ഭോപ്പാൽ: മധ്യപ്രദേശിൽ വേതനം ആവശ്യപ്പെട്ട തൊഴിലാളിക്ക് ദാരുണാന്ത്യം.തൊഴിലാളിയുടെ മലദ്വാരത്തിലൂടെ പമ്പ് ഉപയോഗിച്ച് തൊഴിലുടമ കാറ്റടിച്ച് കയറ്റി. ഗുരുതരാവസ്ഥയിലായ തൊഴിലാളി ദിവസങ്ങൾക്ക് ശേഷം മരിച്ചു. 40 വയസുകാരനായ പെർമനാനന്ദ് ധക്കാട് ആണ് മരിച്ചത്.

ശിവ്പുരി ജില്ലയിലെ ഗസ്സിഗാഡ് ധോറിയ ഗ്രാമത്തിലാണ് ക്രൂരത അരങ്ങേറിയത്.ഡിസംബർ എട്ടിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.ക്വാറിയിൽ ദിവസ വേതനത്തിന് പണിയെടു ക്കുന്ന തൊഴിലാളിയാണ് ധക്കാട്. വേതനം ചോദിച്ചതാണ് പ്രകോപനത്തിന് കാരണം. ധക്കാടി നെ ആദ്യം രാജേഷ് റായ് മർദ്ദിച്ചു. തുടർന്ന് മറ്റു ജീവനക്കാർ ചേർന്ന് ധക്കാടിനെ പിടിച്ചുവച്ചു. ഈസമയത്ത് ധക്കാടിന്റെ മലദ്വാരത്തിലൂടെ പമ്പ് ഉപയോഗിച്ച് ശരീരത്തിലേക്ക് കാറ്റടിച്ച് കയറ്റിയെന്നാണ് പരാതി.തൊഴിലുടമ രാജേഷ് റായ്യാണ് മരണത്തിന് ഉത്തരവാദിയെന്ന് ധക്കാടിന്റെ ബന്ധുക്കൾ ആരോപിച്ചു.

ആക്രമണത്തിൽ ഗുരുതരാവസ്ഥയിലായ യുവാവിനെ കുടുംബത്തെ അറിയിക്കാതെ ഗ്വാളിയാറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില മെച്ചപ്പെടാത്തതിനെ തുടർന്ന് ഇവിടെ നിന്ന് ജില്ലാ ആശുപത്രിയിലേക്ക് പിന്നീട് മാറ്റി. വയറു സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലാണെന്നാണ് ധക്കാടിന്റെ കുടുംബത്തോട് പ്രതി പറഞ്ഞത്. 48 മണിക്കൂറിന് ശേഷം ബോധം തിരിച്ചുകിട്ടിയ ധക്കാട് സംഭവം വിവരിച്ചതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് നടപടി സ്വീകരിക്കാൻ തയ്യാറെടുക്കുകയാണ് പൊലീസ്.