കൊച്ചി: തല മുണ്ഡനം ചെയ്യുകയും മഹിളാ കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെക്കുകയും ചെയ്ത ലതികാ സുഭാഷിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ലാലി വിൻസെന്റ്. നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് കെപിസിസി ഓഫീസിനു മുന്നിലെത്തി തലമുണ്ഡനം ചെയ്ത ലതികാ സുഭാഷിന്റെ വികാരപ്രകടനം അസ്ഥാനത്താണെന്ന് ലാലി വിൻസെന്റ് പറഞ്ഞു. ലതികയുടെ ബാലിശമായ നടപടിയെ പുച്ഛത്തോടെ തള്ളുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. ലതികയ്ക്കും ഭർത്താവ് സുഭാഷിനും നൽകിയതുപോലെ പരി​ഗണന പാർട്ടി മറ്റാർക്കും നൽകിയിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടി.

വ്യക്തിപരമായി രണ്ടു പേരോടും സ്‌നേഹമുണ്ട്. എന്നാൽ, അസ്ഥാനത്തുള്ള പ്രതിഷേധത്തെ എതിർക്കുന്നു. മുണ്ഡനം ചെയ്ത മുടി വളരും, എന്നാൽ പാർട്ടിക്കുണ്ടായ അപമാനം മായ്ക്കാനാകില്ല. സ്ത്രീകൾക്ക് അവസരം ലഭിക്കേണ്ടത് ആവശ്യമാണ്. എനിക്കും തിക്താനുഭവങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ട്. എന്നാൽ പാർട്ടി നൽകിയ പദവികളെ നന്ദിയുള്ള അച്ചടക്കമുള്ള കോൺഗ്രസ് പ്രവർത്തക കൂടിയാണ് ഞാൻ. ലതിക രാജി പിൻവലിച്ച് തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ മുന്നണിപ്പോരാളിയായി തിരിച്ചെത്തണമെന്നും ലാലി വിൻസെന്റ് പറഞ്ഞു.

കെപിസിസി ആസ്ഥാനത്തിനു മുന്നിലല്ല അകത്തുകയറി കാര്യങ്ങൾ ചർച്ച ചെയ്യുകയായിരുന്നു വേണ്ടിയിരുന്നത്. അവരത് പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചതുകൊണ്ടാണ് താനും പരസ്യമായി രംഗത്ത് എത്തിയിരിക്കുന്നതെന്നും എറണാകുളം പ്രസ്സ് ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ലാലി വിൻസെന്റ് പറഞ്ഞു.

മാധ്യമങ്ങളെ സാക്ഷിനിർത്തി തലമുണ്ഡനം ചെയ്തിട്ട് മഹിളാ കോൺഗ്രസിന്റെ ലിസ്റ്റിലുള്ളവർക്ക് സീറ്റ് കിട്ടിയില്ല എന്നു പറയുന്നത് ബാലിശമാണ്. ഏറ്റുമാനൂർ ലഭിച്ചിരുന്നെങ്കിൽ തന്റെ ലിസ്റ്റിലെ സ്ത്രീകളെ എടുത്തില്ല എന്ന പേരിൽ അവർ സീറ്റ് നിരസിക്കുമായിരുന്നോ? പാർട്ടിയെയും സ്ത്രീ സമൂഹത്തെയും മുൾമുനയിൽ നിർത്തിയ നടപടി തിരുത്തി മാപ്പു പറയണം. ലതികാ സുഭാഷിനും ഭർത്താവ് സുഭാഷിനും വേണ്ടത്ര അംഗീകാരം നൽകിയിട്ടുണ്ട്. കെപിസിസി സെക്രട്ടറി പദവി ഉൾപ്പെടെ അവർക്ക് നൽകിയിട്ടുണ്ട്. ലതികയ്ക്കും സുഭാഷിനും നൽകിയതുപോലെ മറ്റാർക്കും ഇത്രയും പദവികൾ നൽകിയിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടി.

അതിനിടെ, ലതിക സുഭാഷിനെ ഖാദി ബോർഡ് വൈസ് ചെയർപേഴ്‌സൺ ശോഭനാ ജോർജ് വീട്ടിലെത്തി സന്ദർശിച്ചു. ലതിക സുഭാഷിന്റെ മുണ്ഡനം ചെയ്ത തല കേരള രാഷ്ട്രീയത്തിൽ എന്നും ഒരു നൊമ്പരമായിരിക്കുമെന്നും ശോഭന ജോർജ്ജ് പറഞ്ഞു. അതേസമയം, ലതികയെ സന്ദർശിച്ചതിൽ രാഷ്ട്രീയമില്ലെന്നും 30 വർഷത്തെ അടുത്തബന്ധമാണ് ലതികമായുള്ളതെന്നും ശോഭന പറഞ്ഞു. വിഷമഘട്ടത്തിലുള്ള തന്റെ സഹോദരിയെ കാണാനായി എത്തിയതാണെന്നായിരുന്നു അവരുടെ വിശദീകരണം.

പൊതുരംഗത്ത് സ്ത്രീകൾ നേരിടുന്ന അവഗണനയെ ശക്തമായ ഭാഷയിലാണ് ശോഭനാ ജോർജ് വിമർശിച്ചത്. 'പുരുഷന്മാരേക്കാളും ത്യാഗവും കഷ്ടപ്പാടും സഹിച്ചാണ് ഒരു സ്ത്രീ പൊതുരംഗത്ത് നിൽക്കുന്നത്. ആരെങ്കിലും അത് ചിന്തിച്ചിട്ടുണ്ടോ, ആരെങ്കിലും അതിന് ഒരു മൂല്യം കല്പിച്ചിട്ടുണ്ടോ. കേരളത്തിലെ പൊതുരംഗത്ത് നിൽക്കുന്ന എല്ലാ സ്ത്രീകൾക്കും വേണ്ടിയാണ് താനിത് ചെയ്തത് എന്ന് ലതിക പറഞ്ഞു. ഒരു പദവി കിട്ടണമെന്ന് കരുതിയല്ല സ്ത്രീ പൊതുരംഗത്തേക്കിറങ്ങുന്നത്. വീട്ടിലെ കാര്യങ്ങൾ നോക്കി, മറ്റു കാര്യങ്ങൾ ക്രമീകരിച്ചാണ് എന്തെല്ലാം പ്രതികൂലഘടകങ്ങളെ തരണം ചെയ്തിട്ടാണ് ഇത്ര വർഷക്കാലം ഒരു സ്ത്രീ ഇവിടെ നിൽക്കുന്നത്. നമ്മളോട് താല്പര്യമില്ലെങ്കിൽ നമ്മളെ ഒഴിവാക്കാൻ ഒരുപാട് കാര്യങ്ങൾ അവർ കാണും. അക്കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടാണ്. ഒരു സ്ത്രീയെ സംബന്ധിച്ച് തലമുടി മൊട്ടയടിക്കുക എന്ന് പറയുന്നത് കടുംതീരുമാനമാണ്. ലതികയെ സംബന്ധിച്ചിടത്തോളം അവരുടെ മനസ്സ് മാറ്റാൻ ഇനി ആർക്കും പറ്റില്ല' - ശോഭന ജോർജ്ജ് പറഞ്ഞു.