മൂന്നാര്‍: പൂപ്പാറയില്‍ പശ്ചിമബംഗാള്‍ സ്വദേശിനിയെ ബലാത്സംഗംചെയ്‌തെന്ന കേസില്‍ രണ്ടാംപ്രതിക്ക് 33 വര്‍ഷം കഠിനതടവും ഒന്നരലക്ഷംരൂപ പിഴയും വിധിച്ചു. മധ്യപ്രദേശ് മണ്ഡല ജില്ലയിലെ ഖേംസിങ് ഐമി (27) നാണ് ദേവികുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി എം.ഐ. ജോണ്‍സണ്‍ ശിക്ഷ വിധിച്ചത്. ഇടുക്കി ഡിസ്ട്രിക്ട് ലീഗല്‍ സര്‍വീസസ് അതോറിറ്റി, ഇരയ്ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവായി.

2022-ലായിരുന്നു കേസിന് ആസ്പദമായ സംഭവം. പശ്ചിമബംഗാളില്‍നിന്ന് ജോലിക്കായി രാജകുമാരിയില്‍ എത്തിയ മാതാപിതാക്കളോടൊപ്പം വന്നതായിരുന്നു പെണ്‍കുട്ടി. ഇവരുടെ കുടുംബവുമായി സൗഹൃദത്തിലായ ഒന്നാംപ്രതി മഹേഷ് കുമാര്‍ യാദവ് പെണ്‍കുട്ടിയെ രണ്ടാംപ്രതി താമസിക്കുന്ന ഖജനാപാറയിലുള്ള വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന് ബലാത്സംഗം ചെയ്തു. പിന്നീട് രണ്ടാംപ്രതി ഭീഷണിപ്പെടുത്തി ഓട്ടോറിക്ഷയിലും ബസിലുമായി പൂപ്പാറയിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

ഒന്നാംപ്രതി വിചാരണവേളയില്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍പോയി. രാജാക്കാട് പോലീസ് ഇന്‍സ്‌പെക്ടറായിരുന്ന ബി. പങ്കജാക്ഷന്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സ്മിജു കെ.ദാസ് ഹാജരായി.