പട്‌ന: നിലപാടുകളിൽ അടിക്കടി മലക്കം മറിയുന്ന ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ വിശ്വസിക്കാൻ കൊള്ളില്ലെന്ന് ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്. ഇക്കാരണത്താലാണു താൻ നിതീഷിനെ 'പൾട്ടി റാം' എന്നു കളിയാക്കുന്നത്. ഇനിയൊരിക്കലും തിരഞ്ഞെടുപ്പിൽ നിതീഷുമായി സഖ്യമുണ്ടാക്കില്ലെന്നും ലാലു പ്രതികരിച്ചു.

പതിനഞ്ചു വർഷത്തെ ഭരണത്തിൽ നിതീഷ് കുമാർ ബിഹാറിനു വേണ്ടി ഒന്നും ചെയ്തിട്ടില്ല. ബിഹാറിനു പ്രത്യേക സംസ്ഥാന പദവി നേടിയെടുക്കാൻ നിതീഷിനു കഴിഞ്ഞില്ലെന്നു ലാലു കുറ്റപ്പെടുത്തി.

നിയമസഭാ തിരഞ്ഞെടുപ്പിൽ തേജസ്വി യാദവിനെ മുഖ്യമന്ത്രിയാക്കാനുള്ള ജനവിധി നിതീഷ് കുമാർ അട്ടിമറിച്ചതായും ലാലു ആരോപിച്ചു. 2015ലെ തിരഞ്ഞെടുപ്പിൽ ആർജെഡി- ജെഡിയു സഖ്യത്തിൽ കൂടുതൽ സീറ്റു നേടിയതു ആർജെഡിയായിട്ടും നിതീഷ് കുമാറിനെ താൻ മുഖ്യമന്ത്രിയാക്കി.

ഉപതിരഞ്ഞെടുപ്പു പ്രചാരണത്തിൽ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ തുടങ്ങിവച്ച ആക്രമണം ലാലു യാദവ് തുടരുകയാണ്. ഉപതിരഞ്ഞെടുപ്പു നടന്ന കുശേശ്വർ അസ്താൻ, താരാപുർ സീറ്റുകൾ പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ് ആർജെഡി.

രണ്ടു സീറ്റും ആർജെഡി നേടിയാൽ എൻഡിഎയിൽ പിളർപ്പുണ്ടാക്കി അധികാരത്തിലെത്താനാകുമെന്നും ലാലു അവകാശപ്പെട്ടിരുന്നു. ജെഡിയുവിന്റെ രണ്ടു സിറ്റിങ് സീറ്റുകളിലാണ് ഉപതിരഞ്ഞെടുപ്പു നടന്നത്. ഫലപ്രഖ്യാപനം നവംബർ രണ്ടിനാണ്.