പാലക്കാട്: കെ എസ് യു പ്രവർത്തകർ പാലക്കാട് പി എസ് സി ഓഫീസ് പൂട്ടിയിട്ടു. പിഎസ് സി നിയമനവുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത് നടക്കുന്ന പ്രതിഷേധ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചായിരുന്നു പാലാക്കാടെ പി എസ് സി ഓഫീസിലേക്ക് പ്രവർത്തകർ മാർച്ച് നടത്തിയത്. ജോലിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ അരമണിക്കൂറോളമാണ് കെ എസ് യു പ്രവർത്തകർ പൂട്ടിയിട്ടത്. പൊലീസ് എത്തിയാണ് ഇവരെ മോചിപ്പിച്ചത്.

പൊലീസ് എത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് മാറ്റിയ ശേഷം പൂട്ട് പൊളിച്ചാണ് ജീവനക്കാരെ പുറത്തേക്ക് എത്തിച്ചത്. പിഎസ് സി-പിണറായി സരിത കമ്മീഷനാണെന്ന പോസ്റ്റർ ഓഫീസിൽ പതിച്ച പ്രതിഷേധക്കാർ ഗേറ്റിന് മുന്നിൽ കുത്തിയിരുന്നും പ്രതിഷേധ മുദ്രാവാക്യം വിളിച്ചു. അതേസമയം,കെ.എസ്.യുവിന്റെ സെക്രട്ടേറിയറ്റ് മാർച്ചിൽ പൊലീസും കെ.എസ്.യു പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.

സെക്രട്ടറിയേറ്റിന്റെ മതിൽ ചാടിക്കടക്കാൻ ശ്രമിച്ച കെ.എസ്.യു പ്രവർത്തകരെ പൊലീസ് തടഞ്ഞു. പൊലീസിനു നേരെ കെ.എസ്.യു പ്രവർത്തകർ കല്ലെറിഞ്ഞു. സമരപന്തലിലുണ്ടായിരുന്ന കസേരയും ബക്കറ്റുമെടുത്ത് സെക്രട്ടറിയേറ്റ് വളപ്പിനുള്ളിലെ പൊലീസുകാർക്ക് നേരെ വലിച്ചെറിഞ്ഞു. തുടർന്ന് പൊലീസ് ലാത്തിവീശുകയായിരുന്നു. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അഭിജിത്തിനും നിരവധി പ്രവർത്തകർക്കും പരിക്കേറ്റു. വൈസ് പ്രസിഡന്റ് സ്‌നേഹ ഉൾപ്പെടെയുള്ള വനിതാ പ്രവർത്തർക്കും പരിക്കേറ്റിട്ടുണ്ട്.

സമാധാനപരമായി മാർച്ച് അവസാനിപ്പിച്ച് തിരിച്ചുപോവാൻ നോക്കുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്ന് കെ.എസ്.യു നേതാക്കൾ ആരോപിച്ചു. നെയിം ബോർഡ് പോലുമില്ലാത്ത പൊലീസുകാരാണ് പ്രവർത്തകരെ ആക്രമിച്ചത്. അവർ യഥാർഥ പൊലീസല്ലെന്നും യൂണിഫോം ധരിച്ചെത്തിയ ഡിവൈഎഫ്‌ഐ പ്രവർത്തകരാണെന്നും നേതാക്കൾ പറഞ്ഞു.