ബ്യൂണസ് അയേൺസ്: ഫുട്ബോൾ ദൈവമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഡീഗോ മാറഡോണക്ക് യാത്രയപ്പ് നൽകാൻ, കോവിഡ് മഹാമാരിയെ അവഗണിച്ച് ജനലക്ഷങ്ങൾ. അർജന്റീനിയൻ പ്രസിഡന്റിന്റെ ഓഫീസും ഔദ്യോഗിക വസതിയുമായ കാസ റൊസാഡ കൊട്ടാരത്തിലാണ് ഇതിഹാസതാരത്തിന്റെ പൊതുദർശനം നടക്കുന്നുത്. ബ്യൂണസ് അയേൺസിന്റെ പ്രാന്ത പ്രദേശത്തുള്ള ബെല്ല വിസ്റ്റ സെമിത്തേരിയിലാണ് മൃതദേഹം അടക്കുക എന്നാണ് അറിയുന്നത്.

അതിനിടെ മാറേഡോണയുടെ മരണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരികയാണ്. തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് നവംബർ മൂന്നിന് ശസ്ത്രക്രിയക്ക് വിധേയനായ ശേഷം ഡീഗോ മറഡോണയുടെ ആരോഗ്യം മെച്ചപ്പെട്ടു വരികയായിരുന്നുവെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. ശസ്ത്രക്രിയക്കുശേഷം നവംബർ 25ന് മരണത്തിന് കീഴടങ്ങുന്നതുവരെയുള്ള ദിവസങ്ങളിൽ ആരോഗ്യനിലയിലെ പുരോഗതി ഏറെ പ്രതീക്ഷ നൽകിയിരുന്നു. ഡീഗോ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് ഡോക്ടർമാരടക്കം പ്രതീക്ഷിച്ചിരിക്കേയാണ് ലോകത്തെ ഞെട്ടിച്ച് ഇതിഹാസതാരം പൊടുന്നനെ മരണത്തിന് കീഴടങ്ങിയത്.തലച്ചോറിലെ ട്യൂമറുമായി ബന്ധപ്പെട്ട പ്രശ്നങ്ങളല്ല ഡീഗോയുടെ മരണത്തിലേക്ക് നയിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. മരണത്തിന്റെ യഥാർഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ആശുപത്രിയിൽനിന്ന് ശസ്ത്രക്രിയ കഴിഞ്ഞ് സാൻ ആന്ദ്രേയിലെ വീട്ടിൽ തിരിച്ചെത്തിയതായിരുന്നു അദ്ദേഹം. ആരോഗ്യം കാക്കാൻ വീട്ടിലെ ഒരു മുറിയിൽ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

നവംബർ 25 ബുധനാഴ്ച സാധാരണയേക്കാൾ നേരത്തേ, മറഡോണ ഉണർന്നെഴുന്നേൽറ്റതായി അദ്ദേഹത്തിന്റെ പരിചാരകർ പറയുന്നു. പത്തുമണിക്ക് കുറച്ചുനേരം നടന്നശേഷം പിന്നീട് വീണ്ടും കിടക്കുന്നു. അടുത്തുള്ളത് പതിവ് ആളുകൾ തന്നെ. വലംകൈയായ മാക്സി, അഭിഭാഷകൻ, മരുമകൻ ജോണി, പിന്നെ വേലക്കാരനും.ഏകദേശം 12.00 മണിയോടെ മാറഡോണ വീണ്ടും കിടക്കുന്നു. നഴ്സും സൈക്കോളജിസ്റ്റും അദ്ദേഹത്തിനരികെയുണ്ട്.എന്നാൽ എന്തോ പന്തികേട് കണ്ട് അവർ നോക്കിയപ്പോഴാണ് ശരീരം ചികിത്സകളോട് അദ്ദേഹം പ്രതികരിക്കുന്നില്ല എന്ന് കണ്ടത്. ഉടനെ വിവരം കാട്ടുതീപോലെ പടർന്നു. ക്ലാരിൻ ദിനപത്രം അദ്ദേഹത്തിന്റെ മോശം അവസ്ഥയെക്കുറിച്ച് വാർത്ത പുറത്തെത്തിക്കുന്നു. ഡീമോയുടെ മളായ ഡാൽമ, ജിയാനിന, ജാന എന്നിവർ ബ്വേനസ് എയ്റിസിലാണ് താമസിക്കുന്നത്. അഞ്ച് ആംബുലൻസുകൾ എത്തുന്നു. അദ്ദേഹത്തിന്റെ ബോധം വീണ്ടെടുക്കാനുള്ള ശ്രമങ്ങളാണ് മെഡിക്കൽ സംഘം നടത്തുന്നത്. ശ്വാസകോശത്തിലെ നീർക്കെട്ടുകാരണമുണ്ടായ ഹൃദയാഘാതമാണ് പ്രശ്നമായതെന്ന് അവർ സൂചന നൽകി. ഒടുവിൽ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു.

മരിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസംവീട്ടിൽ ഡീഗോ ശാന്തമായ അന്തരീക്ഷത്തിലായിരുന്നു. അദേഹത്തിന്റെ ഡോക്ടർ ലിയോപോൾഡോ ലൂക്ക് അസുഖമെല്ലാം ഭേദമായി ഇതിഹാസതാരം തിരിച്ചെത്തുമെന്ന ശുഭാപ്തി വിശ്വാസമാണ് പങ്കുവെച്ചത്. ആരോഗ്യം വീണ്ടെടുക്കാനുള്ള പ്രവർത്തനങ്ങൾ ഡോക്ടർ നിർദ്ദേശിച്ചിരുന്നു. ജിംനേഷ്യത്തിലെ ട്രെയിനിങ് തുടരാനുള്ള ആഗ്രഹവുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ആരും, ഈ ആകസ്മിക വിയോഗം പ്രതീക്ഷിച്ചിരുന്നതേയില്ല.

സംസ്‌കാരം കാസ റൊസാഡ കൊട്ടാരത്തിൽ

കാൽപ്പന്തുകൊണ്ട് ഇന്ദ്രജാലം തീർത്ത താരത്തെ അവസാനമായി ഒരു നോക്ക് കാണാൻ അർജന്റീനിയൻ ലസ്ഥാന നഗരിയായ ബ്യൂണസ് അയേൺസിലേക്ക് ഒഴുകി എത്തിയത് ലക്ഷക്കണിക്ക് ആരാധകരാണ്. അവർ എല്ലാ സോഷ്യൽ ഡിസ്റ്റൻസിങ്ങും ഇപ്പോൾ മറന്നിരിക്കയാണ്. ബുധനാഴ്്ച രാത്രി അർജന്റീന ഉറങ്ങിയിരുന്നില്ല. ഇതിഹാസ താരത്തിന്റെ ഓർമകൾ പങ്കുവെച്ചും കാൽപന്തു കളി കഥ പറഞ്ഞും അവർ ഉണർന്നിരുന്നു. തലസ്ഥാന നഗരി ആ മനുഷ്യനെ ഒരു നോക്കു കാണാൻ ഏറെ നേരം കാത്തിരുന്നു. മറഡോണയുടെ മരണത്തെ തുടർന്ന് രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.

സംസ്‌കാരം ബ്യൂണസ് ഐറിസിലെ കാസ റൊസാഡ കൊട്ടരത്തിലാണ് പൊതുദർശനം നടക്കുന്നത്. അർജന്റീന പ്രസിഡന്റിന്റെ ഓഫീസും ഔദ്യോഗിക വസതിയുമാണ് കാസ റൊസാഡ. എല്ലാ ഔദ്യോഗിക ബഹുമതികളോടും കൂടി വ്യാഴാഴ്ച അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകൾ നടക്കുമെന്ന് അർജന്റീന സർക്കാർ അറിയിച്ചിട്ടുണ്ട്. ഫെറാൻഡോ ആശുപത്രിയിൽ വൈകീട്ട് 7.30 മുതൽ 10 മണിവരെയായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റുമോർട്ടം നടപടികൾ.തുടർന്ന് 11 മണിയോടെ അദ്ദേഹത്തിന്റെ ഭൗതികദേഹം പൊതുദർശനത്തിനായി കാസ റൊസാഡയിലേക്ക് മാറ്റി. വഴിയിലുടനീളം നിരവധിയാളുകളാണ് മാറഡോണയുടെ ഭൗതികദേഹം വഹിച്ചുകൊണ്ടുള്ള ആംബുലൻസിന് ചുറ്റുംകൂടിയത്.ഇതിനാൽ തന്നെ രാത്രി 1.30-ഓടെയാണ് മാറഡോണയുടെ മൃതദേഹം പൊതുദർശനത്തിനായി സർക്കാർ വസതിയിൽ എത്തിക്കാനായത്.പിന്നീടങ്ങോട്ട് ജനപ്രവാഹമായിരുന്നു. ഫുട്‌ബോൾ ഇതിഹാസത്തെ അവസാനമായി ഒരുനോക്ക് കാണാൻ സർക്കാർ വസതിയിലേക്ക് നിരവധി പേർ എത്തി.