കണ്ണൂർ: പാർട്ടി ദേശീയ ഉപാധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടിയെ ലക്ഷദ്വീപ് സംഘടനാ ചുമതലയിൽ നിന്നും മാറ്റാനൊരുങ്ങി ബിജെപി ദേശീയ നേതൃത്വം. ലക്ഷദ്വീപ് വിഷയത്തിൽ വിവാദം കത്തി പടരവെ സംഘടനാപരമായി വീഴ്‌ച്ച പറ്റിയെന്ന വിവർശനത്തെ തുടർന്നാണിത്. ഈ വിഷയത്തിൽ കണ്ണൂരിൽ നിന്നുൾപെടെയുള്ള ബിജെപി നേതാക്കൾ ദേശീയ നേതൃത്വത്തെ വിമർശനമറിയിച്ചിട്ടുണ്ട്.

ലക്ഷദ്വീപിൽ ബിജെപി ഘടകത്തിൽ നിന്നുമുള്ള കൂട്ടരാജി തുടരുകയാണ് ഇതേ സ്ഥിതിയിലാണ് മുൻപോട്ടു പോകുന്നതെങ്കിൽ ദ്വീപ് സമൂഹത്തിൽ ഒരാൾ പോലും ദ്വീപ് സമൂഹത്തിൽ ഭാരതീയ ജനതാ പാർട്ടിക്ക് അംഗമായി ഉണ്ടാവില്ലെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് അബ്ദുള്ളക്കുട്ടിയെ സംഘടനാ ചുമതലയിൽ നിന്നും മാറ്റി മുഖം രക്ഷിക്കണമെന്ന വാദമുയർന്നിട്ടുള്ളത്. തൊണ്ണൂറു ശതമാനം മുസ്ലിം സമുദായമുള്ള ലക്ഷദ്വീപിൽ സംഘടനാ പ്രഭാരിയായി അഖിലേന്ത്യാ അധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടിക്ക് ചുമതല നൽകുമ്പോൾ ദ്വീപ് ജനസമുഹത്തിൽ നിർണായക സ്വാധിനം ചെലുത്താൻ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു അഖിലേന്ത്യാ നേതൃത്വം.

എന്നാൽ ഏറെ നാളായി ലക്ഷദ്വീപിൽ അഡ്‌മിനിസ്‌ട്രേറ്റർ നടപ്പിലാക്കുന്ന ഭരണപരിഷ്‌കാരങ്ങൾ ദ്വീപ് ജനതയിലും സ്വന്തം പാർട്ടിക്കാരിലുമുണ്ടാക്കിയ പ്രതികൂല വികാരവും അമർഷവും ദേശീയ നേതൃത്വത്തെ തക്കസമയത്ത് അറിയിക്കാൻ അബ്ദുള്ളക്കുട്ടിക്ക് കഴിഞ്ഞില്ലെന്നാണ് വിലയിരുത്തൽ. അമിത് ഷായുടെ വിശ്വസ്തനായ പ്രഫുൽ പട്ടേലിനെ ഭയന്ന് അബ്ദുള്ളക്കുട്ടി സംഘടനാപരമായി പാർട്ടിക്ക് സംഭവിക്കുന്ന ദോഷങ്ങൾ അഖിലേന്ത്യാ നേതൃത്വത്തെ അറിയിക്കാൻ ശ്രമിക്കാത്തതാണ് ലക്ഷദ്വീപിലെ സ്ഥിതി വഷളാക്കിയതെന്ന് കണ്ണൂരിലെ ബിജെപി നേതാക്കളിലൊരാൾ പറഞ്ഞു.

എന്തു തന്നെയായാലും ലക്ഷദ്വീപിലെ സംഭവ വികാസങ്ങളിൽ പാർട്ടി അഖിലേന്ത്യാക്ഷൻ ജെ.പി നദ്ദ അതൃപ്തനാണെന്നാണ് വിവരം. അബ്ദുള്ളക്കുട്ടിയെ ലക്ഷദ്വീപ് ചുമതലയിൽ നിന്നും മാറ്റുന്നതടക്കമുള്ള നടപടികൾ കേന്ദ്ര നേതൃത്വം സ്വീകരിക്കുമെന്നാണ് സൂചന. ലക്ഷദ്വീപിൽ അബ്ദുള്ളക്കുട്ടിക്ക് കടുത്ത എതിർപ്പാണ് നേരിടേണ്ടി വന്നിരിക്കുന്നത്. ബിജെപി സംഘടനാ പ്രഭാരിയായി ചുമതലയുള്ള അബ്ദുള്ളക്കുട്ടിക്ക് ദ്വീപ് സമൂഹത്തിൽ കാൽ കുത്താൻ കഴിയാത്ത അവസ്ഥയാണുള്ളത്.

പ്രഫുൽ പട്ടേലിന്റെ ഭരണപരിഷ്‌കാര നടപടികളിൽ പ്രതിഷേധിച്ച് ബിജെപി ലക്ഷദ്വീപ് ഘടകം ഉപാധ്യക്ഷൻ എംസി മുത്തുകോയ , മുൻ ട്രഷറർ ബി ഷുക്കൂർ എന്നിവരുൾ പെടെ എട്ട് മുതിർന്ന നേതാക്കളാണ് രാജിവെച്ചത്. പാർട്ടി ജനറൽ സെക്രട്ടറി മുഹമ്മദ് കാസിം ഉൾപ്പെടെയുള്ളവർ രാജിവെച്ചില്ലെങ്കിലും കടുത്ത എതിർപ്പുമായി നിൽക്കുകയാണ്. ലക്ഷദ്വീപ് ഘടകം പ്രസിഡന്റ് അബ്ദുൾ ഖാദർ ഹാജി ഉൾപ്പെടെ ഏതാനും പേർ മാത്രമാണ് പ്രഫുൽ പട്ടേലിനെ പിൻതുണക്കാൻ തയ്യാറായിട്ടുള്ളത്. ലക്ഷദ്വീപ് ഭരണപരിഷ്‌കാരങ്ങളെ ചൊല്ലിയുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ദ്വീപിൽ സർവകക്ഷി യോഗം ചേരുന്നുണ്ട്.

അഡ്‌മിനിസ്‌ട്രേറ്ററുടെ സാന്നിധ്യത്തിൽ ചേരുന്ന യോഗത്തിൽ ബിജെപി ഉൾപ്പെടെയുള്ള മുഴുവൻ പാർട്ടികളും പങ്കെടുക്കുന്നുണ്ട്. ഇതിനിടെ ലക്ഷദ്വീപ് വിഷയവും സംഘടനയിലുണ്ടായ സംഭവവികാസങ്ങളും കേന്ദ്ര നേതൃത്വത്തെ ധരിപ്പിക്കുന്നതിനായി അബ്ദുള്ളക്കുട്ടി ഡൽഹിയിലേക്ക് പോകുമെന്ന സൂചനയുമുണ്ട്.