കുനൂർ: രാജ്യത്തെ നടുക്കിയ കുന്നൂരിലെ അപകടത്തിൽ തകർന്നു വീണത് ഐഎഎഫ് എം ഐ 17 വി 5 ഹെലികോപ്ടറാണ്. രാജ്യത്ത ഏറ്റവും അധികം സുരക്ഷയുള്ള അസംയുക്ത സൈനിക മേധാവിയുടെ ഹെലികോപ്ടർ എങ്ങനെ അപകടത്തിൽ പെട്ടുവെന്ന് കണ്ടെത്താൻ വ്യോമസേനയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സൈന്യം അപകട സ്ഥലത്തെത്തിയിട്ടുണ്ട്. ഉന്നതതല മെഡിക്കൽ സംഘവും സ്ഥലത്തുണ്ട്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അപകട സ്ഥലത്തേക്ക് യാത്ര തിരിക്കുകയാണ്.

ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടവാർത്ത പുറത്തുവന്നത്. ബിപിൻ റാവത്തും അദ്ദേഹത്തിന്റെ സ്റ്റാഫും കുടുംബാംഗങ്ങളുമാണ് അപകടത്തിൽ പെട്ടതെന്ന് വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തതോടെ രാജ്യം നടുങ്ങുകയായിരുന്നു. നാല് പേരുടെ മൃതദേഹം കണ്ടെടുത്തതായി തമിഴ് വാർത്താ ചാനലുകൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ആരൊക്കെയാണ് മരിച്ചതെന്ന വിവരം പുറത്തുവിട്ടിട്ടില്ല.

കുനൂർ കട്ടേരിക്ക് സമീപമായിരുന്നു ഹെലിക്കോപ്ടർ തകർന്നുവീണത്. കുനൂരിൽ നിന്ന് വെല്ലിങ്ടൺ കന്റോൺമെന്റിലേക്കുള്ള യാത്രാമധ്യേയാണ് അപകടം സംഭവിച്ചത്. ബിപിൻ റാവത്തിന് പുറമെ അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയർ എൽ.എസ് ലിഡ്ഡർ, ലെഫ്.കേണൽ ഹർജീന്ദർ സിങ്, എൻ.കെ ഗുർസേവക് സിങ്, എൻ.കെ ജിതേന്ദ്രകുമാർ, ലാൻസ് നായിക്, വിവേക് കുമാർ, ലാൻസ് നായിക് ബി സായ് തേജ, ഹവീൽദാർ സത്പാൽ എന്നിവരാണ് അപകടത്തിൽ പെട്ട ഹെലിക്കോപ്ടറിലുണ്ടായിരുന്നത്.

പ്രദേശത്ത് ഇപ്പോൾ സൈന്യം എത്തിയിട്ടുണ്ട്. ഹെലികോപ്ടർ നിലത്തു വീണ് തീഗോളമായ അവസ്ഥയിലാണുള്ളത്. അതുകൊണ്ട് ഗുരുതരാവസ്ഥയിലായവരുടെ ആരോഗ്യ നിലയെ കുറിച്ച് അടക്കം കൂടുതൽ വിവരങ്ങൾ ഇനിയും ലഭിക്കാനുണ്ട്.

മൂന്ന് സേനാവിഭാഗങ്ങളുടെയും തലവനായി 2020 മാർച്ചിലാണ് ബിപിൻ റാവത്ത് നിയമിതനാകുന്നത്. വിരമിക്കുന്നതിന് ഒരു ദിവസം മുമ്പ് ജനറൽ ബിപിൻ റാവത്ത് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് സ്ഥാനം സ്വീകരിച്ചത്. ഇന്ത്യൻ സായുധ സേനയുടെ മേൽനോട്ടം വഹിക്കുകയും സർക്കാരിന്റെ സൈനിക ഉപദേശകനായി പ്രവർത്തിക്കുകയുമാണ് അദ്ദേഹത്തിന്റെ പ്രധാന ചുമതല.