കൊച്ചി: ലക്ഷദ്വീപ് ജനതയെ ബാധിക്കുന്ന ഭേദഗതികൾ കരടിൽനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ദ്വീപിന്റെ ചുമതലയുള്ള ബിജെപി. നേതാക്കൾ ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും. വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ ബിജെപിക്കുള്ളിൽ പലിധത്തിലുള്ള അഭിപ്രായങ്ങൾ ഉയർന്നിരുന്നു. പ്രത്യക്ഷമായ എതിർപ്പ് ചിലർ ഉന്നയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച.

ബിജെപി. വൈസ് പ്രസിഡന്റും ലക്ഷദ്വീപിന്റെ ചുമതലയുമുള്ള എ.പി. അബ്ദുള്ളക്കുട്ടി, ബിജെപി. ലക്ഷദ്വീപ് പ്രസിഡന്റ് അബ്ദുൾ ഖാദർ, ബിജെപി. ലക്ഷദ്വീപ് വൈസ് പ്രസിഡന്റ് മുത്തുക്കോയ എന്നിവർ ബിജെപി. സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും.

പുതുതായി മുന്നോട്ടുവെച്ച കരടിൽ ദ്വീപ് നിവാസികളുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്ന കാര്യങ്ങളുണ്ട്. അക്കാര്യങ്ങൾ കരടിൽനിന്ന് മാറ്റണം എന്ന ആവശ്യമാണ് ഇവർ മുന്നോട്ടുവെക്കുക. അഡ്‌മിനിസ്ട്രേറ്ററുമായി ബന്ധപ്പെട്ട കാര്യവും ചർച്ചയിൽ ഇടംപിടിക്കുമെന്നാണ് വിവരം.

അതേസമയം ലക്ഷദ്വീപിൽ നിയമങ്ങൾ കൂടുതൽ കർശനമാക്കിയിരിക്കുകയാണ്. യാത്രാനിയന്ത്രണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇന്നു മുതൽ നിലവിൽ വന്നു. എഡിഎമ്മിന്റെ അനുമതിയോടെ മാത്രമേ ഇനി ദ്വീപിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ. സന്ദർശക പാസുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളും നിലവിൽ വന്നുകഴിഞ്ഞു.

കോവിഡ് പശ്ചാത്തലം മുൻനിർത്തിയാണ് ദ്വീപിലേക്കുള്ള സന്ദർശകരുടെ പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ഓരോ ദ്വീപിലേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ അനുമതിയുണ്ടെങ്കിൽ ദ്വീപ് സന്ദർശിക്കാൻ കഴിയുമായിരുന്നു.

സംസ്ഥാനത്തെ പല രാഷ്ട്രീയ കക്ഷികളും തങ്ങളുടെ പ്രതിനിധി സംഘത്തെ ലക്ഷദ്വീപിലേക്ക് അയയ്ക്കാൻ അപേക്ഷയുമായി എത്തിനിൽക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നടപടി ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുണ്ടായത് എന്നുള്ളത് ശ്രദ്ധേയമാണ്.

നിലവിൽ പാസ്സുള്ള വ്യക്തികൾക്ക് പോലും ഒരാഴ്ച പിന്നിട്ടുകഴിഞ്ഞാൽ ദ്വീപിൽ തങ്ങാൻ കഴിയാത്ത സാഹചര്യം ഉണ്ടാകും. അവർക്ക് പാസ് പുതുക്കി നൽകണോ എന്ന് തീരുമാനിക്കേണ്ടത് എഡിഎമ്മാണ്.

ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങൾക്കെതിരേ പ്രതിഷേധം ഉയരുന്നതിനിടയിലാണ് സന്ദർശകർക്കുള്ള പ്രവേശനാനുമതിയും കടുപ്പിക്കുന്നത്. പ്രതിഷേധവുമായി ബന്ധപ്പെട്ട് 24 പേർ ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്.