കോട്ടയം: രക്ഷപ്പെടാനുള്ള വഴികൾ പലതും നോക്കുന്ന കെഎസ്ആർടിസി നടപ്പാക്കുന്ന പുതിയ സംവിധാനമാണ് 'ഹബ് ആൻഡ് സ്‌പോക്ക്'. യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ യാത്ര ഒരുക്കുക എന്നതാണ് ഈ സംവിധാനം കൊണ്ട് പ്രധാനമായും ലക്ഷ്യമിടുന്നത്. പേരുപോലെ തന്നെ പുതുമ സർവ്വീസിന്റെ ക്രമീകരണത്തിലുമുണ്ട്.സൈക്കിളിന്റെ റിം സ്‌പോക്കുകളിലൂടെ ബന്ധിപ്പിക്കുന്നതു പോലെ പ്രധാന ഡിപ്പോകളിൽനിന്ന് ഉൾനാടൻ പട്ടണങ്ങളെ ബന്ധിപ്പിക്കുന്നതാണ് ഹബ് ആൻഡ് സ്‌പോക്ക് ക്രമീകരണം.

ഓരോ മണിക്കൂറിലും തിരുവനന്തപുരം കോഴിക്കോട് റൂട്ടിൽ കെഎസ്ആർടിസി ലോ ഫ്‌ളോർ എസി ബസുകൾ. ഈ ബസുകൾ കാത്തുകൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ തുടങ്ങിയ പ്രധാന ഡിപ്പോകളിൽനിന്ന് ഉൾനാടൻ പട്ടണങ്ങളിലേക്ക് സർവീസുകൾ. തിരുവനന്തപുരത്തു നിന്ന് ഒറ്റടിക്കറ്റ് എടുത്താൽ തൃശൂരിൽ ഇറങ്ങി ചായ കുടിച്ച് അൽപം വിശ്രമിച്ച ശേഷം പാലക്കാട്ടേക്കുള്ള മറ്റൊരു കണക്ഷൻ ബസിൽ യാത്ര.ഇത്തരത്തിലാണ് കെഎസ്ആർടിസിയുടെ 'ഹബ് ആൻഡ് സ്‌പോക്ക്' സർവീസ് ക്രമീകരിച്ചിരിക്കുന്നത്.

തിരുവനന്തപുരം കോഴിക്കോട് റൂട്ടാണ് പ്രധാന കോറിഡോർ. ഒരു മണിക്കൂർ ഇടവിട്ട് ബസുകൾ ഓടുന്നു. 12 മണിക്കൂറാണ് യാത്രാസമയം. തിരക്കുള്ള സമയത്ത് അര മണിക്കൂറാക്കും ഇടവേള. ഇവയോട് അനുബന്ധിച്ച് പാലക്കാട് തൃശൂർ, തൃശൂർ ഗുരുവായൂർ, ആലപ്പുഴ ചങ്ങനാശേരി, കൊല്ലം കൊട്ടാരക്കര, കോട്ടയം കുമളി തുടങ്ങിയ പ്രധാന അനുബന്ധ റൂട്ടുകളിലും കണക്ഷൻ ബസുകൾ (എസി ലോ ഫ്‌ളോർ) ക്രമീകരിക്കും.

യാത്രക്കാർക്ക് ഭക്ഷണം കഴിക്കാനും വിശ്രമിക്കാനും മികച്ച സൗകര്യങ്ങൾ ബസ് ഡിപ്പോകളിൽ ലഭിക്കും. കെഎസ്ആർടിസിയുടെ 190 ലോ ഫ്‌ളോർ എസി ബസുകളാണ് ഉപയോഗിക്കുക. ഇതിൽ 50 എണ്ണം ആലപ്പുഴ വഴിയും 35 എണ്ണം കോട്ടയം വഴിയും സർവീസ് നടത്തും. 24 മണിക്കൂറും ബസുകൾ ഓടും. വിവിധ സ്ഥലങ്ങളിൽനിന്ന് മാല പോലെ തിരുവനന്തപുരം, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് ബസുകൾ ഓടുന്ന രീതിയുണ്ടാകില്ല, അതുവഴിയുള്ള നഷ്ടവും ഈ മാറ്റം വഴി കുറയ്ക്കാനാകുമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്.

20,000 കിലോമീറ്റർ പിന്നിടുന്ന ബസുകൾ അറ്റകുറ്റപ്പണിക്കു മാറ്റും. കൊല്ലം, എറണാകുളം, തൃശൂർ ഡിപ്പോകളിൽ സ്‌പെയർ ബസുകളും ക്രമീകരിക്കും. ലോ ഫ്‌ളോർ ബസുകളിൽ മൂന്നിലൊന്ന് പുഷ്ബാക്ക് സീറ്റുകളാക്കാൻ തുടങ്ങി. രണ്ടാം ഘട്ടത്തിൽ തിരുവനനന്തപുരം കാസർകോട് റൂട്ടിലേക്ക് വ്യാപിപ്പിക്കും.

ഒരേ ബസിൽ യാത്ര ചെയ്യേണ്ട. കൃത്യസമയത്ത് ബസുകൾ ലഭിക്കും. ഇറങ്ങിക്കയറുന്നത് ബുദ്ധിമുട്ടാണെങ്കിലും ഒന്നിറങ്ങി അൽപം വിശ്രമിച്ച് പോകാൻ സൗകര്യം ലഭിക്കും എന്നിവയാണ് ക്രമീകരണം കൊണ്ട് യാത്രക്കാർക്കുണ്ടാകുന്ന പ്രധാന സൗകര്യങ്ങൾ. അതേസമയം ജീവനക്കാർക്ക് അധ്വാനം കുറയ്ക്കുന്ന തരത്തിലാണ് ഡ്യൂട്ടി ക്രമീകരിക്കുക. അധികസമയം ജോലി ചെയ്താൽ അധികം ആനുകൂല്യം നൽകും. തിരുവനന്തപുരത്തുനിന്നു കോഴിക്കോട് ഓടിച്ചെത്തുന്ന ഡ്രൈവറും കണ്ടക്ടറും അവിടെ 8 മണിക്കൂർ വിശ്രമിച്ച ശേഷം മറ്റൊരു ബസിൽ ഡ്യൂട്ടി എടുത്താണ് തിരിച്ചെത്തുക