പത്തനംതിട്ട: വെറുതേ ബസ് ഓടിച്ചു കൊണ്ടിരുന്നാൽ മാത്രം കെഎസ്ആർടിസി രക്ഷപെടില്ലെന്ന് എല്ലാവർക്കും അറിയാം. അതുകൊണ്ടു തന്നെ അൽപ്പം വൈവിധ്യവൽക്കരണത്തിന്റെ പാതയിലാണ് കെഎസ്ആർടിസി. അതിനുള്ള പരീക്ഷണം ഇത്തവണത്തെ പുതുവത്സര ആഘോഷത്തിൽ തുടങ്ങാനാണ് കെഎസ്ആർടിസിയുടെ നീക്കം.

പുതുവത്സരം അറബിക്കടലിൽ ആഘോഷിക്കാൻ അവസരമൊരുക്കുകയാണ് കെ എസ് ആർ ടി സി. അഞ്ച് മണിക്കുർ നീളുന്ന ആഘോഷമാണ് ആഡംബര ക്രൂയിസിൽ ഒരുക്കുന്നത്. 4499 രൂപയുടെ ടിക്കറ്റ് എടുത്തു കഴിഞ്ഞാൽ രണ്ട് പെഗ് മദ്യം നൽകുമെന്ന ഓഫറുമുണ്ട്.

കൊച്ചി ബോൽഗട്ടി ജെട്ടിയിൽ നിന്നാണ് ഇതിനായി ആളുകളെ കൊണ്ടുപോകുന്നത്. ഒൻപതു മുതൽ രണ്ടു വരയൊണ് പുതുവത്സര ആഘോഷം നടക്കുന്നത്. കോഴിക്കോട്, തൃശൂർ, മലപ്പുറം ജില്ലകളിൽ നിന്ന് ആളുകളെ എ സി ബസുകളിൽ കൊണ്ടു പോയി തിരികെ എത്തിക്കുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്.

വലിയ രീതിയിലുള്ള സൗകര്യങ്ങളാണ് ക്രൂയിസിൽ ഒരുക്കുന്നത്. ഡിസ്‌കോ, ലൈവ് വാട്ടർ ഡ്രംസ്, പവർ മ്യൂസിക് സിസറ്റത്തിനൊപ്പം വിഷ്യൽ ഇഫെക്റ്റുകൾ, രസകരമായ ഗെയിമുകൾ, തത്സമയ സംഗീതം, നൃത്തം. ഓരോ ടിക്കറ്റിനും മൂന്ന് കോഴ്സ് ബുഫെ ഡിന്നർ എന്നിവയുമുണ്ട്. കുട്ടികളുടെ കളിസ്ഥലം, തീയേറ്റർ, കടൽക്കാറ്റും അറബിക്കടലിന്റെ ഭംഗിയും ആസ്വദിക്കാൻ തുറഞ്ഞ സൺഡെക്ക്, ഓൺബോർഡ് ലക്ഷ്വറി ബാർ എന്നിവയും ഈ ആഡംബര ക്രൂയിസിൽ കാത്തിരിപ്പുണ്ട്. പുറത്തു നിന്നുള്ള മദ്യം ക്രൂയിസിൽ അനുവദിക്കില്ല.