കോതമംഗലം: കെ എസ് ആർ ടി സി കോതമംഗലം ഡിപ്പോയിൽ നിന്നാരംഭിച്ച ജംഗിൾ സഫാരി ട്രിപ്പിന് മികച്ച പ്രതികരണം. രാവിലെ 9.30 തോടെ ഡിപ്പോയിൽ നിന്നും യാത്ര തിരിച്ച ബസ്സിൽ ഇടംകിട്ടാതെ നിരവധി പേർ മടങ്ങി.അടുത്ത ഞായറാഴ്ചയാണ് ഇനി ട്രിപ്പ്. ഇതിലേയ്ക്കുള്ള മുൻകൂർ ബൂക്കിംഗിനും വൻതിരക്കാണ് അനുഭവപ്പെടുന്നത്. ആന്റണി ജോൺ എം എൽ എ ആദ്യയാത്രയുടെ ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു.ആദ്യമായിട്ടാണ് കോതമംഗലം ഡിപ്പോയിൽ നിന്നും ജംഗിൾ സഫാരി ട്രിപ്പ് ആരംഭിച്ചിട്ടുള്ളത്.ട്ര്പ്പ് വിജയകരമെന്ന് കണ്ടാൽ കൂടുതൽ ബസ്സുകൾ ഇതിനായി പ്രയോജനപ്പെടുത്തുമെന്ന് ഡിപ്പോ അധികൃതർ അറിയിച്ചു.

ചടങ്ങിൽ കോതമംഗലം എ റ്റി ഒ എ ടി ഷിബു,കൺട്രോളിങ്ങ് ഇൻസ്പെക്ടർ അനസ് ഇബ്രാഹിം,ട്രേഡ് യൂണിയൻ നേതാക്കളായ ആർ എം അനസ്,സി എം സിദ്ദീഖ്,അനസ് മുഹമ്മദ് എന്നിവർ പങ്കെടുത്തു. രാവിലെ 9 മണിയോടെ കോതമംഗലത്തു നിന്നും തിരിച്ച്, തട്ടേക്കാട്, കുട്ടമ്പുഴ മാമലക്കണ്ടം, കൊരങ്ങാട്ടി, മാങ്കുളം, ലക്ഷമി എസ്റ്റേറ്റ് വഴി മൂന്നാറിലെത്തി. വൈകിട്ട് 6 മണിയോടെ കോതമംഗലത്ത് അവസിനിക്കുന്ന രീതിയിലാണ് ട്രിപ്പ് സംഘടിപ്പിച്ചിട്ടുള്ളത്.

പഴയ ആലുവ -മൂന്നാർ രാജപാതയുടെ പ്രധാന ഭാഗങ്ങളിലൂടെയാണ് സഫാരി വാഹനം കടന്നുപോകുന്നത്.പാതയുടെ ഇരുവശവും വനമേഖലയാണ്.വന്യമൃഗങ്ങളെ അടുത്തുകാണാവും പ്രകൃതി സൗന്ദര്യം ആവോളം ആസ്വദിക്കാനും കഴിയുമെന്നതാണ് ഈ ജംഗിൾ സഫാരിയുടെ പ്രധാന സവിശേഷത.

യാത്ര വനമേഖലയിലേയ്ക്ക് കടന്നതോടെ യാത്രക്കാർ ആഹ്ളാദാരവങ്ങൾ മുഴക്കാൻ തുടങ്ങി.പെരിയാർ തീരങ്ങളുടെ മനോഹാരിതയും നുകർന്നായിരുന്നു പിന്നീടുള്ള യാത്ര.ഇടയ്ക്ക് പാതവക്കിൽ കാട്ടരുവി പ്രത്യക്ഷപ്പെട്ടതോടെ ഡ്രൈവർ വാഹനം നിർത്തി.പിന്നാലെ യാത്രക്കാർ കൂട്ടമായി അരുവിയിലേക്ക്.വിശേഷങ്ങൾ പങ്കിട്ടും പരിസരത്തെ കാഴ്്ചകൾ വീക്ഷിച്ചും യാത്രക്കാർ കുറച്ചുസമയം ഇവിടെ ചെലവിട്ടു.

തുടർന്ന് ഇരുമ്പുപാലം മച്ചിപ്ലാവ് വഴി മാങ്കുളത്തെത്തി.ഉച്ചയ്ക്ക് 2 മണിയോടെ മച്ചിപ്ലാവിന് സമീപം ഹോട്ടലിലായിരുന്നു ഉച്ചഭക്ഷണം ഏർപ്പാടാക്കിയിരുന്നത്.സ്പെഷ്യലായി ആവശ്യക്കാർക്ക് മീൻ വിഭവങ്ങളും ഏർപ്പാടാക്കിയിരുന്നു.തുടർന്ന ലക്ഷമി എസ്റ്റേറ്റിലെ തേയിക്കാടും കടന്ന് യാത്ര മൂന്നാറിൽ എത്തുമ്പോൾ സമയം 7 മണിയോടുത്തിരുന്നു.

ഉച്ച ഊണും വൈകുന്നേരത്തെ ചായയും ഉൾപ്പെടെ 500 രൂപയാണ് ഒരാളുടെ നിരക്ക്.വാഹനം കടന്നുപോകുന്ന പ്രധാനകേന്ദ്രങ്ങളിലെല്ലാം ജനപ്രതിനിധികളുടെയും പൊതുപ്രവർത്തകരുടെയും നേതൃത്വത്തിൽ ഉജ്ജ്വല സ്വീകരണങ്ങൾ ഒരുക്കിയിരുന്നു.യാത്രക്കാർക്കും ബസ്സ് ജീവനക്കാർക്കും മധുപലഹാര വിതരണവും ഉണ്ടായിരുന്നു.കെ എസ് ആർ ടി സി ജംഗിൾ സഫാരിക്ക് മുൻകൂട്ടി ബുക്ക് ചെയ്യുവാൻ 9447984511,9446525773 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.