തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി.യും കേരള ട്രാൻസ്‌പോർട്ട് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷനും കൂട്ടുചേർന്ന് നടത്തിയ വാണിജ്യസമുച്ചയ ഇടപാടുകൾ സംബന്ധിച്ച വിവാദം ക്ലൈമാക്‌സിലേക്ക്.നീണ്ട പത്തുവർഷത്തിന് ശേഷം നിർമ്മാണം സംബന്ധിച്ച കരാറുകളിൽ ഒപ്പിടാൻ തിരുമാനം.കെ.ടി.ഡി.എഫ്.സി.ക്ക് 350 കോടി രൂപനൽകി നൽകി വാണിജ്യസമുച്ചയങ്ങൾ ഏറ്റെടുക്കുന്നതും സർക്കാർ പരിഗണനയിലുണ്ട്. ഇതിന്റെ ഭാഗമായാണ് ഇരുസ്ഥാപനങ്ങളും കരാറിലെത്തുന്നത്.

ഭൂഉടമയായ കെ.എസ്.ആർ.ടി.സി.യുമായി കരാറിൽ ഏർപ്പെടാതെയായിരുന്നു കെ.ടി.ഡി.എഫ്.സി. കെട്ടിടങ്ങൾ നിർമ്മിച്ചത്. ഷോപ്പിങ് കോംപ്ലക്‌സ് നിർമ്മിച്ച് വാടകയ്ക്കു നൽകി മുടക്കുമുതൽ ഈടാക്കി ഭൂഉടമയ്ക്ക് കെട്ടിടം തിരികെ കൈമാറുന്ന ബി.ഒ.ടി. വ്യവസ്ഥ നിർദേശിച്ചിരുന്നെങ്കിലും ഇത് രേഖയിൽ ഇല്ലായിരുന്നു. വാണിജ്യസമുച്ചയങ്ങൾ ഉയർന്ന് വർഷങ്ങൾ കഴിഞ്ഞതോടെയാണ് തർക്കം രൂക്ഷമായത്. ഇരുസ്ഥാപനങ്ങളും തമ്മിലുള്ള വായ്പാ തിരിച്ചടവിലെ പൊരുത്തക്കേടും ബന്ധം മോശമാക്കി.

കെട്ടിടങ്ങളുടെ നിർമ്മാണം പൂർത്തിയായെങ്കിലും കൃത്യസമയത്ത് വാടകയ്ക്ക് കൊടുക്കാൻ കഴിയാഞ്ഞത് പ്രതിസന്ധി ഇരട്ടിയാക്കി. ഭൂമി വിട്ടുകൊടുത്ത കെ.എസ്.ആർ.ടി.സി.ക്കും ഇടപാടിൽ കൈപൊള്ളി. ബസ്സ്റ്റാൻഡിന് അനുയോജ്യമായ രീതിയിലായിരുന്നില്ല പല കെട്ടിടങ്ങളും നിർമ്മിച്ചത്. പരസ്യം പതിക്കുന്നതു സംബന്ധിച്ചും തർക്കമുണ്ടായി. പരസ്യബോർഡ് തറയിൽ ഉറപ്പിച്ചാൽ കെ.എസ്.ആർ.ടി.സി. വാടക പിരിക്കും. കെട്ടിടത്തിലാണെങ്കിൽ കെ.ടി.ഡി.എഫ്.സി.യും. ഇങ്ങനെ വ്യക്തമായ കരാറിന്റെ അഭാവം ഉണ്ടാക്കിയ പ്രശ്‌നം ചെറുതല്ല.

ഇതിനുപുറമെ ഷോപ്പിങ് കോംപ്ലക്‌സുകളിൽ ബസ്സ്റ്റാൻഡിന് അനുവദിച്ച സ്ഥലം അനുയോജ്യമല്ലെന്ന പരാതി കെ.എസ്.ആർ.ടി.സി.ക്കുണ്ട്. യാത്രക്കാർക്ക് കൂടുതൽ സൗകര്യം നൽകുംവിധം സ്റ്റാൻഡുകൾ പുനഃക്രമീകരിക്കും. കരാറിൽ ഏർപ്പെടുന്നതോടെ ഇതിലെല്ലാം പരിഹാരമാകും.തിരുവനന്തപുരം, തിരുവല്ല, അങ്കമാലി, കോഴിക്കോട് എന്നിവിടങ്ങളിലാണ് 2008-12 കാലത്ത് കെ.ടി.ഡി.എഫ്.സി. വാണിജ്യസമുച്ചയങ്ങൾ നിർമ്മിച്ചത്.