അടിമാലി: മുപ്പതിലധികം ആളുകളുടെ നേതൃത്വത്തിൽ കയ്യേറി കൈവശപ്പെടുത്തിയിട്ടുള്ളത് 500 ഏക്കറോളം വനഭൂമി. വ്യാജരേഖകളുടെ പിൻബലത്തിലുള്ള കോടതി ഇടപെടലുകൾക്കു പുറമെ ആദിവാസികളെയും ശിങ്കിടികളെയും മുന്നിൽ നിർത്തി, ഭീഷിണിപ്പെടുത്തിയും മർദ്ദിച്ചും ഉദ്യോഗസ്ഥ സംഘത്തെ നീരീക്ഷണത്തിനു പോലും അടുപ്പിക്കാത്ത സംരക്ഷണം. ഏക്കറിന് 25000-35000 രൂപ നിരക്കിൽ വാർഷികപാട്ടം വാങ്ങി കൈയേറ്റ മാഫിയ കീശയിലാക്കുന്നത് കോടികൾ.ഒഴിപ്പിക്കാനെത്തുമ്പോൾ ഉദ്യോഗസ്ഥ സംഘത്തെ തടഞ്ഞ് ഉന്നതങ്ങളിൽ നിന്നും ഇടപെടലും. കുരിശുപാറയിൽ നടന്നത്് കയ്യേറ്റമാഫിയയ്ക്ക് കുടപിടിക്കുന്ന ഇടുക്കി മോഡലിന്റെ തനിയാവർത്തനം.

മൂന്നാർ വനംഡിവിഷന്റെ ഭാഗമായ അടിമാലി ഫോറസ്റ്റ് റെയിഞ്ചിൽ മച്ചിപ്ലാവ് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ കയ്യേറ്റ ഭൂമിയെന്ന് കണ്ടെത്തിയ 500 ഏക്കറോളം ഭൂമി തിരിച്ചുപിടിക്കുന്നതിന് കഴിഞ്ഞദിവസമാണ്് വനംവകുപ്പിന്റെ ഭാഗത്തുനിന്നും നീക്കമുണ്ടായത്.സർവ്വസന്നാഹങ്ങളുമായി സ്ഥലത്തെത്തി ,മണിക്കൂറുകൾ കാത്തുനിന്നിട്ടും വനംവകുപ്പിന് ലക്ഷ്യം സാധിക്കാനായില്ല.ഉന്നതങ്ങളിൽ നിന്നുമുള്ള ഇടപെടലിനെത്തുടർന്ന് ഉദ്യോഗസ്ഥ സംഘം ഇവിടെ നിന്നും പിൻവലിയുകയായിരുന്നു എന്നാണ് പുറത്തുവന്നിട്ടുള്ള വിവരം.

250 ലധികം വനംവകുപ്പ് ജീവനക്കാരും100-ളം പൊലീസ് സേനാംഗങ്ങളും സംയുക്തമായിട്ടായിരുന്നു ഇതിനായി സ്ഥലത്തെത്തിയത്.ഈ സമയം രാഷ്ട്രീയ ഭേതമന്യേ 50-ളം പേർ പ്രതിഷേധവുമായി എത്തുകയായിരുന്നു.ഉദ്യോഗസ്ഥസംഘത്തിന്റെ നീക്കം ഒരുകാരണവാശാലും അനുവദിക്കില്ലന്നായിരുന്നു പ്രതിഷേധക്കാരുടെ നിലപാട്.ഇത് സംബന്ധിച്ച് കുരുശുപാറ ടൗണിൽ ഇരുകൂട്ടരും തമ്മിൽ ശക്തമായ വാദപ്രതിവാദം നടന്നു.രണ്ട് മണിക്കൂറോളം ഇതെ സ്ഥിതി തുടർന്നതോടെ നടപടി തൽക്കാലം വേണ്ടെന്ന് ഉന്നതങ്ങളിൽ നിന്നും നിർദ്ദേശമെത്തി.ഇതോടെ ലക്ഷ്യം പൂർത്തിയാക്കാനാവാതെ ഉദ്യോഗസ്ഥ സംഘം ഇവിടെ നിന്നും പിൻവാങ്ങുകയായിരുന്നു.

കുരിശുപാറ മുതൽ കുരങ്ങാട്ടിവരെ കോടതി ഉത്തരവുകളുടെ മറപിടിച്ച്് വർഷങ്ങളായി ഭൂമി കയ്യേറ്റം വ്യാപകമാണെന്നാണ് വനംവകുപ്പ് അധികൃതരുടെ കണ്ടെത്തൽ.പ്ലാമല ഭാഗത്ത് എസ്റ്റേറ്റ് നടത്തിപ്പുകാർ മലയാറ്റൂർ റിസർവ്വിന്റെ ഭാഗമായ 60 ഏക്കറോളം ഭൂമി കയ്യേറി ഏലകൃഷി നടത്തിവരുന്നതായി വനംവകുപ്പ് കണ്ടെത്തിയിട്ട് വർഷങ്ങളായി.കോതമംഗലംകാരൻ വനഭൂമിയിലൈ 19 വന്മരങ്ങൾ വെട്ടിമാറ്റി പുതുതായി ഏലകൃഷിയാരംഭിച്ചതായും അധികൃതർ റിപ്പോർട്ട് ചെയ്തിരുന്നു.

എന്നാൽ ഇതുവരെ ഈ നിയമലംഘനത്തിന്റെ പേരിൽ വനംവകുപ്പ് നടപിടകളൊന്നും സ്വീകരിച്ചതായി വിവരമില്ല.ഉദ്യോഗസ്ഥ-ഭരണതലത്തിൽ കയ്യേറ്റക്കാർക്കുള്ള ബന്ധമാണ് ഇതിൽ നിന്നും വ്യക്തമാവുന്നത്.
കൈവശപ്പെടുത്തിയ വനഭൂമിയിലേയ്ക്ക് നിരീക്ഷണത്തിനായിപ്പോലും ബന്ധപ്പെട്ട ഉഗ്യോസ്ഥരെ കയ്യേറ്റക്കാർ കയറ്റാറില്ലന്നാണ് സൂചന.പ്രദേശത്തെ ആദിവാസികളെയും ഒപ്പമുള്ളകൃഷിക്കാരിൽ ഒരു വിഭാഗത്തെയും കൂടെചേർത്ത് കയ്യേറ്റമാഫിയ പ്രതിരോധം സൃഷ്ടിക്കുന്നത് പതിവായിരിക്കുകയാണെന്നും ഇവരുടെ ഭാഗത്തുനിന്നും ആക്രണമുണ്ടായേക്കാമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ അധികാരപരിധിയിലാണെങ്കിൽ പോലും വനംവകുപ്പ് ഉദ്യോഗസ്ഥർ ഈ നമേഖലയിലേയ്ക്ക് തിരിഞ്ഞുനോക്കാറില്ലന്നുമുള്ള വിവരങ്ങളും പ്രചരിക്കുന്നുണ്ട്.

 

കയ്യേറ്റ ഭൂമി തിരിച്ചുപിടിക്കുന്നതിനായി വനംവകുപ്പ് പൊലീസിന്റെ സഹായം തേടുമ്പോൾ ഇത് തടസ്സപ്പെടുത്തുന്നതിനും രാഷ്ട്രീയക്കാരുടെ ഭാഗത്തുനിന്നും കൂട്ടായ ഇടപെടൽ ഉണ്ടാവുന്നുണ്ടെന്നും ചൂണ്ടികാണിക്കപ്പെടുന്നു.കഴിഞ്ഞ ദിവസത്തെ ഭൂമി ഏറ്റെടുക്കൽ നടപടി പരാജയപ്പെടാൻ കാരണം പൊലീസിന്റെ നിസ്സഹകരണമാണെന്നാണ് വനംവകുപ്പ് ജീവനക്കാരിൽ ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ.ഈ മേഖലയിൽ വർഷംതോറും വനഭൂമിയുടെ വിസ്തൃതി കുറയുകയാണെന്നാണ് വനംവകുപ്പധികൃതരുടെ കണ്ടെത്തൽ.കയ്യേറ്റമാഫിയയുടെ കൂട്ടായ ഇടപെടലാണ് ഇതിന് കാരണമെന്നും ഇവർ വിലയിരുത്തുന്നു.

ഉദ്യോഗസ്ഥ-ഭരണനേതൃത്വത്തിന്റെ മൃദുസമീപനമാണ് ഇതിന് കാരണമെന്ന കാര്യത്തിൽ തർക്കമില്ല.ഇതിനിടയിലാണ് തുടർച്ചയായി കയ്യേറ്റമൊഴിപ്പിക്കൽ നീക്കം പരാജയപ്പെടുന്നതായുള്ള വിവരങ്ങളും പുറത്തുവരുന്നത്.ഇടുക്കിയിൽ കയ്യേറ്റ ഭൂമി നിയമനടപടികളിലൂടെ സ്വന്തമാക്കി ,വിറ്റ് സമ്പന്നരായവർ ഏറെയുണ്ടെന്നും ഇതിന്റെയെല്ലാം കൃത്യമായ വിഹിതം ഭരണകേന്ദ്രങ്ങളിൽ സ്വാധീനമുള്ള രാഷ്ട്രീയക്കാരുടെയും സിൽബന്ധികളുടെയും പോക്കറ്റിലെത്തിയിട്ടുണ്ടെന്നും ഇപ്പോൾ കുരിശുപാറയിൽ നടന്നുവരുന്നത് ഇതിന്റെ മറ്റൊരുരൂരമാണെന്നുമാണ് ചൂണ്ടികാണിക്കപ്പെടുന്നത്.