തിരുവനന്തപുരം: പികെ കുഞ്ഞാലിക്കുട്ടിക്കെതിരായ വാട്സ്ആപ്പ് സ്റ്റാറ്റസിൽ വെട്ടിലായി മഞ്ചേരി മുൻ എംഎൽഎ എം ഉമ്മർ. കുഞ്ഞാലിക്കുട്ടിയെ ബിജെപി അനുകൂലിയാക്കി ചിത്രീകരിച്ചു കൊണ്ടുള്ള ചിത്രമാണ് ഉമ്മർ സ്റ്റാറ്റസാക്കിയത്. 'ബിജെപി അല്ല, സിപിഐഎം ആണ് മുഖ്യശത്രു. സ്വാമി കുഞ്ഞാലി ഐസ്‌ക്രീമാനന്ദ തിരുവടികൾ' എന്നാണ് ചിത്രത്തിലെ പരാമർശങ്ങൾ. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഫോട്ടോയും കുഞ്ഞാലിക്കുട്ടിയുടെ ഫോട്ടോയും കൂട്ടിച്ചേർത്ത രീതിയിലാണ് ചിത്രം.

അബദ്ധം മനസിലായി അഞ്ചു മിനിറ്റിനുള്ളിൽ തന്നെ അദ്ദേഹം സ്റ്റാറ്റസ് നീക്കം ചെയ്തു. എന്നാൽ ഇതിന്റെ സ്‌ക്രീൻഷോട്ടുകൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. ആരോ അയച്ച ഫോട്ടോ ഡിലീറ്റ് ചെയ്യുന്നതിനിടെ അബദ്ധത്തിൽ സംഭവിച്ചതാണെന്നും വാട്സ്ആപ്പ് പ്രവർത്തനത്തെക്കുറിച്ച് തനിക്ക് വലിയ അറിവില്ലെന്നും ഉമ്മർ വിശദീകരിച്ചു.