കുവൈറ്റ് സിറ്റി: വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ 'ഓക്‌സ്ഫഡ്' എന്നതിനൊപ്പം 'അസ്ട്രസെനക' എന്നു കൂടി ചേർക്കാൻ കുവൈറ്റ് ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു.നിലവിൽ കുവൈറ്റിൽ നിന്ന് ഓക്‌സ്ഫോർഡ് വാക്‌സിൻ സ്വീകരിച്ചവരുടെ സർട്ടിഫിക്കറ്റിൽ 'ഓക്‌സ്ഫഡ്' എന്നാണ് രേഖപ്പെടുത്തുത്തുന്നത്. ചില വിദേശ രാജ്യങ്ങൾ ഇതിന് അംഗീകാരം നൽകുന്നില്ലെന്നതിനാൽ ഇനി മുതൽ വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ അസ്ട്രസെനക എന്നു കൂടി ചേർത്തതായി അധികൃതർ വ്യക്തമാക്കി.

നേരത്തേ വാക്‌സിനേഷൻ പോർട്ടലിൽ നിന്ന് സർട്ടിഫിക്കറ്റ് ലഭ്യമായവർക്ക് ഭേദഗതി വരുത്തിയ പുതിയ സർട്ടിഫിക്കറ്റ് വീണ്ടും ഡൗൺലോഡ് ചെയ്യാൻ സാധിക്കും. വാക്‌സിനേഷൻ സർട്ടിഫിക്കറ്റിന്റെ ലിങ്കിൽ കയറിയാലും പുതിയ സർട്ടിഫിക്കറ്റ് ലഭിക്കും. യൂറോപ്യൻ മെഡിസിൻ ഏജൻസിയുടെ അംഗീകാരമുള്ള ഫൈസർ ബയോൺടെക്, മൊഡേണ, അസ്ട്രസെനക്ക, ജോൺസൺ ആൻഡ് ജോൺസൺ എന്നീ വാക്‌സിനുകളിൽ ഏതെങ്കിലുമൊന്ന് സ്വീകരിച്ചവർക്കു മാത്രമാണ് യൂറോപ്യൻ യൂണിയൻ കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റിന് അർഹതയുണ്ടാവൂയെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

അതേ സമയം പല യൂറോപ്യൻ രാജ്യങ്ങളും ഓക്‌സ്ഫഡ് എന്ന് മാത്രമുള്ള സർട്ടിഫിക്കറ്റുകൾ അംഗീകരിക്കുന്നില്ല. അതിനാലാണ് പുതിയ തീരുമാനം.