കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന ചെയ്യണമെന്ന് പികെ കുഞ്ഞാലിക്കുട്ടിയുടെ ആഹ്വാനം. ഇത്തരം സംഭാവനകൾ നൽകുന്നത് നല്ല കാര്യമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോവിഡ് പ്രതിരോധനടപടികളിൽ സംസ്ഥാന സർക്കാരിന് മുസ്ലിം ലീഗിന്റെ പരിപൂർണ്ണ പിന്തുണയുണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലീഗിനൊപ്പം പ്രതിപക്ഷത്തിന്റെ പിന്തുണയും സംസ്ഥാന സർക്കാരിനുണ്ട്. കേന്ദ്ര സർക്കാർ രാഷ്ട്രീയ പേരെടുക്കലിനാണ് ആദ്യ ഘട്ടത്തിൽ ശ്രമിച്ചത്. കേന്ദ്രത്തിന് ധാരാളം വീഴ്ചകൾ ഉണ്ടായിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കോവിഡ് 19 പ്രതിരോധത്തിൽ സർക്കാരും ആരോഗ്യ വകുപ്പും എടുക്കുന്ന നിലപാടിനൊപ്പം യോജിച്ച് പ്രവർത്തിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രാവിലെ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു.

''തികഞ്ഞ ജാഗ്രതയോടെ എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കേണ്ട സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. സർക്കാരിനോടൊപ്പം പ്രതിപക്ഷം ഈ കാര്യത്തിൽ യോജിച്ച് പ്രവർത്തിക്കും. യുഡിഎഫിലെ എല്ലാ ഘടകകക്ഷികളുമായും വളരെ വിശദമായി സംസാരിച്ചു. സർക്കാരും ആരോഗ്യ വകുപ്പും എടുക്കുന്ന നിലപാടിനൊപ്പം യോജിച്ച് നിന്നുകൊണ്ട് പ്രവർത്തിക്കണമെന്നാണ്. ഒന്നാം ഘട്ടത്തിലും സർക്കാരിന് പരിപൂർണപിന്തുണ രേഖപ്പെടുത്തിയിരുന്നു. സർക്കാരും ആരോഗ്യവകുപ്പും പറഞ്ഞ കാര്യങ്ങളുമായി മുന്നോട്ട് പോവുകയാണുള്ളത്. കോവിഡ്19 പ്രതിരോധത്തിൽ എല്ലാ പിന്തുണയും സർക്കാരിന് പ്രഖ്യാപിക്കുകയാണ്. കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ ഓഫീസിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. തെരഞ്ഞെടുപ്പിന്റെ എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവെച്ച് കൊവിഡിന്റെ പോരാട്ടത്തിൽ മുന്നിട്ടിറങ്ങാൻ യുഡിഎഫ് പ്രവർത്തകരോട് ആഹ്വാനം ചെയ്യുകയാണ്. സർക്കാരും അവസരത്തിനൊപ്പം ഉയരുമെന്ന് ഞങ്ങളും പ്രതീക്ഷിക്കുന്നു. വെറുതെ ബഡായി അടിക്കുന്നതിൽ മാത്രമായി കോവിഡ് പ്രതിരോധം ഒതുങ്ങരുത്. പ്രതിപക്ഷത്തേയും മറ്റ് രാഷ്ട്രീയ പാർട്ടികളേയും പങ്കാളി ആക്കണം.'' രമേശ് ചെന്നിത്തല പറഞ്ഞു.

''ജനങ്ങൾക്കിടയിൽ പരിഭ്രാന്തി ഉണ്ടാക്കുന്ന നീക്കം സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്നും ആശുപത്രികളിൽ തിരക്ക് നിയന്ത്രിക്കണമെന്നും രമേശ് ചെന്നിത്തല കൂട്ടിചേർത്തു. പ്രവേശനത്തിന് പ്രോട്ടോക്കോൾ ഉണ്ടാക്കണം. എല്ലാ ആശുപത്രികളിലും ഓക്സിജൻ ഉൾപ്പടെ ആവശ്യ സംവിധാനങ്ങൾ ഉറപ്പു വരുത്തണം. ഒറ്റപ്പെട്ട സംഭവങ്ങളെ പർവ്വതീകരിച്ച് ജനങ്ങളെ പരിഭ്രാന്തരാക്കരുത്. സംസ്ഥാനങ്ങൾക്ക് സൗജന്യമായി വാക്സിൻ ലഭ്യമാക്കേണ്ട ഉത്തരവാദിത്വം കേന്ദ്രത്തിനുണ്ട്. വാക്സിൻ വിതരണ സ്ഥലങ്ങളിലെ തിരക്ക് നിയന്ത്രിക്കണം. തിരക്ക് ഒഴിവാക്കാൻ കൂടുതൽ വാക്സിൻ കേന്ദ്രങ്ങൾ തുടങ്ങണം. വാക്സിൻ വിതരണത്തിൽ മുൻഗണന ക്രമം ഉണ്ടാകണമെന്ന ചില നിർദ്ദേശങ്ങളും പ്രതിപക്ഷം മുന്നോട്ട് വെച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകൾ സ്വാഗതാർഹമാണെന്നും കളക്ടർമാർ വ്യത്യസ്തമായ ഉത്തരവുകൾ പുറപ്പെടുവിക്കുന്നത് നിയന്ത്രിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.