മലപ്പുറം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇടതുമുന്നണി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് വീട്ടിലിരുന്ന് വീക്ഷിച്ച് മുസ്ലിം ലീഗ് നേതാവും വേങ്ങര എംഎൽഎയുമായ പികെ കുഞ്ഞാലിക്കുട്ടി. ഇന്ന് അധികാരമേറ്റ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭക്ക് കുഞ്ഞാലിക്കുട്ടി അഭിനന്ദനങ്ങളറിയിക്കുകയും മുഖ്യമന്ത്രിയെ വിളിച്ച് ആശംസകൾ അറിയിക്കുകയും ചെയ്തിരുന്നു.

പ്രതിസന്ധിയുടെ ഈ കാലത്ത് ജനങ്ങൾ സർക്കാറിൽ അർപ്പിച്ച വിശ്വാസം സംരക്ഷിക്കാൻ അധികാരമേൽക്കുന്ന സർക്കാറിന് കഴിയട്ടെയെന്നും ഏറ്റവും മികച്ചതും ക്രിയാത്മകവുമായ പ്രതിപക്ഷമായി യുഡിഎഫ് ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

ഒന്നിച്ച് നിൽക്കേണ്ട വിഷയങ്ങളിൽ സർക്കാറിന് പൂർണ്ണ പിന്തുണ നൽകും. വിയോജിപ്പുകൾ ശക്തമായി രേഖപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ് ചടങ്ങ് നടന്നത്. ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമായിരുന്നു ചടങ്ങിലേക്കുള്ള പ്രവേശനം. മൂന്ന് വനിതകൾ ഉൾപ്പെടെ 17 പുതുമുഖങ്ങളാണ് രണ്ടാം പിണറായി മന്ത്രിസഭയിലുള്ളത്.

രമേശ് ചെന്നിത്തല അടക്കമുള്ള പ്രതിപക്ഷ നേതാക്കൾ സത്യപ്രതിജ്ഞ ചടങ്ങിൽ നേരിട്ട് പങ്കെടുത്തിരുന്നില്ല. മുഖ്യമന്ത്രി സത്യവാചകം ചൊല്ലുമ്പോൾ അത് തെറ്റാണെന്ന് ചെന്നിത്തല പറയുന്നതിന്റെ വീഡിയോയും ഇതിനിടെ പുറത്തുവന്നിരുന്നു 'പിണറായി വിജയനായ ഞാൻ കേരള സംസ്ഥാനത്തെ മുഖ്യമന്ത്രി എന്ന നിലയിൽ' എന്ന് പറയുമ്പോൾ അങ്ങനെയല്ല, മന്ത്രിയെന്ന നിലയിലാണ് പറയേണ്ടതെന്നാണ് ചെന്നിത്തല വീഡിയോയിൽ പറയുന്നത്.

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയടക്കം 21 മന്ത്രിമാർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. കെ രാജൻ, റോഷി അഗസ്റ്റിൻ, കെ കൃഷ്ണൻകുട്ടി, എകെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു, വി അബ്ദുറഹ്‌മൻ, ജിആർ അനിൽ, കെഎൻ ബാലഗോപാൽ, ആർ ബിന്ദു, ജെ ചിഞ്ചുറാണി, എംവി ഗോവിന്ദൻ മാസ്റ്റർ, പിഎ മുഹമ്മദ് റിയാസ്, പി പ്രസാദ്, കെ രാധാകൃഷ്ണൻ, പി രാജീവ്, സജി ചെറിയാൻ, വി ശിവൻകുട്ടി, വിഎൻ വാസവൻ, വീണ ജോർജ് എന്നിവരാണ് മുഖ്യമന്ത്രിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തത്.

മുഖ്യമന്ത്രിക്ക് പുറമെ ജെഡിഎസിലെ കെ കൃഷ്ണൻ കുട്ടി, എൻസിപിയിലെ എകെ ശശീന്ദ്രൻ, സിപിഐഎമ്മിനെ കെ രാധാകൃഷ്ണൻ എന്നിവർക്ക് മന്ത്രിസ്ഥാനം വഹിച്ച് മുൻപരിചയമുള്ളത്. മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകളുടെ കാര്യത്തിലും ഏകദേശ ധാരണയായിട്ടുണ്ട്. സത്യപ്രതിജ്ഞാചടങ്ങിന് ശേഷം വകുപ്പുവിഭജനം സംബന്ധിച്ച ഫയൽ മുഖ്യമന്ത്രി ഗവർണർക്ക് അയക്കും. ഗവർണർ അംഗീകരിക്കുന്നതോടെ വിജ്ഞാപനമിറങ്ങും.

ആഭ്യന്തരം, വിജിലൻസ്, ഐടി, പൊതുഭരണം എന്നിവ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ കൈകാര്യം ചെയ്യും. ആദ്യ മന്ത്രിസഭ യോഗവും ഇന്ന് വൈകുന്നേരം 5.30ന് നടക്കും. ഗവർണറുടെ ചായ സൽക്കാരത്തിന് ശേഷമാണ് മന്ത്രിസഭ യോഗം നടക്കുക. ജനപ്രിയ പ്രഖ്യാപനങ്ങൾ ഉണ്ടാകാനാണ് സാധ്യത. തൊഴിലവസരങ്ങൾ വർധിപ്പിക്കാനുള്ള പദ്ധതികളുടെ പ്രഖ്യാപനവും ഉണ്ടാകും.