കൊച്ചി: ഫ്ളാറ്റിൽ പൂട്ടിയിട്ടപ്പോൾ രക്ഷപ്പെടാൻ ചാടിയ സ്ത്രീ മരിച്ച സംഭവത്തിൽ കേസെടുക്കുമെന്ന് പൊലീസ്. അതിനിടെ കേസ് ഇല്ലായ്മ ചെയ്യാനുള്ള ഒത്തുതീർപ്പ് നീക്കവും സജീവമാണ്. എഫ്‌ഐആറിൽ ഫ്‌ളാറ്റ് ഉടമ ഇംതിയാസ് അഹമ്മദിന്റെ പേര് ചേർത്ത് തുടർനടപടി സ്വീകരിക്കും. പോസ്റ്റുമോർട്ടം റിപ്പോർട്ടും ഇൻക്വസ്റ്റ് റിപ്പോർട്ടും കൂടി കിട്ടിയ ശേഷം കൂടുതൽ വകുപ്പുകൾ ചേർക്കുന്നതും പരിഗണിക്കും. ഇക്കഴിഞ്ഞ നാലാം തിയ്യതിയാണ് സേലം സ്വദേശി ശ്രീനിവാസന്റെ ഭാര്യ കുമാരിയെ മറൈൻ ഡ്രൈവിലെ ലിങ്ക് ഹൊറൈസൻ ഫ്‌ളാറ്റിന് താഴെ വീണ് രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെയോടെയാണ് കുമാരി മരിച്ചത്.

അഭിഭാഷകനായ ഇംത്യാസ് അഹമ്മദിന്റെ ഫ്‌ളാറ്റിൽ വീട്ടുജോലിക്കാരിയായ കുമാരി അദ്ദേഹത്തിൽ നിന്ന് 10000 രൂപ അഡ്വാൻസ് വാങ്ങിയിരുന്നു. അടിയന്തര ആവശ്യത്തിന് വീട്ടിൽ പോകാൻ അനുവാദം ചോദിച്ചപ്പോൾ അഡ്വാൻസ് തിരിച്ച് നൽകാതെ പോകാൻ പറ്റില്ലെന്ന് പറഞ്ഞ് പൂട്ടിയിട്ടെന്ന് പരാതിക്കാരൻ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ആദ്യ ഘട്ട ചോദ്യം ചെയ്യലിൽ താൻ കുമാരിയെ തടഞ്ഞുവിച്ചിട്ടില്ലെന്നാണ് ഇംത്യാസും ഭാര്യയും മൊഴി നൽകിയിട്ടുള്ളത്. എന്നാൽ ബന്ധുക്കൾ വിശദീകരിക്കുന്നത് മറിച്ചാണ്. ബുറെവി ചുഴലിക്കാറ്റ് ആഞ്ഞടിച്ചതോടെ തമിഴ്‌നാട് ഭീതിയിലായി. കുമാരിയുടെ ഭർത്താവിന് കാഴ്ച പരിമിതനായ വ്യക്തിയാണ്. താൻ വീട്ടിൽ ഒറ്റപ്പെട്ടുവെന്നും ഉടൻ വരണമെന്നും ഭാര്യയോട് ആവശ്യപ്പെട്ടു. എന്നാൽ വീടുടമ വിട്ടില്ല. തരാനുള്ള പണം നൽകിയിട്ട് പോയാൽ മതിയെന്ന് ആവശ്യപ്പെട്ടു. ഇതേ തുടർന്നാണ് പുറത്തു നിന്ന് പൂട്ടിയിട്ടിരുന്ന മുറിയിൽ നിന്ന് കുമാരി സാരി വഴി താഴേക്കിറങ്ങാൻ ശ്രമിച്ചത്.

ഭർത്താവിന് അടുത്തെത്തുകയായിരുന്നു ലക്ഷ്യം. ഉടൻ എത്തിയില്ലെങ്കിൽ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമുണ്ടെന്ന് കുമാരിയുടെ ഭർത്താവ് അവരെ ഫോണിലൂടെ അറിയിച്ചിരുന്നു. ഇതോടെയാണ് എങ്ങനേയും ഫ്‌ളാറ്റിൽ നിന്ന് പുറത്തിറങ്ങാൻ സാഹസിക മാർഗ്ഗം കുമാരി തേടിയത്. ഇതാണ് മരണത്തിൽ കലാശിച്ചത്. എന്നാൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന കുമാരിയുടെ മൊഴി പൊലീസ് എടുത്തിട്ടില്ല. അതുകൊണ്ട് തന്നെ മരണമൊഴിയും ഇല്ലാതെയായി. അതീവ ഗുരുതരാവസ്ഥയിൽ ആയതു കൊണ്ടാണ് കുമാരിയുടെ മൊഴി പൊലീസ് എടുക്കാത്തത്. ഈ സാഹചര്യത്തിൽ ബന്ധുക്കൾ നിലപാട് മാറ്റിയാൽ കേസ് തന്നെ അപ്രസക്തമാകും. ഇതിനുള്ള നീക്കങ്ങളും കൊച്ചിയിൽ നടക്കുന്നതായാണ് സൂചന.

സേലം സ്വദേശിയായ കുമാരി എന്ന 55 കാരിയാണ് മരിച്ചത്. കൊച്ചി മറൈൻഡ്രൈവിലെ ലിങ്ക് ഹൊറൈസൺ ഫ്ളാറ്റിൽ നിന്നാണ് കുമാരി വീണത്. മുൻ ഹൈക്കോടതി ജഡ്ജിയുടെ മകന്റെ വീട്ടിലെ ജോലിക്കാരിയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചതെന്നതു കൊണ്ടു തന്നെ കുമാരി ചികിൽസയിലായിരുന്ന ലേക് ഷോറും പ്രത്യേക സംവിധാനങ്ങൾ ഒരുക്കുന്നുണ്ട്. ഹൈക്കോടതിയിലെ പ്രബലനായ അഭിഭാഷകനായ അഡ്വ.ഇംതിയാസ് അഹമ്മദ് ആണ് ഫ്ളാറ്റുടമ. മാധ്യമങ്ങൾക്ക് പോലും ആശുപത്രിയിൽ വിലക്കുകൾ ഏർപ്പെടുത്തുന്നു. പരസ്യ പ്രതികരണത്തിന് കുമാരിയുടെ കുടുംബവും തയ്യാറല്ല.

കുമാരി ഫ്ളാറ്റിന്റെ ആറാം നിലയിൽ നിന്ന് സാരികൾ കെട്ടിത്തൂക്കി ഊർന്നിറങ്ങി രക്ഷപ്പെടാൻ ശ്രമിക്കൂമ്പോഴാണ് അപകടമുണ്ടായത്. ഫ്‌ളാറ്റിൽ നിന്ന് രക്ഷപെടാൻ ശ്രമിച്ചപ്പോൾ അപകടത്തിൽ പെട്ടതായിരിക്കാമെന്ന് കരുതുന്നതായി എറണാകുളം നോർത്ത് എസിപി ലാൽജി പറഞ്ഞിരുന്നു. വീട്ടുജോലിക്കാരി സാരിയിൽ കെട്ടിത്തൂങ്ങി പുറത്തിറങ്ങാൻ മുതിർന്നത് എന്തിനാണെന്നാണ് അന്വേഷണം. ഫ്ളാറ്റുടമയ്ക്കെതിരെ കൊലക്കേസ് എടുക്കണമെന്ന ആവശ്യം കുമാരിയുടെ മരണത്തോടെ ശക്തമാണ്. എന്നാൽ ഇതിന്റെ വിവിധ വശങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്.

കഴിഞ്ഞ ശനിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് മറൈൻ ഡ്രൈവിലെ ലിങ്ക് ഹൊറൈസൺ ഫ്‌ളാറ്റിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ കുമാരി താഴേക്ക് ചാടിയത്. ഫ്‌ളാറ്റിന്റെ ആറാം നിലയിൽ നിന്ന് സാരി തെട്ടിയിട്ട് അതിൽ തൂങ്ങി താഴേക്ക് ചാടുകയായിരുന്നു. താഴെ വീണ് ഗുരുതരാവസ്ഥയിലായ ഇവരെ പ്രദേശവാസികൾ ചേർന്ന് എറണാകുളം ജനറൽ ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നില ഗുരുതരമായി തുടരുന്നതിനിടെയാണ് ഇന്ന് മരണം സംഭവിച്ചത്.

ഫ്‌ളാറ്റുടമ ഇംതിയാസ് അഹമ്മദ്, ഫ്‌ളാറ്റ് അസോസിയേഷൻ സെക്രട്ടറി കൂടിയാണ്. വീട്ടുജോലിക്കാരി കിടന്നുറങ്ങിയിരുന്ന മുറി തുറക്കാതിരുന്നതിനെ തുടർന്ന് വാതിൽ തുറന്ന് നോക്കിയപ്പോൾ ആളെ കണ്ടില്ലെന്നും പിന്നീട് താഴെ വീണ് കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു എന്നുമാണ് ഇംതിയാസ് പൊലീസിനോട് പറഞ്ഞിരിക്കുന്നത്.

കുമാരി കഴിഞ്ഞ കുറച്ചുകാലമായി ഫ്‌ളാറ്റുടമയായ ഇംതിയാസ് അഹമ്മദിന്റെ വീട്ടിൽ ജോലി ചെയ്ത് വരികയായിരുന്നു. കോവിഡ് ലോക്ക്ഡൗൺ തുടങ്ങിയ ശേഷം നാട്ടിലേക്ക് മടങ്ങിയ ഇവർ 11 ദിവസം മുമ്പ് മാത്രമാണ് തിരികെ ജോലിയിൽ പ്രവേശിച്ചത്. ചാടുന്ന സമയത്ത് ഇവർ താമസിച്ചിരുന്ന മുറി അകത്ത് നിന്ന് പൂട്ടിയിരുന്നുവെന്നും പൊലീസ് പറയുന്നു. കുമാരിയുടെ ഭർത്താവ് ശ്രീനിവാസന്റെ മൊഴി പ്രകാരമാണ് സെൻട്രൽ പൊലീസ് കേസെടുത്തിരിക്കുന്നത്. കേസെടുത്തിരിക്കുന്നത് കൃത്യമായ വകുപ്പുകൾ പ്രകാരമല്ലെന്നതും വിവാദമായിട്ടുണ്ട്. എഫ് ഐ ആറിൽ ഫ്ളാറ്റുടമയുടെ പേരു പോലുമില്ല.

ഇംതിയാസ് അഹമ്മതിന്റെ പിതാവ് ഹൈക്കോടതിയിലെ മുൻ ജഡ്ജി മുഹമ്മദ് ഷാഫിയാണ്. ഇംതിയാസിന്റെയും ഭാര്യ ഖമറുന്നീസയുടെയും പേരിൽ 10 വർഷം മുമ്പ് സമാനമായ കേസുണ്ടായിരുന്നു. 11 വയസുകാരിയായ ജോലിക്കാരിയെ ശാരീരികമായി പീഡിപ്പിച്ചെന്നായിരുന്നു കേസ്.അമിതമായിജോലി ചെയ്യിക്കുന്നു, ദോഹം പൊള്ളിക്കുന്നു തുടങ്ങിയ പരാതികൾ ഉയർന്ന കേസും അട്ടിമറിക്കപ്പെട്ടിരുന്നു