തൃശൂര്‍: തൃശൂര്‍ മേയര്‍ എം കെ വര്‍ഗ്ഗീസും കേന്ദ്ര സഹമന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപിയും പരസ്പരം പുകഴ്ത്തുന്നത് വാര്‍ത്തകളില്‍ ഇടം പിടിച്ചതോടെ കടുത്ത വിമര്‍ശനമാണ് സിപിഐ അഴിച്ചുവിട്ടിരിക്കുന്നത്. ഏറ്റവുമൊടുവില്‍, എം.കെ. വര്‍ഗ്ഗീസ് പ്രവര്‍ത്തിച്ചത് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് വേണ്ടിയാണെന്ന് സി.പി.ഐ നേതാവും മുന്‍മന്ത്രിയും, തൃശൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും ആയിരുന്ന വി എസ് സുനില്‍കുമാര്‍ ആരോപിച്ചു.

വര്‍ഗീസിനെ മേയര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ മേയര്‍ എന്ന നിലയില്‍ അദ്ദേഹം പ്രവര്‍ത്തിച്ചില്ല. ഇടതുപക്ഷത്തെ സഹായിക്കുന്ന നിലപാടും സ്വീകരിച്ചില്ല. എം.എല്‍.എ ആയിരിക്കെ 1000 കോടിയിലധികം രൂപയുടെ വികസനം നടത്തിയ താന്‍ ഇവിടെ മത്സരിക്കുമ്പോള്‍ അത് പറയാതെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുടെ മഹിമയെക്കുറിച്ച് അദ്ദേഹം പറഞ്ഞു. മേയറുടെ പേരില്‍ ഇടതുപക്ഷ ഐക്യം തകര്‍ക്കാന്‍ താത്പര്യമില്ലെന്നും സുനില്‍കുമാര്‍ വ്യക്തമാക്കി. തൃശ്ശൂര്‍ മേയര്‍ എം.കെ. വര്‍ഗീസ് പദവി ഒഴിയണമെന്ന് നേരത്തെ സി.പി.ഐ. ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജും ആവശ്യപ്പെട്ടിരുന്നു. കേന്ദ്രസഹമന്ത്രി സുരേഷ്ഗോപിയെ പുകഴ്ത്തുന്നത് മേയര്‍ തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. വര്‍ഗീസ് തിരുത്താന്‍ തയ്യാറാകണമെന്നും വത്സരാജ് ആവശ്യപ്പെട്ടു.

എം കെ വര്‍ഗീസിന്റെ പിന്‍ബലത്തില്‍ എല്‍ഡിഎഫ് ഭരണം കയ്യാളുന്ന തൃശൂരില്‍ മേയര്‍ക്ക് ബിജെപിയുമായി അടുപ്പം കൂടുതലാണെന്ന് സിപിഐക്ക് പരാതി നേരത്തെ ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ വേറെ കണ്ട് സുരേഷ് ഗോപി വോട്ട് ചോദിച്ചതും അന്ന് മേയര്‍ നടത്തിയ പ്രശംസയും ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയെന്നും സിപിഐ കരുതുന്നു. കനത്ത തോല്‍വിക്ക് പിന്നാലെ മേയര്‍ക്കെതിരെ നിശിത വിമര്‍ശനം സിപിഐ കമ്മിറ്റികളില്‍ ഉയരുകയും ചെയ്തു. സിപിഎം ഇടപെട്ട് ഇരു കൂട്ടരെയും അനുനയിപ്പിച്ച കാര്യങ്ങള്‍ മുന്നോട്ടു പോകുന്നതിനിടെയാണ് വീണ്ടും സുരേഷ് ഗോപിയും മേയറും പരസ്യ പ്രകീര്‍ത്തനവുമായി രംഗത്തെത്തിയത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മേയര്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കുമെന്ന് അഭ്യൂഹവും തൃശൂരില്‍ ശക്തമാണ്.

ബിജെപിയിലേക്ക് പോവുകയെന്ന മോഹം തനിക്ക് ഇപ്പോള്‍ ഇല്ലെന്ന് തൃശൂര്‍ മേയര്‍ എം കെ വര്‍ഗീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വരുംകാലങ്ങളില്‍ എന്ത് സംഭവിക്കുമെന്ന് പറയാനാവില്ല. സുരേഷ് ഗോപിക്ക് നാടിനായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് ബോധ്യമുണ്ട്. ഒപ്പം നില്‍ക്കേണ്ടത് തന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.

തൃശൂരിന്റെ വികസനത്തിന് വേണ്ടി ആര് എന്തെല്ലാം ചെയ്താലും താന്‍ കൂടെ നില്‍ക്കണ്ടേയെന്നാണ് മേയറുടെ ചോദ്യം. കേരളത്തില്‍ വളരെയധികം മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയുമെന്നാണ് സുരേഷ് ഗോപിയുടെ പ്രതീക്ഷയെന്ന് മേയര്‍ പറഞ്ഞു. വികസന കാര്യങ്ങളില്‍ രാഷ്ട്രീയം നോക്കാതെ മുന്നോട്ടുപോകുമെന്നും മേയര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം കോര്‍പ്പറേഷന്റെ വെല്‍നെസ് സെന്ററിന്റെ ഉദ്ഘാടന ചടങ്ങിലാണ് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും തൃശൂര്‍ മേയര്‍ എം കെ വര്‍ഗീസും പരസ്പരം പ്രശംസിച്ചത്. തന്റെ രാഷ്ട്രീയത്തില്‍ നിന്ന് വ്യത്യസ്തമായ രാഷ്ട്രീയമാണെങ്കിലും ജനങ്ങള്‍ക്കുവേണ്ടി തന്റെ ഫണ്ട് വിനിയോഗിച്ച മേയറെ ആദരിക്കാനും സ്‌നേഹിക്കാനും മാത്രമാണ് തോന്നുന്നതെന്ന് സുരേഷ് ഗോപി ചടങ്ങിനിടെ പറഞ്ഞു. മേയര്‍ക്ക് എതിര് നില്‍ക്കുന്നവര്‍ ആരാണെന്ന് നിങ്ങള്‍ക്കറിയാമെന്നും അവരെ ജനങ്ങള്‍ കൈകാര്യം ചെയ്താല്‍ മതി എന്നും സുരേഷ് ഗോപി വ്യക്തമാക്കി.

തുടര്‍ന്ന് പ്രസംഗിച്ച മേയര്‍ സുരേഷ് ഗോപിയെ പ്രശംസിച്ചു. തൃശൂരിന് സുരേഷ് ഗോപി വന്‍ പദ്ധതികള്‍ കൊണ്ടുവരുമെന്നാണ് പ്രതീക്ഷയെന്നും ജനം സുരേഷ് ഗോപിയെ പ്രതീക്ഷയാടെ കാണുന്നുവെന്നും മേയര്‍ എം കെ വര്‍ഗീസ് പറഞ്ഞു. നേരത്തെയും തൃശൂര്‍ മേയറെ പ്രശംസിച്ചുകൊണ്ട് സുരേഷ് ഗോപി രംഗത്തെത്തിയിരുന്നു.