ചെന്നൈ: ഒന്നര പതിറ്റാണ്ടോളം അന്വേഷണസംഘത്തെ വട്ടം കറക്കിയ മോഷണക്കേസ് പ്രതി ഒടുവില്‍ പിടിയിലായി.തിരുെനല്‍വേലി ജില്ലയിലെ നാങ്കുനേരി വടുക്കാച്ചിമഠം സ്വദേശി പി. രാമയ്യയാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.മോഷണക്കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയശേഷം സ്വയം ആള്‍ദൈവമായിമാറിയാണ് 41 കാരന്‍ 18 വര്‍ഷത്തോളം പോലീസിനെ ചുറ്റിച്ചത്.

പിടിക്കപ്പെടാതിരിക്കാന്‍ തന്നാല്‍ കഴിയുന്ന വഴികളൊക്കെയും രാമയ്യ പരീക്ഷിച്ചിരുന്നു.ഫോണ്‍ പോലും ഉപയോഗിക്കാതെ മൗനസാമിയാര്‍ എന്നറിയപ്പെടുന്ന മൗനവ്രതം സ്വീകരിച്ച ആള്‍ദൈവമായി മാറിയാണ് ഇയാള്‍ പതിനെട്ട് വര്‍ഷത്തോളം പിടികൊടുക്കാതെ കഴിഞ്ഞത്.സമീപകാലത്ത് രാമയ്യയുടെ ബ്ന്ധുക്കള്‍ ചിലര്‍ അയാളെ തിരുവണ്ണാമലയില്‍ വച്ച് കണ്ടതായി പോലീസിന് വിവരം ലഭിച്ചു.ഇതിനെ തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

രഹസ്യവിവരത്തെത്തുടര്‍ന്ന് പോലീസ് സംഘം വേഷംമാറി തിരുവണ്ണാമലയിലെത്തി.കാഷായവസ്ത്രം ധരിച്ച് മുടിയും താടിയും നീട്ടിവളര്‍ത്തി പ്ലാറ്റ്ഫോമില്‍ അന്തിയുറങ്ങുന്ന ആള്‍ദൈവത്തെ ചോദ്യം ചെയ്തപ്പോള്‍ അത് രാമയ്യ തന്നെയാണെന്ന് പോലീസ് ഉറപ്പിച്ചു. തുടര്‍ന്നായിരുന്നു അറസ്റ്റ്.നാങ്ങുനേരി ഡിവിഷന്‍ എഎസ്പി വി പ്രസന്നകുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്.

2006ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.നാങ്ങുനേരിക്ക് സമീപം വടുക്കാച്ചിമഠത്തില്‍ താമസക്കാരനാണ് 41 കാരനായ പി രാമയ്യ.2006 ല്‍ ദോഹ്നാവൂരിലെ പ്രൈമറി അഗ്രികള്‍ച്ചറല്‍ ക്രെഡിറ്റ് സൊസൈറ്റി ഓഫീസില്‍ ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് കയറി 2,959 രൂപ മോഷ്ടിക്കുകയായിരുന്നു.ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ എരുവാടി പോലീസ് ഇയാളെ അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ റിമാന്‍ഡിലേക്ക് അയച്ചു.ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ രാമയ്യ ജാമ്യത്തില്‍ പുറത്തിറങ്ങി.

പിന്നാലെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു.സംസ്ഥാനത്തുടനീളം ഇയാള്‍ക്കായി ഒരു പതിറ്റാണ്ടോളം നീണ്ട തിരച്ചില്‍ നടത്തിയെങ്കിലും ഫലം കാണാത്തതിനാല്‍, വിജയനാരായണം പോലീസ് ഇയാള്‍ക്കെതിരായ കേസുകള്‍ ഒന്ന് അവസാനിപ്പിക്കുകയായിരുന്നു.സമീപകാലത്താണ് രാമയ്യയുടെ ബന്ധുക്കള്‍ ഇയാളെ സന്ദര്‍ശിക്കുന്നതായി പോലീസിന് വിവരം ലഭിച്ചത്.തുടര്‍ന്ന് അന്വേഷണസംഘം വേഷം മാറി തിരുവണ്ണാമലയിലെത്തുകയായിരുന്നു.

അറസ്റ്റിലായ രാമയ്യയെ ഏറുവാടിയിലെത്തിച്ച് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി.മോഷണത്തിനും ജാമ്യവ്യവസ്ഥ ലംഘിക്കലിനും പുറമെ ആള്‍മാറാട്ടമുള്‍പ്പടെ കൂടുതല്‍ കേസുകള്‍ ഇയാള്‍ക്കെതിരായ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.