന് ചൂണ്ടിക്കാട്ടി ബിജു പ്രഭാകർ തദ്ദേശസ്വയംഭരണ വകുപ്പിന് അയച്ച ശുപാർശയാണ് പ്രതിഷേധത്തിന് കാരണമായത്.

കെഎസ്ആർടിസിയിലെ ഡ്രൈവർമാരെ മാലിന്യം കോരാൻ ഉപയോഗിക്കുന്നു എന്ന പ്രതിഷേധവുമായി ഭരണാനുകൂല യൂണിയനുകൾ തന്നെ രംഗത്തെത്തിയ വാർത്ത പുറത്തു വന്നതോടെ പ്രതികരണവുമായി ബിജു പ്രഭാകറും രംഗത്തെത്തി. കെഎസ്ആർടിസി സ്ഥിരം ഡ്രൈവർമാർക്ക് താൽപര്യമില്ലെങ്കിൽ എംപാനൽഡ് ആയിട്ടുള്ള ജീവനക്കാരെ നിയോഗിച്ച് ജോലി ഏറ്റെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു.

കെഎസ്ആർടിസിയുടെ ഉപയോഗിക്കാതെ കിടക്കുന്ന ബസ്സുകൾ മാലിന്യസംഭരണത്തിനായി ഉപയോഗിക്കാനും ഡ്രൈവർമാരെ ഈ സേവനത്തിനായി നിയോഗിക്കാനുമായിരുന്നു ശുപാർശ. ഇതിനെതിരേയാണ് തൊഴിലാളി യൂണിയൻ പ്രതിഷേധിക്കുന്നത്.

പി.എസ്.സി പൊതുപരീക്ഷ ഉൾപ്പെടെയുള്ള കടമ്പകൾ കടന്നാണ് കെ.എസ്.ആർ.ടി.സി ഡ്രൈവർമാരെ നിയമിക്കുന്നത്. ഇവരെ മാലിന്യ സംഭരണത്തിന് ഉപയോഗിക്കുന്നത് ന്യായമല്ലെന്നുമാണ് തൊഴിലാളി യൂണിയനുകൾ പറയുന്നത്. ഇത് കാണിച്ച് യൂണിയൻ എംഡിക്ക് കത്തയച്ചിട്ടുണ്ട്. വരുമാനം ഉണ്ടാക്കാനുള്ള ഒരു ശുപാർശ മാത്രമായിരുന്നു അതെന്നും അന്തിമതീരുമാനം ആയിട്ടില്ലെന്നും എംഡി ബിജു പ്രഭാകർ പ്രതികരിച്ചു.

'കെഎസ്ആർടിസിയിൽ ഇപ്പോൾ ഡ്രൈവർമാർ കൂടുതലാണ്. അവരെ മാറ്റി നിർത്താൻ സർക്കാർ തീരുമാനിച്ചാൽ അതാകും നല്ലത്. കൂടുതലുള്ള ഡ്രൈവർമാർക്ക് ജോലി കൊടുക്കേണ്ടെങ്കിൽ ലേ ഓഫ് നൽകണം. അല്ലെങ്കിൽ സർക്കാർ പൂർണമായും അവരുടെ ശമ്പളം തരണം. തദ്ദേശ സ്ഥാപനങ്ങൾക്ക് വേണ്ടി ജോലി ചെയ്യാൻ കെഎസ്ആർടിസി സ്ഥിരം ഡ്രൈവർമാർക്ക് താൽപര്യമില്ലെങ്കിൽ എംപാനൽഡ് ആയിട്ടുള്ള ഒരുപാട് ആളുകളുണ്ട്. അവരെ വച്ച് ജോലി ഏറ്റെടുക്കും' അദ്ദേഹം പറഞ്ഞു.

പഴയ വണ്ടികളും ഉപയോഗിക്കാം. മാലിന്യം കോരുന്നതും മനുഷ്യരാണ്. അവരാരും മ്ലേച്ഛന്മാരൊന്നും അല്ല. വലിയ വാഹനം ഓടിക്കാൻ ഹെവി വെഹിക്കിൾ ലൈസൻസ് ഉള്ളവരാണു വേണ്ടത്. വാഹനം ഓടിക്കാൻ മാത്രമാണ് ആവശ്യപ്പെടുന്നത്. മാലിന്യം കോരാനൊന്നും ആരോടും പറയുന്നില്ല. ഇതിൽ ഏതു ജോലിക്കാണ് എന്തെങ്കിലും രീതിയിൽ മാന്യതക്കുറവ് ഉള്ളത്? ബാക്കിയുള്ളവർ മോശക്കാരാണ് എന്നു വരുത്തിത്തീർക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.

കെഎസ്ആർടിസിയിൽ ഉള്ളവരേക്കാൾ മെച്ചപ്പെട്ട ശമ്പളം വാങ്ങുന്നവരും അല്ലാത്തവരും ദിവസ വരുമാനക്കാരും തദ്ദേശ സ്ഥാപനങ്ങളിൽ ഉണ്ട്. അധികമായിട്ടുള്ള കെഎസ്ആർടിസി ഡ്രൈവർമാരെ പുനർവിന്യസിക്കാൻ ഉള്ള മാർഗമാണ് ഇപ്പോൾ പറയുന്നത്. മത്സ്യഫെഡിന് മൂന്നു വാഹനങ്ങൾ കൊടുത്തപ്പോൾ മാസം രണ്ടു ലക്ഷം രൂപയോളം കെഎസ്ആർടിസിക്കു കിട്ടുന്നുണ്ട്. ഇത്തരത്തിൽ അധികമായ വാഹനങ്ങൾ, ലോറികൾ, ഡ്രൈവർമാർ എന്നിവരെ വിനിയോഗിക്കണം. ജീവനക്കാർക്ക് വിസമ്മതം ഉണ്ടെങ്കിൽ എംപാനൽഡ് ആയിട്ടുള്ളവരെ ചുമതലപ്പെടുത്തും.

കെഎസ്ആർടിസി എടുക്കുന്ന മറ്റു ജോലികൾക്ക് അവരെ നിയമിക്കാൻ ഒരു നിയമ തടസ്സവും ഇല്ല. അവർക്ക് നാളെ ഒരു ഘട്ടത്തിൽ മെച്ചപ്പെട്ട ശമ്പളം കിട്ടുമ്പോൾ, ഞങ്ങളെ പരിഗണിച്ചില്ല, ഞങ്ങൾക്കും താൽപര്യമുണ്ട് എന്നു പറഞ്ഞു വരാതിരുന്നാൽ മതി. അർബൻ അഫയേഴ്‌സ് സെക്രട്ടറി കൂടിയാണ് ഞാനിപ്പോൾ. നഗരസഭകളിലെ മാലിന്യം മാറ്റുക എന്നത് എന്റെ ചുമതല കൂടിയാണ്. കെഎസ്ആർടിസി ഇല്ലെങ്കിൽ മറ്റു മാർഗങ്ങൾ നോക്കേണ്ടി വരും. മാലിന്യം നീക്കിയേ മതിയാവൂ.' ബിജു പ്രഭാകർ പറഞ്ഞു.

വിവിധ കോർപറേഷനുകളിലെയും മുനിസിപ്പാലിറ്റികളിലെയും വാഹനങ്ങൾ ഏറ്റെടുത്ത്, കെഎസ്ആർടിസി ഡ്രൈവർമാരെ ഉപയോഗിച്ച് നിശ്ചിത വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ മാലിന്യ നിർമ്മാർജനത്തിന് സഹായിക്കാൻ കെഎസ്ആർടിസി തയാറാണ് എന്നതാണ് മാനേജിങ് ഡയറക്ടറുടെ ശുപാർശയിൽ പറയുന്നത്. ഇതിനെതിരെ ട്രാൻസ്‌പോർട്ട് എംപ്‌ളോയീസ് യൂണിയൻ എംഡിക്ക് കത്തെഴുതി.