തിരുവനന്തപുരം: ഭൂനികുതി മൊബൈൽ ആപ്പ് വഴി ഓൺലൈനായി ഒടുക്കുന്നതടക്കം റവന്യൂ വകുപ്പിൽനിന്നുള്ള സേവനങ്ങൾ ഡിജിറ്റലാകുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ഇവ നാടിനു സമർപ്പിക്കും. റവന്യൂ സേവനങ്ങൾ സ്മാർട്ട് ആക്കുന്ന നടപടികളുടെ ഭാഗമായാണു ഡിജിറ്റൽ സേവനങ്ങൾ ജനങ്ങളിലേക്കെത്തുന്നത്.

ഭൂനികുതി അടയ്ക്കുന്നതിനുള്ള മൊബൈൽ ആപ്ലിക്കേഷൻ, തണ്ടപ്പേർ അക്കൗണ്ട്, അടിസ്ഥാന ഭൂനികുതി രജിസ്റ്റർ എന്നിവയുടെ ഡിജിറ്റൈസേഷൻ പൂർത്തീകരണം, എഫ്.എം.ബി. സ്‌കെച്ച്, തണ്ടപ്പേർ അക്കൗണ്ട്, ലൊക്കേഷൻ സ്‌കെച്ച് എന്നിവ ഓൺലൈനായി നൽകുന്നതിനുള്ള മൊഡ്യൂൾ, ഭൂമി തരംമാറ്റം അപേക്ഷ സ്വീകരിക്കുന്നതിനുള്ള ഓൺലൈൻ മൊഡ്യൂൾ എന്നിവയാണു മുഖ്യമന്ത്രി നാളെ നാടിനു സമർപ്പിക്കുന്നത്.

നവീകരിച്ച ഇ-പേയ്മെന്റ് പോർട്ടൽ, 1666 വില്ലേജുകൾക്കു പ്രത്യേക ഔദ്യോഗിക വെബ്സൈറ്റുകൾ, സോഷ്യൽ സെക്യൂരിറ്റി പെൻഷൻ മൊഡ്യൂൾ എന്നിവയും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ പരിപാടിയുടെ ഭാഗമായി നാളെ (സെപ്റ്റംബർ 09) രാവിലെ 11.30ന് അയ്യങ്കാളി ഹാളിലാണു പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. റവന്യൂ മന്ത്രി കെ. രാജൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മന്ത്രിമാർ, എംഎ‍ൽഎമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.