കൊച്ചി: ലക്ഷദ്വീപിൽ വികസനത്തിന്റേ പേരിൽ നടക്കുക റിസോർട്ട് വ്യവസായം. വൻകിട കമ്പനികൾക്കാണ് ഇതിന്റെ പ്രയോജനം കിട്ടുക. ലക്ഷദ്വീപിൽ അത്യാഡംബര കടൽസുഖവാസ കേന്ദ്രങ്ങളൊരുക്കാനാണ് (വാട്ടർവില്ലകൾ) തീരുമാനം. ഇതിന് വേണ്ടിയാണ് നിയന്ത്രണവും നിയമ മാറ്റവും നടപ്പാക്കിയത്.

വാട്ടർ വില്ലകൾ ഒരുക്കാൻ രാജ്യത്തെ വൻകിട റിസോർട്ട് ഗ്രൂപ്പുകളെത്തിയേക്കും. മൂന്ന് ദ്വീപുകളിലായുള്ള 806 കോടി രൂപയുടെ ഇക്കോ ടൂറിസംപദ്ധതിക്ക് ആഗോള ടെൻഡർ വിളിച്ചതിന് പിന്നാലെ നടന്ന നിക്ഷേപകസംഗമത്തിനെത്തിയത് 16 പ്രധാന ഹോട്ടൽ ഗ്രൂപ്പുകളാണ്. ലക്ഷദ്വീപിലെ പാരിസ്ഥിതക സന്തുലനത്തെ ഇത് തകിടം മറിച്ചേക്കും. ആവസാ വ്യവസ്ഥയും മാറും.

രാജ്യത്തെ ആദ്യത്തെ വാട്ടർവില്ല ടൂറിസം പദ്ധതിയാണ് ലക്ഷദ്വീപിലേത്. നീതി ആയോഗിന്റെ പിന്തുണയോടെ ലക്ഷദ്വീപ് ഭരണകൂടമാണ് പദ്ധതി ആവിഷ്‌കരിച്ചത്. സമഗ്ര ടൂറിസം വികസനമാണ് ലക്ഷ്യം. വരുമാനം ഉയർത്താനാണ് നീക്കം. ഇത് ദ്വീപ് നിവാസികളുടെ ജീവിത നിലവാരം ഉയർത്തുമെന്നും തൊഴിൽ സാധ്യത കൂട്ടുമെന്നും പറയുന്നു. എന്നാൽ നാട്ടുകാർ ആശങ്കയിലാണ്.

മിനിക്കോയ്, സുഹേലി, കടമത്ത് ദ്വീപുകളിലായി 370 കടൽസുഖവാസ വസതികളാണ് വിഭാവനംചെയ്യുന്നത്. മിനിക്കോയിയിൽ 150 കടൽ സുഖവാസവസതികൾ 319 കോടി രൂപ ചെലവിൽ നിർമ്മിക്കും. സുഹേലിയിലും കടമത്തും 110 എണ്ണം വീതം 247, 240 കോടിരൂപ ചെലവിൽ നിർമ്മിക്കും. ആഗോള ടെൻഡറിൽ പങ്കെടുക്കേണ്ട അവസാനതീയതി ഈമാസം 17-ന് അവസാനിക്കും.

താജ്, റാഡിസൺ, ഒബ്റോയ്, സി.ജി.എച്ച്. എർത്ത്, റോയൽ ഓർക്കിഡ്, ഐ.ടി.സി. ഹോട്ടൽസ് തുടങ്ങിയ ഹോട്ടൽ ഗ്രൂപ്പുകളാണ് നിക്ഷേപകസംഗമത്തിൽ പങ്കെടുത്തത്. നീതി ആയോഗ് സിഇഒ. അമിതാഭ് കാന്ത്, കേന്ദ്ര ടൂറിസം സെക്രട്ടറി അരവിന്ദ് സിങ്, ആഭ്യന്തരമന്ത്രാലയം അഡീഷണൽ സെക്രട്ടറി ഗോവിന്ദ് മോഹൻ തുടങ്ങിയവരും പങ്കെടുത്തു.

75 വർഷത്തേക്കാണ് ഹോട്ടൽ ഗ്രൂപ്പുകൾക്ക് ദ്വീപുകളിലെ വിനോദസഞ്ചാരമേഖല ലഭിക്കുക. ഫലത്തിൽ ലക്ഷദ്വീപിലെ കണ്ണായ സ്ഥലമെല്ലാം വൻ ഗ്രൂപ്പുകൾക്കാകും. ഇതോടെ ദ്വീപ് നിവാസികളുടെ മത്സ്യ ബന്ധനം അടക്കം പ്രതിസന്ധിയിലാകും. അടിസ്ഥാന സൗകര്യങ്ങൾ വികസിക്കുമ്പോൾ അതിന്റെ നേട്ടം നാട്ടുകാർക്കുപരി വൻകിട കമ്പനികൾക്ക് ലഭിക്കുന്ന അവസ്ഥയുണ്ടാക്കും.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജിയാണ് (എൻ.ഐ.ഒ.ടി.) പരിസ്ഥിതി ആഘാത പഠനറിപ്പോർട്ട് തയ്യാറാക്കിയത്. തീരദേശമേഖല നിയന്ത്രണ അനുമതിയും ലഭിച്ചു. കടമത്ത്, കവരത്തി (സുഹേലി ദ്വീപിൽ ആൾതാമസമില്ലാത്തതിനാൽ കവരത്തിക്ക് കീഴിലാണ്), മിനിക്കോയ് എന്നീ ദ്വീപു പഞ്ചായത്തുകളുടെ എതിർപ്പില്ലാരേഖ 2019 സെപ്റ്റംബറിൽ ലഭിച്ചതായി ഭരണകൂടരേഖകളിൽ പറയുന്നു.

ബാർ ലൈസൻസുകൾക്ക് അടക്കമാണ് ഈ എതിർപ്പില്ലാരേഖ. അതായത് ഇനി മദ്യ കച്ചവടവും ലക്ഷദ്വീപിൽ പൊടിപൊടിക്കും. ഇതിനെതിരെ പ്രതിരോധം തീർക്കാനാണ് സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നീക്കം. എന്നാൽ ഭരണകൂടം ശക്തമായ നിലപാടുകളുമായി പ്രതിഷേധത്തെ അവഗണിക്കുമ്പോൾ റിസോർട്ട് മാഫിയയ്ക്ക് അത് നേട്ടമാകും.