മാവേലിക്കര: ഫെയ്‌സ്ബുക് പരസ്യം കണ്ടു സ്‌കൂട്ടര്‍ വാങ്ങാനെത്തിയ യുവാവ് സ്‌കൂട്ടറുമായി കടന്നു കളഞ്ഞു. സംഭവത്തില്‍ ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി എ.വിഷ്ണു (31) വിനെ കുറത്തികാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ സ്‌കൂട്ടര്‍ കണ്ടെത്താനായില്ല. കല്ലുമല ഉമ്പര്‍നാട് വല്യവീട്ടില്‍ എം.യദുകൃഷ്ണയുടെ സ്‌കൂട്ടറാണ് മോഷണം പോയത്. വണ്ടി ഓടിച്ചു നോക്കാനെന്ന വ്യാജേന താക്കോല്‍ വാങ്ങിയ ശേഷം വിഷ്ണു വണ്ടിയുമായി കടന്നു കളയുക ആയിരുന്നു. വിഷ്ണുവിനെ ചോദ്യം ചെയ്‌തെങ്കിലും ബൈക്ക് കണ്ടെത്താനായില്ല.

സ്‌കൂട്ടര്‍ വില്‍ക്കാന്‍ യദുകൃഷ്ണ ഫെയ്‌സ്ബുക്കില്‍ നല്‍കിയ അറിയിപ്പ് കണ്ടാണ് വിഷ്ണു ഫോണില്‍ ബന്ധപ്പെടുന്നത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. ഫോണ്‍വഴി യദുവുമായി ബന്ധം സ്ഥാപിച്ച വിഷ്ണു ചൊവ്വാഴ്ച രാവിലെ 11നു കുറത്തികാട് തടത്തിലാല്‍ എത്തി. യദു ജംക്ഷനിലെത്തി യുവാവിനെ വീട്ടിലേക്കു കൊണ്ടുപോയി. സ്‌കൂട്ടര്‍ ഓടിച്ചു നോക്കാന്‍ യദുവിനെയും കയറ്റി പ്രധാന റോഡിലെത്തിയ വിഷ്ണു അവിടെ യദുവിനെ ഇറക്കുകയും പ്രധാന റോഡിലൂടെ ഒരു തവണ ഓടിച്ചു തിരിച്ചെത്തി. ഒന്നുകൂടി ഓടിച്ചു നോക്കട്ടെയെന്നു പറഞ്ഞു പോയെങ്കിലും തിരിച്ചെത്തിയില്ല.

ഫോണിലേക്കു യദു തിരികെ വിളിച്ചപ്പോള്‍ ഹരിപ്പാട് സ്വദേശിയായ യുവാവാണു ഫോണ്‍ എടുത്തത്. ഇയാളില്‍ നിന്നു ലഭിച്ച നമ്പറിലേക്കു വന്ന ഫോണ്‍ വിളികള്‍ പരിശോധിച്ച പൊലീസ് വിഷ്ണുവിനെ തൃക്കൊടിത്താനത്തെ വീട്ടില്‍ നിന്നു പിടികൂടി.