കൊല്ലം:യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ നടി ലക്ഷ്മി പ്രമോദിനെ രക്ഷിച്ചെടുക്കാൻ രാഷ്ട്രീയ ഇടപെടൽ നടക്കുന്നു എന്ന മറുനാടൻ മലയാളിയുടെ വാർത്ത ശരിവയ്ക്കുന്ന ഫോൺ സംഭാഷണം പുറത്തായി. കൊല്ലത്തെ കോൺഗ്രസ് നേതാവായ പാലത്തറ രാജീവ് പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറിയായ മൈലക്കാട് ഷായോട് പ്രശ്നം ഗുരുതരമാക്കരുത് എന്ന് സംസാരിക്കുന്ന ഫോൺ സംഭാഷണമാണ് പുറത്തുവന്നത്. ലക്ഷ്മി പ്രമോദ് ഹിന്ദുവാണെന്നും നമ്മുടെ വേണ്ടപ്പെട്ടയാളുമാണെന്നും അതിനാൽ സമരപരിപാടികളിൽ നിന്നും പിന്മാറണമെന്നുമാണ് രാജീവ് ഫോൺ സംഭാഷണത്തിൽ പറയുന്നത്.

കഴിഞ്ഞ ദിവസമാണ് ഇരുവരും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്ത് വന്നത്. ലക്ഷ്മി പ്രമോദിന്റെ നിർദ്ദേശ പ്രകാരമാണ് പാലത്തറ രാജീവ് സംഭവത്തിൽ ഇടപെടുന്നതെന്ന് ഫോൺ സംഭാഷണത്തിൽ വ്യക്തമാണ്. മൈലക്കാട് ഷായുടെ നേതൃത്വത്തിലാണ് റംസിക്ക് നീതി ലഭിക്കണമെന്നാവിശ്യപ്പെട്ട് ശക്തമായ സമരപരിപാടികൾ നടത്തുന്നത്. ഇതിൽ നിന്നും പിന്മാറണമെന്നാണ് രാജീവ് ആവിശ്യപ്പെടുന്നത്. എന്നാൽ അത് സാധ്യമല്ലെന്നും പെൺകുട്ടിക്ക് നീതി ലഭിക്കാനായി വരും ദിവസം ലക്ഷ്മിയുടെ ഭർതൃ വീടിന് മുന്നിലേക്ക് സമര പരിപാടികൾ നീട്ടും എന്ന് മൈലക്കാട് ഷാ പറഞ്ഞു. അങ്ങനെ ചെയ്ത് പ്രശ്നം ഗുരുതരമാക്കരുത് എന്ന് രാജീവ് പറയുന്നതും ഫോൺ സംഭാഷണത്തിൽ വ്യക്തമാണ്. ഇതോടെ സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിരിക്കുകയാണ്.

അതേ സമയം ലക്ഷ്മി പ്രമോദിന് വേണ്ടി യാതൊരു സഹായവും ആരോടും അഭ്യർത്ഥിച്ചിട്ടില്ല എന്ന് പാലത്തറ രാജീവ് മറുനാടൻ നലയാളിയോട് പറഞ്ഞു. റംസി മരണപ്പെട്ട ദിവസം ലക്ഷ്മി പ്രമോദ് തന്റെ അനുജൻ സ്നേഹിച്ച പെൺകുട്ടിയാണ് എന്ന് പറയുകയും പിഡിപി വീട്ടിിലേക്ക് പ്രതിഷേധം നടത്തുമെന്നും അറിഞ്ഞതായി പറഞ്ഞു. ആവിശ്യമില്ലാത്ത വിവാദമാണെന്നും അതിനാൽ ഇത് ഒഴിവാക്കാൻ കഴിയുമോ എന്നും ചോദിച്ചു. എന്റെ അയൽക്കാരായതിനാൽ എന്താണ് സംഭവമെന്നറിയാൻ മൈലക്കാട് ഷായെ വിളിച്ചിരുന്നു. പെൺകുട്ടി മരണപ്പെട്ട ദിവസം ഇത്രയും വിവാദമായിരുന്നില്ല-പാലത്തറ രാജീവ് പറയുന്നു.

അതിനാലാണ് സമരപരിപാടികൾ ഒഴിവാക്കാമോ എന്ന് ചോദിച്ചത്. പ്രശ്നത്തിന്റെ ഗൗരവം എന്നോട് അദ്ദേഹം വിശദീകരിച്ചതോടെ ഞാൻ പിന്നീട് ഈ വിഷയത്തിൽ ഒന്നിനും ഇടപെട്ടില്ല. റംസിയുടെ മരണത്തിന് ഉത്തരവാദി ഹാരിഷ് മുഹമ്മദും കുടുംബവുമാണെന്ന് അറിഞ്ഞതോടെ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ ഞാൻ തന്നെ മുന്നിൽ നിന്നാണ് പ്രതിഷേധ പരിപാടികൾ നടത്തുന്നത്. റംസിയുടെ കുടുംബത്തിന് നീതി ലഭിക്കാനായി സമരം ശക്തമാക്കിയപ്പോൾ രാഷ്ട്രീയ വിരോധം തീർക്കാനായാണ് ഇപ്പോൾ ഈ ഫോൺ സംഭാഷണം പുറത്ത് വിട്ടതെന്നും പാലത്തറ രാജീവ് പറയുന്നു.

വ്യാഴാഴ്ച ഉച്ചയോടെയാണ് കൊട്ടിയം കൊട്ടുംപുറം പള്ളിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന ഇരവിപുരം വാളത്തുംഗൽ വാഴക്കൂട്ടത്തിൽ പടിഞ്ഞാറ്റതിൽ റഹീമിന്റെ മകൾ റംസി(24) വീടിനുള്ളിൽ തൂങ്ങി മരിച്ചത്. പള്ളിമുക്ക് സ്വദേശിയും സീരിയൽതാരം ലക്ഷ്മിപ്രമോദിന്റെ ഭർതൃ സഹോദരനുമായ ഹാരിഷ് മുഹമ്മദാണ് വിവാഹത്തിൽ നിന്നും പിന്മാറിയത്. ഇതിന്റെ മനോ വിഷമത്തിലാണ് റംസി ആത്മഹത്യ ചെയ്തത്. കഴിഞ്ഞ 10 വർഷമായി റംസിയും ഹാരിഷും പ്രണയത്തിലായിരുന്നു. പിന്നീട് വളയിടീൽ ഉൾപ്പെടെയുള്ള ചടങ്ങുകൾ നടത്തിയതിന് ശേഷമാണ് ഇയാൾ വിവാഹത്തിൽ നിന്നും പിന്മാറിയത്. ഇതിനിടയിൽ റംസിയെ ഗർഭിണിയാക്കുകയും പിന്നീട് അബോർഷംൻ നടത്തുകയും ചെയ്തിരുന്നു.

ലക്ഷ്മി പ്രമോദിന്റെ ഗൂഢാലോചനയാണ് ഹാരിഷിൽ നിന്നും ഗർഭിണിയായ റംസിയെ നിർബന്ധിപ്പിച്ച് അബോർഷൻ നടത്തിയത്. ഇതിനായി ഷൂട്ടിങ് ലൊക്കേഷനിൽ മകളെ നോക്കാനായി കൊണ്ടു പോകുകയാണ് എന്ന് കള്ളംപറഞ്ഞാണ് റംസിയെ വീട്ടിൽ നിന്നും വിളിച്ചു കൊണ്ടു പോയത്. സ്ഥിരമായി ഷൂട്ടിങ് ലൊക്കേഷനുകളിൽ ലക്ഷ്മി റംസിയെ കൊണ്ടു പോകുന്നതിനാൽ ആർക്കും സംശയം തോന്നിയിരുന്നില്ല. പിന്നീട് ബംഗളൂരുവിലെ ആശുപത്രിയിൽ എത്തിച്ചാണ് ഗർഭച്ഛിദ്രം നടത്തിയത്.

ഇതിനായി സമീപത്തെ മഹല്ല് കമ്മറ്റിയിൽ നിന്നും വ്യാജ വിവാഹ രേഖ സംഘടിപ്പിക്കുകയും ചെയ്തു. ലക്ഷ്മി സ്ഥിരമായി ഷൂട്ടിങ് ലൊക്കേഷനുകളിൽ കൊണ്ടു പോകുകയാണ് എന്ന് പറഞ്ഞ് റംസിയെ വീട്ടിൽ നിന്നും ഇറക്കി വലപ്പോഴും ഹാരിഷിനൊപ്പം കൂട്ടി വിടുകയായിരുന്നു ചെയ്തിരുന്നത്. ഇത്തരത്തിൽ എല്ലാ ഒത്താശയും ചെയ്തു കൊടുത്ത ലക്ഷ്മിയും സംഭവത്തിൽ കുറ്റക്കാരിയാണ്.

എന്നാൽ ലക്ഷ്മിയെ രക്ഷിച്ചെടുക്കാൻ ഉന്നത ഇടപെടലുകൾ പൊലീസിന് മേൽ ഉണ്ടാകുന്നുണ്ട്. ഇതിന്റെ പ്രതിഫലനമാണ് രാഷ്ട്രീയ നേതാവിന്റെ ഉടപെടലെന്നാണ് ആക്ഷേപം.