കുമളി: 11 മാസമായി തുടർന്നിരുന്നത് ലിവിങ് ടുഗതർ ലൈഫ്. വാർക്കപ്പണിക്കു പോയിരുന്ന സൈറ്റിലെ ചുള്ളനിൽ പങ്കാളിക്ക് താൽപര്യം തുടങ്ങിയപ്പോൾ തന്നെ തഴഞ്ഞു. വിവരം വെളിപ്പെടുത്തിയപ്പോൾ എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും വകവച്ചില്ല. പങ്കാളിയുടെ കാമുകൻ ഭാര്യയെ ഉപേക്ഷിക്കുന്നതിന് നീക്കം തുടങ്ങിയതറിഞ്ഞപ്പോൾ ജീവിക്കാൻ വിടില്ലന്നുറപ്പിച്ചു. പിന്നെ അവസരം കാത്തിരുന്ന് ജീവനെടുത്തു.

കുമളിയിൽ 35 കാരി ഉമാമഹേശ്വരിയെ(റസിയ) കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ ഒപ്പം താമസിച്ചിരുന്ന ഈശ്വരൻ കൊലചെയ്യാൻ ഇടയാക്കിയ കാരണങ്ങളെക്കുറിച്ച് പൊലീസിനോടുവെളിപ്പെടുത്തിയ വിവരങ്ങൾ ഇങ്ങിനെ. ഇശ്വരനുും പങ്കാളി റസിയയും (ഉമാമഹേശ്വരി) കഴിഞ്ഞ 11 മാസമായി ഒരുമിച്ച് താമസിച്ചുവരികയായിരുന്നു. കെട്ടിടനിർമ്മാണ സൈറ്റുകളിലാണ് ഇരുവരും ജോലിചെയ്തിരുന്നത്. ഒരുമിച്ച് താമസം തുടങ്ങിയ ആദ്യകാലത്ത് ഇരുവരും നല്ല സൗഹൃദത്തിലാണ് കഴിഞ്ഞിരുന്നത്. അടുത്തകാലത്തായി ഇവരുടെ ബന്ധത്തിൽ വിള്ളൽ വീണു.

സഹപ്രവർത്തകനുമായി റസിയ അടുപ്പം പുലർത്തിവരുന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് താൻ ഇത് ചോദ്യം ചെയ്തെന്നും ഈയവസരത്തിൽ റസിയ തന്റെ നിലപാടിനെ ചോദ്യം ചെയ്തെന്നും ഇത് വൈരാഗ്യത്തിന് കാരണമായി എന്നുമാണ് ഈശ്വരന്റെ വെളിപ്പെടുത്തൽ. റസിയയുടെ കാമുകൻ എന്ന് താൻ കരുതിയിരുന്ന സുഹൃത്ത് ഭാര്യയെ ഉപേക്ഷിക്കാൻ തീരുമാനിച്ചതായി അറിഞ്ഞു.

ഇതോടെ രണ്ടുപേരും ഒരുമിച്ച് ജീവിതം ആരംഭിക്കാൻ പോകുമെന്ന് വ്യക്തമായെന്നും ഇത് വല്ലാതെ വിഷമിപ്പിച്ചെന്നും തുടർന്നാണ് റസിയയെ കൊല്ലാൻ കരുക്കൾ നീക്കിയതെന്നുമാണ് ഈശ്വരൻ പൊലീസിൽ വെളിപ്പെടുത്തിയിട്ടുള്ളത്. ഇയാളിപ്പോൾ റിമാന്റിലാണ്. കുമളി താമരകണ്ടത്താണ് ഇവർ വാടകയ്ക്ക് താമസിച്ചിരുന്നത്. ഈശ്വരൻ വാഗമൺ കോട്ടമല സ്വദേശിയാണ്.

ആദ്യവിവാഹ ബന്ധം ഉപേക്ഷിച്ച റസിയയും ഈശ്വരനും ഒന്നിച്ചു താമസം ആരംഭിച്ചത്. റസിയയ്ക്കൊപ്പം ആദ്യ ബന്ധത്തിലെ മകനും ഉണ്ടായിരുന്നു. അടുത്ത നാളുകളിലായി റസിയയുടെ മകനെ ഈശ്വരൻ നിരന്തരം ഉപദ്രവിക്കുമായിരുന്നു. ഇത് സംബന്ധിച്ച് കുട്ടി ചൈൽഡ് ലൈനിൽ പരാതിപ്പെട്ടു. ചൈൽഡ് ലൈനിൽ നിന്ന് അന്വേഷണം ഉണ്ടായതിന്റെ പേരിൽ റസിയയും ഈശ്വരനും തെറ്റിപ്പിരിഞ്ഞിരുന്നു.

തുടർന്ന് റസിയ മറ്റൊരു വീട്ടിലേക്ക് താമസം മാറി. ഇന്നലെ രാവിലെ റസിയ താമസിക്കുന്ന സ്ഥലത്തെത്തിയ ഈശ്വരൻ ഇവരെ കുത്തി പരുക്കേൽപ്പിച്ച ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. ഉടൻ ഓടിക്കൂടിയവർ റസിയയെ കുമളിയിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി.

വിദഗ്ദ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. കൃത്യം നടത്തിയ ശേഷം സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപെട്ട ഈശ്വരനെ വാഗമണിൽ നിന്നാണ് പൊലീസ് പിടികൂടിയത്.