കോഴിക്കോട്: കേരളത്തിലെ തൊഴിലാളി സംഘടനകൾ ഒരു പ്രസ്ഥാനത്തെ തകർക്കുന്നത് എങ്ങനെയാണെന്ന് കാണണം എങ്കിൽ അതിന് കെഎസ്ആർടിസിയെ നോക്കണം. പണിയെടുക്കാതെ കൊടിപിടിക്കുന്നവരാണ് ഇവിടെ ഭരണം നടത്തുന്നത്. കോടികൾ അഴിമതി നടത്തിയവർക്ക് വലിയ സ്വീകാര്യതയാണ് ഈ പ്രസ്ഥാനത്തിൽ. എന്നാൽ, നന്നാക്കാൻ ഇറങ്ങിത്തിരിച്ചവരെ പിടയടച്ച് പിണ്ഡം വെക്കുകയും ചെയ്യും. ഇതാണ് ആനവണ്ടിക്ക് നിരന്തരമായി അള്ളുവീഴാൻ കാരണവും.

പലപ്പോഴും തൊഴിലാളികളുടെ അപ്രതീക്ഷിത സമരം മൂലം ലക്ഷങ്ങളുടെ നഷ്ടം കോർപ്പറേഷന് ഉണ്ടായിട്ടുണ്ട്. ഈ നഷ്ടം ഈടാക്കാൻ ആരും ശ്രമിക്കാറില്ല. അങ്ങനെയിരിക്കേയാണ് കെഎസ്ആർടിസിയിലെ തൊഴിലാളി സംഘടനകൾ പണിമുടക്കു നടത്തിയ ദിവസത്തെ ശമ്പളവും വാരിക്കോരി നൽകാൻ തീരുമാനിച്ചിരിക്കുന്നത്. പണി മുടക്കിയ ഫെബ്രുവരി 23, മാർച്ച് 2 എന്നീ ദിവസങ്ങളിലെ ശമ്പളം നൽകാനാണ് തീരുമാനം.

സമര ദിനങ്ങളിൽ സർക്കാർ ജീവനക്കാർക്കു ശമ്പളത്തോടെ അവധി അനുവദിച്ചുകൊണ്ടുള്ള സർക്കാരിന്റെ മറ്റൊരു ഉത്തരവ് ഇക്കഴിഞ്ഞ ഫെബ്രുവരി രണ്ടിനു ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നിക്കം. ശമ്പള പരിഷ്‌കരണം നടപ്പാക്കുക, സ്വിഫ്റ്റ് കമ്പനിക്കു ദീർഘദൂര സർവീസുകൾ കൈമാറാനുള്ള തീരുമാനം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഫെബ്രുവരി 23ലെ പണിമുടക്ക്.

ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ചു മാർച്ച് രണ്ടിനു നടത്തിയ വാഹന പണിമുടക്കിൽ കെഎസ്ആർടിസി സംഘടനകളും പങ്കെടുത്തു. ഈ ദിവസങ്ങളിൽ ജോലിക്ക് എത്താത്തവരിൽ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയവർക്കു മാത്രം അവധി അനുവദിക്കാനാണ് ആദ്യം നിർദേശിച്ചിരുന്നത്. എന്നാൽ ഈ ദിവസങ്ങളിലെ ശമ്പളം തടഞ്ഞുവയ്‌ക്കേണ്ടെന്നാണു പുതിയ തീരുമാനം.

ഹാജർ ക്രമീകരിക്കാനായി രണ്ടു ദിവസങ്ങളും തീർപ്പാക്കാത്ത അവധിയായി കണക്കാക്കും. ഈ ദിവസങ്ങളിലെ ശമ്പളം സർക്കാർ ഉത്തരവു വരുന്ന മുറയ്ക്ക് ക്രമീകരിച്ചു നൽകും. ശമ്പളം തിരിച്ചുപിടിക്കാനുള്ള തീരുമാനമെടുക്കേണ്ടി വന്നാൽ അടുത്ത ശമ്പളത്തിൽനിന്നു തിരിച്ചടയ്ക്കാനും തീരുമാനമുണ്ട്.

ചുരുക്കത്തിൽ കോർപ്പറേഷന് നഷ്ടമുണ്ടാക്കിയവർക്ക് പോക്കറ്റ് മണി ഇട്ടുകൊടുക്കുന്ന പരിപാടിയാണ് കെഎസ്ആർടിസി ചെയ്യുന്നത്. പിന്നെ എങ്ങനെ ഈ പ്രസ്ഥാനം നന്നാകും എന്ന ചോദ്യമാണ് പൊതുവേ ഉയരുന്നത്.