സോള്‍: കനത്ത ജോലി ഭാരം താങ്ങാനാവാതെ ഒരു റോബോട്ട് 'ആത്മഹത്യ' ചെയ്തു. ദക്ഷിണ കൊറിയയിലാണ് സാങ്കേതിക വിദഗ്ദരെ പോലും അമ്പരപ്പിച്ച സംഭവം. ഗുമി സിറ്റി കൗണ്‍സിലിലെ സൂപ്പര്‍വൈസറായിരുന്ന റോബോട്ടാണ് വ്യാഴാഴ്ച വൈകീട്ട് നാലോടെ 'ആത്മഹത്യ' ചെയ്തത്. സൂപ്പര്‍വൈസറായിരുന്നെങ്കിലു പല തരത്തിലുള്ള ജോലികള്‍ ഇത് ചെയ്ത് പോന്നിരുന്നു.

കഴിഞ്ഞ ദിവസം ഇതിനെ കെട്ടിടത്തിന്റെ ഒന്നും രണ്ടും നിലകളുടെ ഇടയിലുള്ള പടികള്‍ക്കുതാഴെ പ്രവര്‍ത്തനരഹിതമായ രീതിയില്‍ കണ്ടെത്തുകയായിരുന്നു. താഴേക്കു പതിക്കുന്നതിനുമുന്‍പ് ഇത് വിചിത്രമായ രീതിയില്‍ പെരുമാറുകയും പതിവില്ലാതെ ഒരേസ്ഥലത്തുനിന്ന് വട്ടംകറങ്ങുകയും ചെയ്യുന്നത് ചിലര്‍ കണ്ടിരുന്നു
കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലാണ് ഗുമി സിറ്റി കൗണ്‍സില്‍ ഈ റോബോട്ടിനെ സൂപ്പര്‍വൈസറായി നിയമിച്ചത്. കനത്ത ജോലിഭാരം മൂലമാണ് റോബോട്ട് പ്രവര്‍ത്തന രഹിതമായതെന്നാണ് വിലയിരുത്തല്‍.

രാവിലെ ഒന്‍പതുമുതല്‍ ആറുവരെ പലതരം ജോലികള്‍ ചെയ്തിരുന്ന റോബോട്ടിന്റെ 'അകാലമരണത്തി'നുകാരണം ജോലിഭാരമാണെന്നാണ് പൊതു അഭിപ്രായം. വീഴ്ചയുടെ കാരണം വ്യക്തമല്ലെങ്കിലും റോബോട്ടുകളുടെ ജോലിഭാരത്തെക്കുറിച്ചും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ക്ക് സംഭവം വഴിതുറന്നിട്ടുണ്ട്. 'പോസ്റ്റ്മോര്‍ട്ടത്തി'നായി റോബോട്ടിന്റെ ഭാഗങ്ങള്‍ ശേഖരിച്ചു.

യു.എസിലെ കാലിഫോര്‍ണിയയിലുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനി 'ബെയര്‍ റോബോട്ടിക്‌സാ'ണ് ഇതിന്റെ നിര്‍മാതാക്കള്‍. പത്തുജീവനക്കാര്‍ക്ക് ഒന്ന് എന്ന കണക്കില്‍ റോബോട്ട് തൊഴിലാളികളുള്ള രാജ്യമാണ് ദക്ഷിണകൊറിയ.