കവരത്തി: ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്റെ ഏകപക്ഷീയ നടപടികളിൽ പ്രതിഷേധം കത്തുന്നതിനിടെ ലക്ഷദ്വീപ് ബിജെപിയിൽ കൂട്ടരാജി. യുവമോർച്ച ജനറൽ സെക്രട്ടറി പി.പി. മുഹമ്മദ് ഹാഷിം ഉൾപ്പെടെ എട്ടുപേർ രാജിവച്ചു.

ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്ററുടെ ഏകപക്ഷീയ നടപടികളിൽ പ്രതിഷേധിച്ചാണു രാജി. ലക്ഷദ്വീപിന്റെ ചുമതലയുള്ള എ.പി. അബ്ദുല്ലക്കുട്ടിക്കു രാജിക്കത്ത് കൈമാറി.

മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി. മുത്തുക്കോയ, മുൻ ട്രഷറർ ബി. ഷുക്കൂർ, യുവമോർച്ച ജനറൽ സെക്രട്ടറി പി.പി. മുഹമ്മദ് ഹാഷിം, മുൻ യൂണിറ്റ് പ്രസിഡന്റ് എം.ഐ. മഹമൂദ്, അഗംങ്ങളായ പി.പി. ജംഹർ, അൻവർ ഹുസൈൻ, എൻ. അഫ്‌സൽ, എൻ. റമീസ് എന്നിവരാണു രാജിവച്ചതായി അറിയിച്ചത്.

ലക്ഷദ്വീപിൽ വരുത്തുന്ന മാറ്റങ്ങൾക്ക് പിന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വലിയ സ്വപ്നങ്ങളുണ്ടെന്ന് ബിജെപി നേതാവ് അബ്ദുല്ലക്കുട്ടി ചൊവ്വാഴ്ച പ്രതികരിച്ചിരുന്നു.

ജനവിരുദ്ധ നയങ്ങൾ പുനഃപരിശോധിക്കണമെന്നവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ചെന്ന് ലക്ഷദ്വീപ് ബിജെപി ജനറൽ സെക്രട്ടറി മുഹമ്മദ് കാസീം നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണു നേതാക്കളുടെയും പ്രവർത്തകരുടെയും രാജി പ്രഖ്യാപനം.

പുതിയ അഡ്‌മിനിസ്‌ട്രേറ്റർ ചുമതലയേറ്റെടുത്തതിനു പിന്നാലെ നടത്തിയ പരിഷ്‌കാരങ്ങൾ ജനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുവെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഏപ്രിൽ 20ന് എഴുതിയ കത്ത് ഇപ്പോൾ പുറത്തുവന്നു.

ഗുണ്ടാ ആക്ടും ബീഫ് നിരോധനവും നടപ്പിലാക്കരുതെന്നും കർഷകർക്കു നൽകി വന്ന സഹായങ്ങൾ നിർത്തലാക്കിയതിനെ കുറിച്ചും സ്‌കൂളുകൾ അടച്ചുപൂട്ടിയതിനെക്കുറിച്ചും കരാർ ജീവനക്കാർ ഉൾപ്പെടെയുള്ളവരെ പിരിച്ചുവിട്ടതിനെക്കുറിച്ചും കത്തിൽ പരാമർശിക്കുന്നു. മുൻ അഡ്‌മിനിസ്‌ട്രേറ്റർ ദിനേശ്വർ ശർമയുടെ മരണശേഷം ലക്ഷദ്വീപിന്റെ ചുമതലയേറ്റെടുത്ത പ്രഫുൽ ഖോഡ പട്ടേൽ, കേന്ദ്രഭരണ പ്രദേശത്തേക്കു വരാറില്ലെന്നും കാസിം കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

2020 ഒക്ടോബറിലാണ് ചുമതല ഏറ്റെടുത്തത്. ഇതിനു പിന്നാലെ വെറും മൂന്നുതവണ മാത്രമാണ് അദ്ദേഹം ലക്ഷദ്വീപിൽ എത്തിയത്. ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ഹ്രസ്വ സന്ദർശനങ്ങളായിരുന്നു അവ. കഴിഞ്ഞ രണ്ടു മാസമായി അദ്ദേഹം എത്തിയിട്ടേയില്ല. ലക്ഷദ്വീപിൽ ഭരണസ്തംഭനം ഉണ്ടെന്നും കാസിം വ്യക്തമാക്കി.

ലക്ഷദ്വീപ് ബിജെപി ഘടകത്തോട് ആലോചിക്കാതെയാണു പുതിയ അഡ്‌മിനിസ്‌ട്രേറ്ററുടെ പല തീരുമാനങ്ങളും. ദ്വീപിന്റെ നിലവിലെ അവസ്ഥ പരിതാപകരമാണ്. ജനങ്ങളുടെ വിഷമങ്ങൾ പരിഹരിക്കാൻ ആരുമില്ല. ദ്വീപിന്റെ ഭരണം പഴയതുപോലെ പുനഃസ്ഥാപിക്കാൻ അടിയന്തര പുനരാലോചന നടത്തണം. വികസന കാര്യങ്ങൾ സ്വാഗതം ചെയ്യുന്നു. കേന്ദ്രത്തിന് ഹിഡൻ അജൻഡ ഇല്ലെന്നും മുഹമ്മദ് കാസീം പ്രതികരിച്ചു