കവരത്തി: ലക്ഷദ്വീപിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങൾ അവഗണിച്ച് പുതിയ തീരുമാനങ്ങളും കടുത്ത നിയന്ത്രണങ്ങളും ഏർപ്പെടുത്തി അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേൽ.

ദ്വീപിലെ എയർ ആംബുലൻസ് സംവിധാനത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നതാണ് 24 ന് പുറത്തിറക്കിയ പുതിയ ഉത്തരവ്. വിദഗ്ധ ചികിത്സയ്ക്കായി എയർ ആംബുലൻസിൽ മാറ്റേണ്ട രോഗികളുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ അഡ്‌മിനിസ്‌ട്രേറ്റർ നാലംഗ സമിതിയെ നിയോഗിച്ചു.

മെഡിക്കൽ ഡയറക്ടർ ഉൾപ്പെടുന്ന നാലംഗ സമിതിയുടെ തീരുമാനത്തിന് അനുസരിച്ച് മാത്രമേ ഇനി രോഗികളെ എയർ ആംബലൻസിൽ മാറ്റാൻ സാധിക്കു. കമ്മിറ്റിയുടെ അനുമതി ഇല്ലെങ്കിൽ രോഗികളെ കപ്പൽ മാർഗമേ മാറ്റാൻ സാധിക്കുകയുള്ളു.

നേരത്തെ അതാത് ദ്വീപുകളിലെ മെഡിക്കൽ ഓഫീസർക്ക് എയർ ആംബുലൻസിന് അനുമതി നൽകാൻ സാധിക്കുായിരുന്നു. പുതിയ തീരുമാനം ദ്വീപിലെ സാഹചര്യം കൂടുതൽ സങ്കീർണാക്കുമുെന്നാണ് ദ്വീപ് നിവാസികൾ പറയുന്നത്.

വിവിധ വകുപ്പുകളിലെ കാര്യക്ഷമതയില്ലാത്ത ജീവനക്കാരെ കണ്ടെത്താനാവശ്യപ്പെടുന്ന പുതിയ ഉത്തരവും ഇറക്കിയിട്ടുണ്ട്. കാര്യക്ഷമതയില്ലാത്ത ജീവനക്കാർക്കെതിരേ നടപടിയുണ്ടായേക്കും. വിവിധ വകുപ്പുകളിലെ കരാർ ജീവനക്കാരായ ദ്വീപുകാരെ പിരിച്ചുവിട്ടതിൽ വലിയ പ്രതിഷേധമുയരുന്നതിനിടെയാണ് പുതിയ തീരുമാനം. നിയമന രീതികൾ പുനഃപരിശോധിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.

ലക്ഷദ്വീപിലെ നിയമന രീതികളെല്ലാം അട്ടിമറിച്ചുകൊണ്ട് ഒരു സിലക്ഷൻ ബോർഡ് നേരത്തെതന്നെ രൂപീകരിച്ചിരുന്നു. അതിൽ ലക്ഷദ്വീപിലെ ഒരു ജനപ്രതിനിധിയെയും ഉൾപ്പെടുത്തിയിട്ടില്ല. ഉത്തരേന്ത്യയിലെ ഉദ്യോഗസ്ഥർ മാത്രമാണ് ബോർഡിലുള്ളത്.

ഇതിനു പിന്നാലെയാണ് കാര്യക്ഷമമായി പ്രവർത്തിക്കാത്ത ജീവനക്കാരുടെ പട്ടിക തയാറാക്കാനുള്ള നീക്കവും. കൂടുതൽ ആളുകളെ സർവീസിൽനിന്നു പിരിച്ചുവിടാനുള്ള നീക്കമാണിതെന്നു സംശയിക്കപ്പെടുന്നു.

അതേസമയം അഡ്‌മിനിസ്‌ട്രേറ്റർക്കെതിരേ പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യാൻ ദ്വീപിൽ വ്യാഴാഴ്ച സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്. വൈകീട്ട് നാല് മണിക്ക് ഓൺലൈനായി ചേരുന്ന യോഗത്തിൽ എംപി ഉൾപ്പെടെ ദ്വീപിലെ എല്ലാ പാർട്ടികളുടെ നേതാക്കളും പങ്കെടുക്കും. യോഗത്തിൽ പങ്കെടുക്കുന്ന കാര്യം ചർച്ചചെയ്ത് തീരുമാനിക്കുമെന്ന് ദ്വീപിലെ ബിജെപി നേതൃത്വം വ്യക്തമാക്കി.

അഡ്‌മിനിസ്‌ട്രേറ്ററെ തിരികെ വിളിക്കുക, പരിഷ്‌കാരങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഷ്ട്രപതിക്ക് ഭീമഹർജി നൽകാനുള്ള ഒരുക്കത്തിലാണ് ദ്വീപ് നിവാസികൾ. ഇതിനായുള്ള ഒപ്പു ശേഖരണം പുരോഗമിക്കുകയാണ്.

ഹൈക്കോടതിയിലും സുപ്രീംകോടതിയുലുമായി നിയമനടപടികൾ സ്വീകരിക്കാനും ലക്ഷദ്വീപ് എംപിയും വിവിധ സംഘടനകളും ആലോചന തുടങ്ങിയിട്ടുണ്ട്. അഡ്‌മിനിസ്‌ട്രേറ്റർക്കെതിരേ ദേശീയ തലത്തിൽ പ്രക്ഷോഭം സംഘടിപ്പിക്കാൻ എൻസിപിയും തീരുമാനിച്ചിട്ടുണ്ട്.