തിരുവനന്തപുരം: ടിക്കറ്റിതര വരുമാനം വർദ്ധിപ്പിക്കാൻ നിർമ്മിച്ച നാല് വാണിജ്യ സമുച്ചയങ്ങൾ വെള്ളാനകളാകുന്നുവെന്ന് തിരിച്ചറിഞ്ഞ് കെഎസ്ആർടിസി. സ്വന്തം ഭൂമിയിൽ പണിതുയർത്തിയിട്ടും നാലിൽ മൂന്നിടത്ത് നിന്നും ഒരുരൂപ പോലും ഇതുവരെ വരുമാനം ലഭിച്ചിട്ടില്ല. അതിനാൽ വാണിജ്യ സമുച്ചയങ്ങൾ തിരികെ ഏൽപിക്കണമെന്ന് കെടിഡിഎഫ്‌സിയോട് കെഎസ്ആർടിസി ആവശ്യപ്പെട്ടു. എന്നാൽ, തിരികെ നൽകാൻ വിരോധമില്ല, പക്ഷേ, 1300 കോടിയോളം രൂപയുടെ ബാധ്യത ആദ്യം തീർക്കണമെന്നാണ് കെടിഡിഎഫ്‌സിയുടെ നിലപാട്. കെഎസ്ആർടിസിയുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനും സ്ഥാപനത്തെ സഹായിക്കുന്നതിനും വേണ്ടിയാണ് കേരള ട്രാൻസ്‌പോർട്ട് ഡവലപ്‌മെന്റ് ഫിനാൻസ് കോർപറേഷന് (കെടിഡിഎഫ്‌സി) രൂപം നൽകിയത്. എന്നാൽ കെഎസ്ആർടിസിയെ മനഃപൂർവം തകർക്കുന്ന നിലപാടാണ് കെടിഡിഎഫ്‌സി സ്വീകരിക്കുന്നതെന്നാണ് കെഎസ്ആർടിസി അധികൃതരുടെ ആരോപണം. നാല് വാണിജ്യസമുച്ചയങ്ങളുടെ പേരിൽ തമ്മിലടിക്കുകയാണ് പരസ്പരം സഹകരിച്ച് പ്രവർത്തിക്കാൻ ലക്ഷ്യമിട്ടു രൂപം കൊടുത്ത രണ്ട് പൊതുമേഖലാ സ്ഥാപനങ്ങൾ.

തിരുവനന്തപുരം, തിരുവല്ല, അങ്കമാലി, കോഴിക്കോട് എന്നിവിടങ്ങളിൽ കെഎസ്ആർടിസിയുടെ കണ്ണായ ഭൂമികളിൽ കൂറ്റൻ വ്യാപാര സമുച്ചയങ്ങൾ നിർമ്മിച്ച് വാടകയ്ക്കു കൊടുക്കുകയായിരുന്നു കെടിഡിഎഫ്‌സി. ടിക്കറ്റിതര വരുമാനം വർധിപ്പിക്കാൻ കെഎസ്ആർടിസി കണ്ടെത്തിയ വഴിയാണ് വാണിജ്യ സമുച്ചയങ്ങൾ. എന്നാൽ ബസ് സർവീസിന് അനുയോജ്യമായ രീതിയിലല്ല നാല് സമുച്ചയങ്ങളും നിർമ്മിച്ചിരിക്കുന്നതെന്ന് കെഎസ്ആർടിസി സാക്ഷ്യപ്പെടുത്തുന്നു. ഈ വാണിജ്യസമുച്ചയങ്ങളുടെ രൂപകൽപ്പന വാണിജ്യ കേന്ദ്രങ്ങൾക്കും അനുയോജ്യമല്ലെന്ന വിമർശനം ഇതിന്റെ തുടക്കകാലത്ത് തന്നെ ഉയർന്നിരുന്നു. ഈ വാണിജ്യസമുച്ചയങ്ങളിൽ കൂടുതലും സർക്കാർ സ്ഥാപനങ്ങളാണ് പ്രവർത്തിച്ച് വരുന്നത്. തിരുവനന്തപുരം അടക്കമുള്ള ടെർമിനലുകളിൽ ഭൂരിഭാഗം സ്‌പെയ്‌സും ഒഴിഞ്ഞുകിടക്കുകയാണ്.

കെഎസ്ആർടിസി മാനേജിങ് ഡയറക്ടർ സർക്കാരിനു നൽകിയ റിപ്പോർട്ടിൽ നാല് സമുച്ചയങ്ങളും വെള്ളാനകളായി മാറിയെന്ന് സ്ഥിരീകരിക്കുന്നു. വാണിജ്യ സമുച്ചയം നിർമ്മാണത്തിലും വരുമാനം പങ്കിടുന്ന കാര്യത്തിലും കെടിഡിഎഫ്‌സിയും കെഎസ്ആർടിസിയും തമ്മിൽ കരാർ പോലും ഇല്ലാത്തതാണ് പ്രധാന പോരായ്മ. കെട്ടിടങ്ങൾ മറ്റു സ്ഥാപനങ്ങൾക്ക് വാടകയ്ക്കു നൽകിയതിനെക്കുറിച്ച് ഒരു അറിയിപ്പും കെടിഡിഎഫ്‌സി, കെഎസ്ആർടിസിക്കു നൽകിയിട്ടില്ല.

അങ്കമാലിയിൽനിന്നു മാത്രമാണ് കെഎസ്ആർടിസിക്ക് എന്തെങ്കിലും വരുമാനം ലഭിച്ചിട്ടുള്ളത്. 3.01 കോടി രൂപ. മറ്റു മൂന്നിടങ്ങളിൽനിന്ന് ഒരു വരുമാനവും കെടിഡിഎഫ്‌സി നൽകിയിട്ടില്ല. തിരുവല്ലയിൽ പത്ത് ശതമാനം സ്ഥലം വാടകയ്ക്ക് നൽകിയിട്ടുണ്ടെങ്കിലും ഇതിന്റെ പങ്കും കെഎസ്ആർടിസിക്ക് നൽകിയിട്ടില്ല. ഈ സാഹചര്യത്തിലാണ് നാല് ഷോപ്പിങ് കോംപ്ലക്‌സുകളും തിരികെ നൽകാൻ കെഎസ്ആർടിസി ശുപാർശ നൽകിയത്. എന്നാൽ 1000 കോടി രൂപയുടെ വായ്പയ്ക്കു പുറമേ, 245 കോടി രൂപ വാണിജ്യ സമുച്ചയങ്ങളുടെ നിർമ്മാണത്തിന് ചെലവഴിച്ചിട്ടുണ്ടെന്നാണ് കെടിഡിഎഫ്‌സി വ്യക്തമാക്കുന്നത്. പലിശ ഉൾപ്പെടെ 1300 കോടി കവിയും. ഈ തുക കെഎസ്ആർടിസിയോ സർക്കാരോ നൽകിയാൽ കെട്ടിടം വിട്ടുനൽകാമെന്നാണ് കെടിഡിഎഫ്‌സി നിലപാട്.

കോഴിക്കോട് ടെർമിനലിന്റെ ബലക്ഷയം അടുത്തകാലത്ത് കണ്ടെത്തിയിരുന്നു. കോൺട്രക്ട് കമ്പനിയെ കൊണ്ട് ടെർമിനലിന്റെ പുനഃനിർമ്മാണം നടത്തിക്കാനുള്ള തീരുമാനത്തിലാണ് സർക്കാർ. ആ സാഹചര്യത്തിൽ ഇത്രയും വലിയ ബാധ്യത ചുമലിലേറ്റേണ്ടെന്ന തീരുമാനത്തിലാണ് കെഎസ്ആർടിസി അധികൃതർ.