കൊല്ലം: കെ.എസ്.ആർ.ടി.സി ബസിന്റെ യാത്ര തടസപ്പെടുത്തി റോഡിൽ ബൈക്കഭ്യാസം നടത്തി എന്ന് പ്രചരിക്കുന്ന വാർത്ത തെറ്റാണെന്ന് ചൂണ്ടിക്കാട്ടി ബൈക്ക് യാത്രക്കാരൻ രംഗത്ത്. നീണ്ടകര സ്വദേശിയായ പ്രിൻസ് എന്ന ബിരുദ വിദ്യാർത്ഥിയാണ് രാവിലെ മുതൽ തന്റെ ബൈക്കിന്റെ ദൃശ്യങ്ങളടക്കം പ്രചരിക്കുന്ന വാർത്ത തെറ്റാണെന്ന് മറുനാടനോട് പറഞ്ഞത്.

കാവനാടിനും രാമൻകുളങ്ങരക്കുമിടയിൽ ബൈക്ക് യാത്രക്കാരൻ കെ.എസ്.ആർ.ടി.സി ബസിനെ കടത്തി വിടാതെ തടസം സൃഷ്ടിച്ച് റോഡിൽ അഭ്യാസം കാട്ടി എന്നായിരുന്നു വാർത്ത. എന്നാൽ താൻ അഭ്യാസം കാട്ടിയില്ലെന്നും റോങ് സൈഡിൽ സിഗ്‌നൽ തെറ്റിച്ചു വന്ന് തന്റെ ബൈക്കിൽ ഇടിക്കാൻ പോയ കാര്യം ചോദിക്കാൻ വാഹനം നിർത്താൻ ആവശ്യപ്പെട്ട് മുന്നിൽ കയറിയതാണെന്നും പ്രിൻസ് പറഞ്ഞു.

സംഭവത്തെ പറ്റി പ്രിൻസ് പറയുന്നതിങ്ങനെ; ബുധനാഴ്ച ബികോം പരീക്ഷ എഴുതാനായി നീണ്ടകരയിൽ നിന്നും മുളങ്കാടകത്തേക്ക് പോകുകയായിരുന്നു. കാവനാട് ബൈപാസിൽ വലതുവശത്തേക്ക് പോകുവാനായി ഇൻഡിക്കേറ്റർ ഇട്ട് സിഗ്‌നൽ കാത്ത് നിൽക്കുകയായിരുന്നു. ആ സമയം സിഗ്‌നൽ തെറ്റിച്ച് ഇടതുവശത്തുകൂടി അമിത വേഗതയിലെത്തിയ കെ.എ.സ്.ആർ.ടി.സി ബസ് വലത്തേക്ക് തിരിച്ചു. ഈ സമയം പ്രിൻസിന്റെ ടൂവീലറിന്റെ ഹാൻഡിലിൽ ബസിന്റെ ബോഡി തട്ടി. വലത്തേക്ക് വാഹനം ചരിച്ചതിനാൽ വലിയ അപകടമുണ്ടായില്ല.

ഉടൻ തന്നെ സിഗ്‌നൽ വീഴുകയും ബസ് മുന്നോട്ടെടുത്ത് പോകുകയുമാണുണ്ടായത്. ഉറക്കെ ഒച്ചവെച്ചിട്ടും ബസ് ഡ്രൈവർ തിരിഞ്ഞു പോലും നോക്കാതെ പോയതോടെ പ്രിൻസ് പിന്നാലെ വച്ചു പിടിച്ചു. ഓവർ ടേക്ക് ചെയ്ത് ഡ്രൈവറോട് ബസ് നിർത്താൻ പറഞ്ഞെങ്കിലും ഡ്രൈവർ നിർത്തിയില്ല. ഇതോടെ ബസിന് മുന്നിൽ കയറി. ഈ സമയം ബസ് ഡ്രൈവർ ഹോണടിച്ചു ഭയപ്പെടുത്തുകയായിരുന്നു. പരീക്ഷയ്ക്ക് പോകേണ്ടതിനാൽ പിന്നീട് ഇതിന് പിന്നാലെ പോകാതെ പരീക്ഷാ സെന്ററിലേക്ക് പോയി. ഇതാണ് ഇന്നലെ സംഭവിച്ചത്.

ഹരിപ്പാട് ഡിപ്പോയിലെ ബസായിരുന്നു ഇത്. ബസിലെ ജീവനക്കാർ യുവാവ് ബസിന് മുന്നിൽ കയറി ബൈക്കോടിക്കുന്ന ദൃശ്യങ്ങൾ പകർത്തി വാട്ട്സാപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിച്ചു. ഇതോടെയാണ് ഇന്ന് രാവിലെ മുതൽ യുവാവ് കെ.എസ്.ആർ.ടി.സി ബസിന് മുന്നിൽ കയറി അഭ്യാസം കാട്ടി യാത്ര തടസപ്പെടുത്തി എന്ന രീതിയിൽ വാർത്ത പ്രചരിക്കാൻ തുടങ്ങിയത്. ഇതിന്റെ സത്യാവസ്ഥ തേടി മറുനാടൻ പോയപ്പോഴാണ് വിദ്യാർത്ഥിയായ പ്രിൻസ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. പ്രചരിക്കുന്ന ദൃശ്യങ്ങളിൽ യുവാവ് യാതൊരുവിധ അഭ്യാസങ്ങളും റോഡിൽ കാണിക്കുന്നതായി കാണാൻ കഴിയുന്നില്ല. ബസിന്റെ മുന്നിൽ കയറി പോകുന്നത് മാത്രമേ ദൃശ്യങ്ങളിൽ കാണാൻ കഴിയൂ. കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർ കാണിച്ച നിയമലംഘനം ചോദ്യം ചെയ്യാൻ ശ്രമിക്കുക മാത്രമാണ് പ്രിൻസ് ചെയ്തത്.

അതേ സമയം കൈ.എസ്.ആർ.ടി.സി ബസ് അപകടകരമായ രീതിയിലാണ് പോകുന്നതെന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകും. റോഡിന്റെ മധ്യഭാഗത്തുള്ള വര കഴിഞ്ഞ് വലതു വശം ചേർന്ന് വളരെ വേഗത്തിൽ പോകുന്നതായാണ് കാണാൻ കഴിയുന്നത്. എതിരെ വരുന്ന വാഹനങ്ങൾ വശത്തേക്ക് ഒതുക്കുന്നതും കാണാം. കാവനാടു മുതൽ റോഡിൽ വലിയ തിരക്കുള്ള സ്ഥലമാണ്. അതിനാൽ ഇവിടെ വേഗപരിധിയുമുണ്ട്. ഇതെല്ലാം മറികടന്നാണ് കെ.എസ്.ആർ.ടി.സി ബസിന്റെ യാത്രയും.