തിരുവനന്തപുരം: കുറുക്കന്മൂലയിൽ ഭീതി പരത്തിയ കടുവയ്ക്കായുള്ള തിരച്ചിലുകൾ നിർത്താൻ ഉത്തരവ്. ഉത്തരമേഖല സിസിഎഫ് ഡികെ വിനോദ് കുമാറാണ് ഉത്തരവിട്ടത്.പത്ത് ദിവസമായിട്ടും കടുവയെ കണ്ടത്താൻ സാധിക്കാതെ വന്നതോടെയാണ് തിരച്ചിൽ നിർത്തുന്നത്. ക്യാമറകൾ ഉപയോഗിച്ചുള്ള നിരീക്ഷണം തുടരാനും ഉത്തരവിൽ പറയുന്നു. കടുവയെ പിടികൂടാൻ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ച 5 കൂടുകളും മാറ്റും.

ദിവസങ്ങൾക്കു മുമ്പ് മുട്ടങ്കരയിൽ കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയത്. പ്രദേശത്തെ വയലിൽ മാത്രമാണ് കടുവയുടെ കാൽപ്പാടുകൾ പതിഞ്ഞത്. മുട്ടങ്കരയിൽ നിന്ന് കടുവ എങ്ങോട്ടുപോയി എന്ന കാര്യങ്ങളും വ്യക്തമായില്ല.മണ്ണുമാന്തി യന്ത്രമുപയോഗിച്ച് കാട്ടിലേക്ക് പാതയൊരുക്കി വരെ തിരച്ചിൽ നടത്തിയിരുന്നു. മയക്കുവെടി സംഘങ്ങൾ, കുങ്കിയാനകൾ എന്നിവയുമായി തോൽപെട്ടി വന്യജീവി സങ്കേതത്തിന്റെ ഭാഗമായ ദേവട്ടത്തെ ഉൾവനത്തിൽ നടത്തിയ തിരച്ചിലിൽ കടുവയുടെ കാൽപാടു പോലും കണ്ടെത്താനായിരുന്നില്ല. മന്ദംകൊല്ലി, ഈശ്വരക്കൊല്ലി കാടുകളിലും തിരച്ചിൽ നടത്തിയെങ്കിലും ശ്രമം വിഫലമായിരുന്നു.

കഴിഞ്ഞ ഡിസംബർ 18ന് ബേഗൂർ വനമേഖലയിലെ കാട്ടിക്കുളംഭാഗത്ത് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. അന്ന് കടുവ ഉടൻ പിടിയിലാകുമെന്ന് പറഞ്ഞിരുന്നെങ്കിലും തൊട്ടടുത്ത ദിവസം മുതൽ കടുവ വീണ്ടും ഒളിച്ചുകളി തുടർന്നു. കടുവയുടെ കഴുത്തിൽ മുറിവുള്ളതിനാൽ ചികിത്സ നൽകുന്നതിന് നിരീക്ഷണം തുടരണമെന്നാണ് ഉത്തരവിൽ പറയുന്നത്.കടുവയുടെ കഴുത്തിലെ മുറിവിൽ നിന്നുറ്റിയ ചോര കാട്ടിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വനത്തിൽ എവിടേയെങ്കിലും കടുവ ഉണ്ടാകമെന്ന കണക്കുകൂട്ടലിലായിരുന്നു തിരച്ചിൽ പുരോഗമിച്ചത്.

കടുവ ഉൾവനത്തിലേക്ക് കടന്നതിനാൽ ഇനി നാട്ടിലേക്ക് തിരിച്ചുവരില്ലെന്നാണ് നിഗമനം. വനത്തിലടക്കം ക്യാമറകൾ സ്ഥാപിച്ചെങ്കിലും കടുവയുടെ ഒരു ചിത്രം പോലും പതിഞ്ഞിരുന്നില്ല. റിയൽടൈം സിസിടിവി ക്യാമറകളുൾപ്പെടെ 68 ക്യാമറകൾ വിവിധ ഭാഗങ്ങളിൽ വെച്ചിരുന്നു. കടുവയുടെ ചിത്രം ക്യാമറയിൽ ഏതെങ്കിലും ഭാഗത്ത് പതിഞ്ഞാൽ അവിടെ ട്രക്കിങ് ടീം തിരച്ചിൽ നടത്തുകയായിരുന്നു പതിവ്.കടുവ ഭീതിയുള്ളതിനാൽ കുറുക്കന്മൂലയിൽ നിരോധാനാജ്ഞ ഏർപ്പെടുത്തിയിരുന്നു. 17 വളർത്തുമൃഗങ്ങളെയാണ് കടുവ കൊന്നത്. ഡ്രോണുകൾ ഉപയോഗിച്ചും നിരീക്ഷണം നടത്തിയിരുന്നെങ്കിലും കടുവയെ പിടികൂടാൻ വനപാലകർക്ക് സാധിച്ചിരുന്നില്ല.