ബെംഗളൂരു: ഷിരൂരില്‍ വീഴ്ചയുണ്ടായില്ലെന്ന് കര്‍ണ്ണാടക. മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യം തുടങ്ങാന്‍ വൈകിയില്ലെന്നാണ് കര്‍ണാടക സര്‍ക്കാര്‍ വിശദീകരിക്കുന്നത്. അര്‍ജുനെ കാണാതായെന്നു പരാതി കിട്ടിയ ഉടന്‍ തിരച്ചില്‍ തുടങ്ങി. 19ന് രാത്രി പരാതി കിട്ടി, 20ന് കരയില്‍ അര്‍ജുനായി തിരച്ചില്‍ തുടങ്ങിയെന്നും ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അറിയിച്ചു. പരാതി കൊടുത്തിട്ടും വൈകിയെന്ന ആരോപണം കുടുംബം ഉന്നയിച്ചിരുന്നു.

16ന് ഷിരൂരില്‍ കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. അന്നു രാവിലെ ഒന്‍പതോടെയാണു ദേശീയപാത66ല്‍ മണ്ണിടിച്ചിലുണ്ടായത്. വാഹനങ്ങളും ചായക്കടയും മണ്ണിനടിയിലായി. നിരവധിപേര്‍ അപകടത്തില്‍പ്പെട്ടു. പത്തു മണിയോടെതന്നെ രക്ഷാപ്രവര്‍ത്തന നടപടികളാരംഭിച്ചു. ഗതാഗതം വഴിതിരിച്ചു വിട്ടു. ദേശീയസംസ്ഥാന ദുരന്ത നിവാരണ സേനകളും അഗ്‌നിശമന സേനയും നാവിക സേനയും ജില്ലാ ഭരണകൂടവും തിരച്ചില്‍ ആരംഭിച്ചുവെന്ന് കര്‍്ണ്ണാടക വിശദീകരിക്കുന്നു.

വേഗത്തില്‍ മണ്ണ് നീക്കരുതെന്നും വലിയ യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിച്ചാല്‍ മണ്ണിടിയുമെന്നു മുന്നറിയിപ്പ് ഉണ്ടായിരുന്നു. പിന്നീട് 19നാണ് അര്‍ജുനെയും ലോറിയെയും കാണാനില്ലെന്ന പരാതി കിട്ടിയത്. ഉടന്‍ നദിയിലും മണ്ണിനടിയിലും പ്രാഥമികമായി തിരച്ചില്‍ നടത്തി. വിദഗ്ധ പരിശോധന നടത്തിയതായും സര്‍ക്കാര്‍ വ്യക്തമാക്കി. അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യം ഗൗരവമുള്ള വിഷയമെന്ന് അഭിപ്രായപ്പെട്ട കര്‍ണാടക ഹൈക്കോടതി, കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടിസ് അയച്ചിരുന്നു. ഇരു സര്‍ക്കാരുകളും മറുപടി നല്‍കണമെന്നായിരുന്നു ആവശ്യം.

തുടര്‍ന്നാണ് അര്‍ജുനു വേണ്ടി ഇതുവരെ നടത്തിയ രക്ഷാദൗത്യത്തിന്റെ വിശദാംശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. അതിനിടെ അര്‍ജുന് വേണ്ടി കഴിഞ്ഞ മൂന്ന് ദിവസങ്ങളിലെ പരിശോധനകളില്‍ സംതൃപ്തിയുണ്ടെന്ന് അര്‍ജുന്റെ ബന്ധു ജിതിന്‍ പ്രതികരിച്ചു. സന്നദ്ധ പ്രവര്‍ത്തകരെ ഇനി രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല. പുഴയിലെ പരിശോധനയില്‍ കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ കഴിയുക നാവിക സേന അടക്കമുള്ളവര്‍ക്കാണെന്നും ജിതിന്‍ പറഞ്ഞു.

രക്ഷാപ്രവര്‍ത്തനം നടക്കുന്നയിടത്തേക്ക് കടക്കാന്‍ ജില്ലാ കളക്ടറേറ്റ് കയറാന്‍ അനുമതി ലഭിച്ചിട്ടില്ലെന്നും അതിനായാണ് എത്തിയതെന്നും ജിതിന്‍ പറഞ്ഞു. അനുമതി ചോദിക്കാനാണ് എത്തിയത്. നദിയുടെ തീരത്തുള്ള മണ്‍കൂമ്പാരത്തിലായിരിക്കും ഇന്നത്തെ പരിശോധനയെന്നാണ് അധികൃതര്‍ അറിയിച്ചതെന്നും ജിതിന്‍ പറഞ്ഞു. ഇന്നും ഗംഗാവലി നദിയില്‍ തിരച്ചില്‍ തുടരും. ലോഹഭാഗങ്ങള്‍ ഉണ്ടെന്ന് സോണാര്‍ സിഗ്നല്‍ കിട്ടിയ ഭാഗത്ത് ആധുനിക ഉപകരണം ഉപയോഗിച്ചുള്ള പരിശോധനയാണ് നടത്തുക.

നദിക്കരയില്‍ നിന്ന് 40 മീറ്റര്‍ അകലെയാണ് സോണാര്‍ സിഗ്നല്‍ ലഭിച്ചത്. ലോറിയോ മറിഞ്ഞുവീണ വലിയ ടവറിന്റെ ഭാഗങ്ങളോ ആകാം ഇതെന്നാണ് സൈന്യം കരുതുന്നത്. അര്‍ജുനെ കണ്ടെത്തുന്നതിനായി അത്യാധുനിക സ്‌കാനര്‍ ഷിരൂരിലെത്തിക്കും. കഴിഞ്ഞവര്‍ഷത്തെ സിക്കിം പ്രളയത്തില്‍ തിരച്ചില്‍ നടത്താന്‍ ഫലപ്രദമായി ഉപയോഗിച്ച റേഡിയോ ഫ്രീക്വന്‍സി സ്‌കാനര്‍ ആണ് ഷിരൂരിലും ഉപയോഗിക്കുന്നത്.

ഡ്രോണ്‍ സംവിധാനത്തില്‍ സ്‌കാനര്‍ ഘടിപ്പിച്ചാണ് പരിശോധന. എട്ട് മീറ്ററും 90 മീറ്ററും വരെ ആഴത്തില്‍ പരിശോധന നടത്താവുന്ന രണ്ട് സ്‌കാനറുകളുണ്ട്. ഭൂമിക്കടിയിലുള്ള വസ്തുക്കളെ കൃത്യമായി കണ്ടെത്താന്‍ സാധിക്കും.