തൃശൂര്‍: ആവേശം സിനിമ പുറത്തിറങ്ങിയതില്‍ പിന്നെ നാട്ടിലെ ഗുണ്ടകള്‍ക്കെല്ലാം അല്‍പ്പം നിലയും വിലയുമൊക്കെ ഉണ്ടായിട്ടുണ്ട്. ആവേശത്തിലെ രംഗണ്ണനെ പോലെ ഗുണ്ടകള്‍ യുവാക്കളെയും കൗമാരക്കാരെയുമെല്ലാം ആവേശഭരിതരാക്കിയിട്ടുണ്ട്. വടിവാള്‍ കൊണ്ട് കേക്കു മുറിച്ച് ഗുണ്ടകളുടെ പിറന്നാള്‍ ആഗോഷിക്കുന്ന സംഭവങ്ങളും പതിവാണ്.

ഇപ്പോഴിതാ തേക്കിന്‍കാട് മൈതാനിയില്‍ 'ആവേശം' സിനിമ മോഡലില്‍ സംഘടിപ്പിച്ച പിറന്നാള്‍ ആഘോഷം പൊലീസിന്റെ സമയോചിത ഇടപെടലില്‍ പൊളിഞ്ഞു. 'തീക്കാറ്റ്' സാജന്‍ എന്ന ഗുണ്ടത്തലവന്റെ പിറന്നാളാഘോഷത്തിനാണ് 17 പ്രായപൂര്‍ത്തിയാകാത്തവരടക്കം 32 പേര്‍ തേക്കിന്‍കാട് മൈതാനിയില്‍ ഒത്തുകൂടിയത്. നിരവധി കൗമാരക്കാനാണ് പിറന്നാല്‍ ആഘോഷത്തിനായി എഥ്ിയത്.

പിറന്നാളിന് മുറിക്കാനായി കേക്കും തയാറാക്കിയിരുന്നു. സംഭവമറിഞ്ഞ ഈസ്റ്റ് പൊലീസ് നാലു വാഹനങ്ങളിലായി എത്തി പാര്‍ട്ടിക്കെത്തിയ സംഘത്തെ വളഞ്ഞു. രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ചുറ്റുപാടും വളഞ്ഞ പൊലീസ് എല്ലാവരെയും പിടികൂടി. തീക്കാറ്റ് സാജന്‍ സിനിമ സ്‌റ്റൈലില്‍ തേക്കിന്‍കാട് മൈതാനിയിലെത്താനുള്ള തയാറെടുപ്പിലായിരുന്നു.

എന്നാല്‍, സംഘാംഗങ്ങളെ പിടികൂടിയതറിഞ്ഞതോടെ ഇയാള്‍ ഇവിടേക്ക് വരാതെ രക്ഷപ്പെട്ടു. പ്രായപൂര്‍ത്തിയാകാത്ത 17 പേരെയും അവരുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തിയശേഷം പറഞ്ഞയച്ചു. അനധികൃതമായി സംഘം ചേര്‍ന്നതിന്റെ പേരില്‍ ശേഷിച്ച 15 പേരുടെ പേരില്‍ കേസെടുത്തു. ഞായറാഴ്ച വൈകീട്ട് നാലോടെയായിരുന്നു സംഭവം.

അടുത്തിടെ ജയില്‍ മോചിതനായ സാജന്‍ ഇന്‍സ്റ്റഗ്രാം വഴിയാണ് കൂട്ടാളികളെ ഉണ്ടാക്കിയത്. എസ് ജെ എന്ന പേരില്‍ ഇവരെ ചേര്‍ത്ത് വാട്‌സ്ആപ്പ് ഗ്രൂപ്പും തയ്യാറാക്കി. തുടര്‍ന്നായിരുന്നു തെക്കേഗോപുരനടയില്‍ ജന്മദിനാഘോഷം ഒരുക്കാന്‍ പ്ലാന്‍ ചെയ്തത്. പൊലീസിക്കാര്‍ ഇത് രഹസ്യമായി മനസ്സിലാക്കി. തുടര്‍ന്നായിരുന്നു സംഘാംഗങ്ങളെ കസ്റ്റഡിയിലെടുത്തത്.

അടുത്തിടെ പത്തനംതിട്ടയിലും ഗുണ്ടകളുടെ ജന്‍മദിനാഘോഷം വിവാദമായിരുന്നു. പത്തനംതിട്ട ജില്ലയിലെ ഇലവുംതിട്ട പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ കുളനട പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ പുന്നക്കുന്ന് ആല്‍ത്തറപ്പാട് അജീഷ് ഭവനം അജീഷാണ് തൊട്ടടുത്ത കമ്യൂണിറ്റി സെന്റര്‍ വാടകയ്ക്ക് എടുത്ത് പിറന്നാള്‍ ആഘോഷിച്ചത്.

ആഘോഷത്തിലെ മുഖ്യഇനം കേക്ക് മുറിക്കലായിരുന്നു. വടിവാള്‍ കൊണ്ടാണ് കേക്ക് മുറിച്ചത്. ഈ ദൃശ്യങ്ങള്‍ ആവേശം സിനിമയിലെ ഡയലോഗുകളുടെ അകമ്പടിയോടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ട സംസ്ഥാന ഇന്റലിജന്‍സ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് ഇലവുംതിട്ട പൊലീസ് എസ്എച്ച്ഓ ടി.കെ. വിനോദ് കൃഷ്ണന്‍ അജീഷിനെ സ്റ്റേഷനില്‍ വിളിച്ചു വരുത്തി. ആഘോഷത്തിന് ഉപയോഗിച്ച വടിവാള്‍ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, അത് യഥാര്‍ഥ വടിവാളല്ലെന്നും നാടകത്തിന് വേണ്ടി നിര്‍മ്മിച്ച തടി കൊണ്ടുള്ള വാളാണെന്നും അജീഷ് അറിയിച്ചു. തടി കൊണ്ടുള്ള വാള്‍ സ്റ്റേഷനില്‍ ഹാജരാക്കുകയും ചെയ്തു.

അന്വേഷണത്തില്‍ അത് യഥാര്‍ഥ വടിവാളല്ലെന്നാണ് എസ്എച്ച്ഓ പറയുന്നത്. കഴിഞ്ഞ വര്‍ഷം പന്തളം കേന്ദ്രീകരിച്ച് ഒരു ട്രൂപ്പ് നാടകത്തിന് വേണ്ടി ഉണ്ടാക്കിയതാണ്. ആ ട്രൂപ്പ് അംഗത്തിന്റെ മകന്‍ നാടകത്തിന് ഉപയോഗിച്ചിരുന്ന തെര്‍മോ കോള്‍ കിരീടവും രാജാപ്പാര്‍ട്ട് വേഷവും പിറന്നാള്‍ ആഘോഷത്തിന് കൊണ്ടു വന്നിരുന്നു. എന്നാല്‍, തടിവാള്‍ കൊണ്ട് കേക്ക് മുറിക്കുക മാത്രമേ ചെയ്തുള്ളൂവെന്നും വേഷങ്ങളും കിരീടവും ധരിച്ചിരുന്നില്ലെന്നും എസ്എച്ച്ഓ പറയുന്നു. മാത്രവുമല്ല, അജീഷിന് ഇപ്പോള്‍ ഗുണ്ടാപ്പണിയില്ല. സിപിഎമ്മിന്റെ പ്രാദേശിക നേതാവാണ് ഇയാള്‍. പന്തളം കേന്ദ്രീകരിച്ച് ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ജീവനക്കാരനാണ്.

വാള്‍ കൊണ്ട് കേക്ക് മുറിക്കുന്നതും ആള്‍ക്കാര്‍ ഭക്ഷണം കഴിക്കുന്നതിനിടയിലൂടെ വാള്‍ വീശി അജീഷ് നടക്കുന്നതുമാണ് വീഡിയോകളിലുള്ളത്. സംഭവം വിവാദമായതോടെ സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് വീഡിയോകള്‍ ഡിലീറ്റ് ചെയ്തു. ഇലവുംതിട്ട പൊലീസ് ഇത് വടിവാളല്ല, തടിവാളാണെന്ന് ഉറച്ചു വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ അജീഷിന് ക്ലീന്‍ ചിറ്റ് നല്‍കുകയാിരുന്നു.