കുഞ്ഞാലിപ്പാറ: കുഞ്ഞാലിപ്പാറയിലെ എടത്താടൻ ഗ്രാനൈറ്റ്‌സിലേക്ക് ഫുൾ ലോഡ് കൊണ്ട് പോകുന്നതിനെ സംബന്ധിച്ച് സംസാരിക്കാൻ ചെന്ന സമര സമിതി പ്രവർത്തകനെ ടിപ്പർ ഡ്രൈവർ മർദിച്ചു. സമര സമിതി പ്രവർത്തകൻ ഷിജു കൂവക്കാടനു ആണ് മർദ്ദനം ഏറ്റത്. മർദ്ദനത്തിൽ ഷിജു കൂവക്കാടന്റെ കൈവിരൽ ഒടിഞ്ഞു. ആക്രമണത്തെ തുടർന്ന് പരിക്കേറ്റയാളെ കോടാലി സർക്കാർ ആശുപത്രിയിലും പിന്നീട് കൊടകരയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി.

സംഭവത്തെ തുടർന്ന് കുഞ്ഞാലിപ്പാറ സമര സമിതി പ്രവർത്തകർ ക്വാറിയിൽ നിന്നുള്ള വാഹനങ്ങൾ തടഞ്ഞു. സംഭവത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി നിയമ നടപടികൾ എടുക്കാമെന്ന് ഉറപ്പ് നൽകിയതിന്റെയും ടിപ്പർ ഡ്രൈവറുടെ വാഹനം കസ്റ്റഡിയിൽ എടുത്തതിന്റെയും അടിസ്ഥാനത്തിൽ തടഞ്ഞ വാഹനങ്ങൾ വിട്ടയച്ചു. ടിപ്പർ ഡ്രൈവറെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്നു സമര സമിതി ആവശ്യപ്പെട്ടു.

ഒമ്പതുങ്ങൽ മൂന്നുമുറി റോഡിലൂടെ 8ടണ്ണിൽ അധികം ഭാരം കയറ്റിയ വാഹനങ്ങൾ പോകരുതെന്നു പഞ്ചായത്ത് ഉത്തരവിറക്കിയിട്ടുള്ളതാണ്. എന്നാൽ പലപ്പോളും ഇത് ലംഘിച്ചു കൊണ്ട് അമിത ഭാരം കയറ്റിയ ടിപ്പർ വാഹനങ്ങൾ ഈ റോഡിലൂടെ സഞ്ചരിക്കുന്നത് പതിവായിട്ടുണ്ട്. ഇതിനെതിരെ ശക്തമായ പ്രതിഷേധം നാട്ടുകാരിൽ നിന്നും ഉയരുന്നുണ്ട്. അമിത ഭാരം കയറ്റിയ വാഹനങ്ങൾ അനധികൃതമായി ഓടാൻ അനുവദിക്കില്ല എന്ന് സമര സമിതി അറിയിച്ചു.