തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സമിതി യോഗം ചേര്‍ന്ന് ഭാര്യയ്ക്കും ഭര്‍ത്താവിനും അനധികൃത നിയമനം നല്‍കിയ പരാതിയില്‍ അന്വേഷണം ഉണ്ടാകില്ല. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിയമന അട്ടിമറി വിവാദം ചര്‍ച്ചയാക്കുന്നതാണ് പുതിയ സംഭവവും. എന്നാല്‍ ഉന്നത ഇടപെടലുകള്‍ ഉള്ളതുകൊണ്ട് അന്വേഷണം നടക്കില്ല. 'ഡിആര്‍' ഫാന്‍സ് എന്ന മെഡിക്കല്‍ കോളേജ് അധോലോകമാണ് ഈ നിയമനത്തിനും പിന്നില്‍.

ഭാര്യയെ ഇ.സി.ജി ടെക്‌നിഷ്യനായി നിയമിച്ചപ്പോള്‍ ഭര്‍ത്താവിന് വര്‍ക്ക്‌ഷോപ്പില്‍ പെയിന്ററായി പുനര്‍നിയമനവും ലഭിച്ചു. ഈമാസം 12ന് ചേര്‍ന്ന യോഗത്തിന്റേതാണ് തീരുമാനം. വഴിവിട്ട നിയമനത്തിനെതിരെ ആരോഗ്യമന്ത്രി, മുഖ്യമന്ത്രി, ആശുപത്രി വികസന സമിതി ചെയര്‍മാന്‍ കൂടിയായ കളക്ടര്‍ എന്നിവര്‍ക്കാണ് പരാതിയെത്തിയത്. എന്നാല്‍ ഇക്കാര്യത്തില്‍ മതിയായ അന്വേഷണം ആരും നടത്തില്ല. രാഷ്ട്രീയ സമ്മര്‍ദ്ദമാണ് ഇതിന് കാരണം.

ഇ.സി.ജി നിയമനത്തിന് അപേക്ഷ നല്‍കിയ ഉദ്യോഗാര്‍ത്ഥികളാണ് പരാതി നല്‍കിയത്. രാഷ്ട്രീയ സ്വാധീനമാണ് നിയമനങ്ങള്‍ക്ക് പിന്നിലെന്നും പരാതിയിലുണ്ട്. ഭര്‍ത്താവ് വികസന സമിതി വഴി നാലുവര്‍ഷമായി ജീവനക്കാരനാണ്. കാത്ത് ലാബില്‍ അറ്റന്‍ഡറായും അവിടെനിന്ന് വര്‍ക്ക്‌ഷോപ്പിലേക്കും നിയമിച്ചിരുന്നു.കഴിഞ്ഞ യോഗത്തില്‍ ഇയാളെ വെല്‍ഡറാക്കാനുള്ള ആവശ്യം ഉയര്‍ന്നെങ്കിലും മതിയായ യോഗ്യതയില്ലാത്തതിനാല്‍ അത് നടന്നില്ല. പകരം പെയിന്ററാക്കി.

ഇതിനൊപ്പം ഇദ്ദേഹത്തിന്റെ ഭാര്യയുടെ നിയമന വിഷയവും യോഗം പരിഗണിച്ചു. അതും അംഗീകരിച്ചു. ഭാര്യ സമീപകാലത്തായി സൂപ്രണ്ട് ഓഫീസ് മുഖാന്തരം ഇ.സി.ജി ടെക്‌നീഷ്യനായി എത്തിയിരുന്നു. എന്നാല്‍ മതിയായ യോഗ്യതയില്ലാത്തിനാല്‍ ഇവരെടുക്കുന്ന ഇ.സി.ജി ഫലങ്ങളില്‍ ഉള്‍പ്പെടെ പിഴവുണ്ടെന്ന് ഡോക്ടര്‍മാര്‍ പരാതി പറഞ്ഞിരുന്നു.

ഇവരെ പിരിച്ചുവിടാനും ആലോചനയുണ്ടായിരുന്നു. ഇതിനിടെ ഇവരെ വികസന സമിതിയിലെ ജീവനക്കാരിയായി നിയമിക്കുകയായിരുന്നു. രാഷ്ട്രീയ സ്വാധീനമാണ് ഇതിനെല്ലാം കാരണമെന്ന് വ്യക്തം.