കൊച്ചി: 'കുറുപ്പി'ന് ശേഷം ദുൽഖർ സൽമാൻ നായകനാകുന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തു വിട്ടു. 'കുറുപ്പി'ന്റെ രണ്ടാം ഭാഗമെന്ന സൂചന തരുന്ന വിധത്തിലാണ് ചിത്രത്തിന്റെ പോസ്റ്റർ.താടി നീട്ടി വളർത്തി മുടി കെട്ടി വച്ച് കലിപ്പ് ലുക്കിൽ സിഗററ്റ് വലിച്ചു നിൽക്കുന്ന താരത്തിന്റെ പുതിയ ലുക്കും ആരാധകരെ ആവേശം കൊള്ളിക്കുന്നുണ്ട്.

കോവിഡ് രണ്ടാംതരംഗത്തിനു ശേഷം തുറന്ന തിയറ്ററുകളിലേക്ക് ജനത്തെ തിരിച്ചുവിളിച്ച ചിത്രങ്ങളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു ദുൽഖർ സൽമാൻ നായകനായെത്തിയ 'കുറുപ്പ്' വൻ പ്രീ-റിലീസ് ഹൈപ്പുമായി എത്തിയ ചിത്രം മികച്ച മൗത്ത് പബ്ലിസിറ്റിയും ഇനിഷ്യലും നേടിയിരുന്നു. ആദ്യ രണ്ടാഴ്ച കൊണ്ട് ആഗോള തലത്തിൽ ചിത്രം 75 കോടി ഗ്രോസ് നേടിയെന്ന് അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 'കുറുപ്പി'ന് ഒരു രണ്ടാംഭാഗം ഉണ്ടാവും എന്ന വാർത്തകൾ പുറത്തുവന്നത്.

കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച 'കുറുപ്പി'ൽ അയാളുടെ ജീവിതത്തിലെ പരാമർശിക്കപ്പെടാത്ത ഏടുകളെ ഭാവനാത്മകമായാണ് സംവിധായകൻ സമീപിച്ചിരുന്നത്. നാട്ടിൽ നിൽക്കാനാവാത്ത സാഹചര്യത്തിൽ നാടുവിട്ട് വിദേശത്തേക്ക് പോകുന്ന കുറുപ്പിനെ അവസാനം ഫിൻലൻഡിന്റെ തലസ്ഥാനമായ ഹെൽസിങ്കിയിലാണ് സംവിധായകൻ ചിത്രത്തിന്റെ ടെയ്ൽ എൻഡിൽ അവതരിപ്പിച്ചത്. ഒരു രണ്ടാംഭാഗത്തിന്റെ സാധ്യതകളെ സൂചിപ്പിക്കുന്നതായിരുന്നു ഈ ടെയ്ൽ എൻഡ്. 'അലക്‌സാണ്ടർ' എന്ന വ്യാജപേരിലാണ് കുറുപ്പ് അവിടെ കഴിയുന്നത് എന്നും ചിത്രം പറഞ്ഞിരുന്നു. ഇപ്പോഴിതാ 'അലക്‌സാണ്ടറി'നെ കേന്ദ്ര കഥാപാത്രമാക്കി കുറുപ്പിന്റെ രണ്ടാംഭാഗം വരും എന്ന സൂചനയെ ഉറപ്പിച്ചിരിക്കുകയാണ് അണിയറക്കാർ.

ഇതിന്റെ ഭാഗമായി 'അലക്‌സാണ്ടറിന്റെ ഉയർച്ച' എന്ന ടൈറ്റിലിൽ ഒരു ക്യാരക്റ്റർ മോഷൻ പോസ്റ്ററും അണിയറക്കാർ പുറത്തുവിട്ടിട്ടുണ്ട്. അതേസമയം ചിത്രം തിയറ്ററുകളിൽ തുടരുമ്പോൾത്തന്നെ ഒടിടിയിലും ചിത്രം കാണാനാവും. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലുമായി നെറ്റ്ഫ്‌ളിക്‌സിൽ ഇന്ന് അർധരാത്രിയോടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു. പിആർഒ ആതിര ദിൽജിത്ത്.