കവരത്തി: അഡ്‌മിനിസ്‌ട്രേറ്ററുടെ ഭരണപരിഷ്‌ക്കാരങ്ങളിൽ പ്രതിഷേധിച്ച് ലക്ഷദ്വീപിൽ തിങ്കളാഴ്ച ജനകീയ നിരാഹാര സമരം. വ്യാപാര സ്ഥാപനങ്ങൾ അടച്ചിടാനും തീരുമാനമായി. മെഡിക്കൽ ഷോപ്പുകൾ ഒഴികെയുള്ള കടകൾ അടച്ചിടും. പണിമുടക്കിനും സേവ് ലക്ഷദ്വീപ് ഫോറം ആഹ്വാനം ചെയ്തിട്ടുണ്ട്.

സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിലാണ് 12 മണിക്കൂർ നിരാഹാരം സംഘടിപ്പിക്കുന്നത്. നിരാഹാര സമരത്തിന്റെ പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി. പ്രമേഹം പോലുള്ള രോഗങ്ങളുള്ളവർക്ക് അടിയന്തര ചികിത്സ വേണ്ടി വന്നാൽ സംവിധാനമൊരുക്കണമെന്നാണ് നിർദ്ദേശം. മുൻകരുതലുണ്ടാകണമെന്ന് ഓരോ ദ്വീപിലെയും ആരോഗ്യപ്രവർത്തകർക്ക് നിർദ്ദേശം നൽകി.

മുഴുവൻ ജനങ്ങളെയും സമരത്തിൽ പങ്കെടുപ്പിക്കുന്നതിനായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ എല്ലാ ദ്വീപുകളിലും കമ്മിറ്റികൾ രൂപീകരിച്ചു. ദ്വീപിലെ ബിജെപി നേതൃത്വത്തിന്റെ പിന്തുണയും സമരത്തിനുണ്ട്.

അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ കടുത്ത പ്രതിഷേധങ്ങളിലേക്ക് കടക്കുമെന്ന് സേവ് ലക്ഷദ്വീപ് ഫോറം കൺവീനർ യുസികെ തങ്ങൾ അറിയിച്ചു. സംഘടിത പ്രതിഷേധം മുന്നിൽ കണ്ട് ലക്ഷദ്വീപിൽ കനത്ത സുരക്ഷയാണ് ഒരുക്കുന്നത്. ദ്വീപിലേക്ക് പുറത്ത് നിന്ന് ആളുകളെത്തുന്നതിന് മത്സ്യബന്ധന ബോട്ടുകളിലടക്കം നിരീക്ഷണം ശക്തമാക്കി. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ആളുകൾ കൂട്ടം കൂടിയാൽ ഉടൻ കസ്റ്റഡിയിലെടുക്കാനാണ് നിർദ്ദേശം.