കൊച്ചി: സ്വർണക്കടത്തിനിടെ ചർച്ചയായ മതഗ്രന്ഥ വിതരണത്തിൽ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. യു.എ.ഇ. കോൺസുലേറ്റിലേക്ക് നയതന്ത്ര ബാഗേജിലൂടെ എത്തിച്ചെന്നു പറയുന്ന മതഗ്രന്ഥങ്ങളുടെ എണ്ണത്തിലും തൂക്കത്തിലും പൊരുത്തക്കേടുണ്ടെന്നാണ് സൂചന. ഈ സംശയത്തിൽ കസ്റ്റംസ് അന്വേഷണം തുടങ്ങി. മന്ത്രി കെ ടി ജലീലിനെ കുടുക്കാൻ സാധ്യതയുള്ളതാണ് ഈ അന്വേഷണം.

യു.എ.ഇ. കോൺസുലേറ്റിലേക്ക് കോൺസുൽ ജനറലിന്റെ പേരിൽ മാർച്ച് നാലിനുവന്ന നയതന്ത്ര ബാഗേജിന് എയർവേ ബില്ലിൽ 4478 കിലോ തൂക്കമെന്നാണ് രേഖപ്പെടുത്തിയിരുന്നത്. 250 പായ്ക്കറ്റുകളാണ് ഉണ്ടായിരുന്നത്. അങ്ങനെയെങ്കിൽ ഒരു പായ്ക്കറ്റിന് 17.912 കിലോയുണ്ടാവും. മന്ത്രി ജലീൽ സൂക്ഷിച്ച പായ്ക്കറ്റുകളിൽനിന്ന് ശേഖരിച്ച ഒരു സാംപിൾ മതഗ്രന്ഥത്തിന്റെ തൂക്കം കസ്റ്റംസ് അളന്നപ്പോൾ 576 ഗ്രാമാണ്. ഇതനുസരിച്ചാണെങ്കിൽ ഒരു പായ്ക്കറ്റിന് 17.856 കിലോ തൂക്കവും അതിൽ 31 മതഗ്രന്ഥങ്ങളും കണ്ടേക്കാമെന്നാണ് കസ്റ്റംസ് പറയുന്നതെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നത്.

ബില്ലിൽ രേഖപ്പെടുത്തിയ തൂക്കവും കസ്റ്റംസിന്റെ സാംപിൾ പരിശോധനയുടെ തൂക്കവുമനുസരിച്ച് നോക്കുമ്പോൾ രണ്ടും തമ്മിൽ 14 കിലോയുടെ വ്യത്യാസമുണ്ട്. വന്നത് മുഴുവൻ മതഗ്രന്ഥമാണെന്ന് വിശ്വസിച്ചാലും അധികമുള്ള 14 കിലോ എന്താണെന്നതിൽ സംശയമുണ്ട്. ഇതാണ് അന്വേഷിക്കുന്നത്. ഇത് സ്വർണ്ണമാകാനുള്ള സാധ്യതയിലേക്കാണ് അന്വേഷണം. മന്ത്രി ജലീൽ മലപ്പുറത്തെത്തിച്ച പായ്ക്കറ്റുകളിൽ 992 മതഗ്രന്ഥങ്ങളാണെന്നാണു സൂചന. എയർവേ ബില്ലിലെ തൂക്കമനുസരിച്ച് മതഗ്രന്ഥങ്ങളാണെങ്കിൽ 7750 എണ്ണമാവും എത്തിയിരിക്കുക. ബാക്കി 6758 എണ്ണം എവിടെയെന്നാണ് കസ്റ്റംസ് അന്വേഷിക്കുന്നത്. ഇത് അന്വേഷണത്തിൽ അതിനിർണ്ണായകമാകും.

250 പായ്ക്കറ്റുകളിൽ 32 എണ്ണം സി-ആപ്റ്റിന്റെ ഓഫീസിലെത്തിച്ചു. ഇതാണ് സി-ആപ്റ്റ് വാഹനത്തിൽ മലപ്പുറത്തെ രണ്ടു സ്ഥാപനങ്ങളിൽ എത്തിച്ചതെന്ന് മന്ത്രി ജലീൽ അവകാശപ്പെടുന്നത്. ഇതിലെ നയതന്ത്ര വിഷയങ്ങൾ ജലീലിനെ കുടുക്കിലാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് തുക്കത്തിലെ തെളിവുകൾ. ഈ പാക്കറ്റുമായി ബന്ധപ്പെട്ട് നിർണ്ണായക വിവരങ്ങൾ സ്വപ്‌ന നൽകിയിട്ടുണ്ടെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് തെളിവുകൾ തേടിയുള്ള ദേശീയ ഏജൻസികളുടെ യാത്ര. കസ്റ്റംസിനൊപ്പം എൻഐഎയും ഇക്കാര്യം പരിശോധിക്കുന്നുണ്ട്. ജലീലിനെ ചോദ്യം ചെയ്യാനുള്ള സാധ്യത എൻഐഎ തള്ളികളയുന്നില്ല.

കേന്ദ്രാനുമതിയില്ലാതെ കോൺസുലേറ്റിനുപോലും മതഗ്രന്ഥങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുവരാനോ വിതരണംചെയ്യാനോ കഴിയില്ലെന്നു വ്യക്തമായിട്ടുണ്ട്. അതിനിടെ, കോൺസുലേറ്റിൽനിന്നുള്ള ഇത്തരം ഇടപാടുകൾക്ക് താൻ കമ്മിഷൻ കൈപ്പറ്റിയിരുന്നതായി സ്വപ്നാ സുരേഷ് അന്വേഷണ ഏജൻസികൾക്ക് മൊഴി നൽകിയിട്ടുണ്ട്. മതഗ്രന്ഥങ്ങൾ എല്ലാ വർഷവും യു.എ.ഇ. എംബസികളും കോൺസുലേറ്റുകളും ലോകത്തെല്ലാ രാജ്യങ്ങളിലും റംസാനോടനുബന്ധിച്ച് വിതരണം ചെയ്യാറുള്ളതാണെന്നാണ് മന്ത്രി ജലീൽ ഫേസ്‌ബുക്കിലൂടെ വ്യക്തമാക്കിയത്. വിതരണം ചെയ്യരുതെന്നാണ് കേന്ദ്ര നിലപാടെങ്കിൽ അവ കോൺസുലേറ്റിനെ തിരിച്ചേൽപ്പിക്കാൻ തയ്യാറാണെന്നും ജലീൽ വ്യക്തമാക്കിയിരുന്നു.

ഇതരരാജ്യത്തിന് ഇവിടെ മതഗ്രന്ഥങ്ങൾ വിതരണംചെയ്യാൻ വിദേശ-ആഭ്യന്തര മന്ത്രാലയങ്ങളിലേക്ക് വിവരമറിയിച്ച് മുൻകൂർ അനുമതിതേടണം. കേരളസർക്കാരിനെ ഔദ്യോഗികമായി അറിയിക്കുകയും വേണം. രണ്ടുവർഷത്തിനിടെ നയതന്ത്ര ബാഗേജുകൾക്കൊന്നും യു.എ.ഇ. കോൺസുലേറ്റിന് അനുമതി നൽകിയിട്ടില്ലെന്ന് പ്രോട്ടോകോൾ ഓഫീസറും വ്യക്തമാക്കിയിരുന്നു. ഇതെല്ലാം ജലീലിന് കുരുക്കായി മാറും. ഇതിനിടെയാണ് പാഴ്‌സലിന്റെ തൂക്കത്തിലെ അസ്വാഭവികതയും കസ്റ്റംസ് കണ്ടെത്തുന്നത്.

തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിൽ ഖുറാൻ എത്തിച്ചു എന്ന് കസ്റ്റംസ് രേഖകൾ വ്യക്തമാക്കുന്നുണ്ട്. ഡിപ്ലോമാറ്റിക് കാർഗോ വഴിയാണ് വിശുദ്ധഗ്രന്ഥം എത്തിച്ചതെന്നും കസ്റ്റംസ് രേഖ സാക്ഷ്യപ്പെടുത്തുന്നു. മന്ത്രി കെടി ജലീൽ റമദാൻ കിറ്റായി നൽകിയത് ഇവയാണോ എന്ന് വ്യക്തമല്ല. സിആപ്റ്റിലെ വാഹനത്തിൽ എത്തിച്ച ഖുറാൻ എടപ്പാളിലും ആലത്തിയൂരിലും സൂക്ഷിച്ചിട്ടുണ്ടെന്ന് കെടി ജലീൽ തന്റെ ഫേസ്‌ബുക്ക് പേജിൽ കുറിച്ചിരുന്നു. മാർച്ച് ആറിന് യുഎഇയിൽ നിന്ന് 250 പാക്കറ്റുകൾ എത്തിയെന്നാണ് കസ്റ്റംസ് രേഖകൾ തെളിയിക്കുന്നത്. അതിൽ വിശുദ്ധ ഗ്രന്ഥം ഉണ്ടെന്നും രേഖകൾ സൂചിപ്പിക്കുന്നു.

'യുഎഇ കോൺസുലേറ്റ് അയച്ച വിശുദ്ധ ഖുർആൻ അടങ്ങുന്ന പാക്കറ്റുകൾ, എടപ്പാളിലും ആലത്തിയൂരിലുമുള്ള രണ്ടു സ്ഥാപനങ്ങളിൽ ഭദ്രമായി ഇരിപ്പുണ്ട്. ആർക്കും എപ്പോൾ വേണമെങ്കിലും അവ പരിശോധിക്കാവുന്നതാണ്. (എടപ്പാൾ, പന്താവൂർ അൽ-ഇർഷാദ് - 9037569442 . ആലത്തിയൂർ ഖുർആൻ അക്കാദമി - 9746941001). UAE കോൺസൽ ജനറൽ, മെയ് 27 ന്, ഭക്ഷണക്കിറ്റുകളും ഖുർആൻ കോപ്പികളും ഉണ്ടെന്നും അവ നൽകാൻ സ്ഥലങ്ങളുണ്ടോ എന്നും ആരാഞ്ഞ് എനിക്കയച്ച സന്ദേശത്തിന്റെ സ്‌ക്രീൻ ഷോട്ടും ഇതോടൊപ്പം ഇമേജായി ചേർക്കുന്നുണ്ട്.'- തന്റെ ഫേസ്‌ബുക്ക് പേജിൽ കെടി ജലീൽ കുറിച്ചത് ഇങ്ങനെയായിരുന്നു.