കളമശേരി: ഇസ്രയേലില്‍ മലയാളി യുവതി കടലില്‍ മുങ്ങിമരിച്ചു. കളമശേരി നെല്ലിക്കല്‍വെളി വീട്ടില്‍ അഗസ്റ്റിന്‍ അബിന്റെ ഭാര്യ സൈഗ പി. അഗസ്റ്റിന്‍ (41) ആണു മരിച്ചത്. ടെല്‍അവീവ് ബീച്ചില്‍ മറ്റു സഹപ്രവര്‍ത്തകരുമൊത്തു കുളിക്കാനിറങ്ങിയപ്പോള്‍ സൈഗ തിരയില്‍പെടുകയായിരുന്നുവെന്നാണു നാട്ടിലുള്ള ബന്ധുക്കള്‍ക്കു ലഭിച്ച വിവരം. ടെല്‍അവീവിലെ ഷെയര്‍ ടു ബേത്ത് ശാലോം ആശുപത്രിയില്‍ കെയര്‍ ഗിവര്‍ ആയി ജോലി ചെയ്തു വരിക ആിരുന്നു.

ഒന്നര മാസം മുന്‍പാണു നാട്ടിലെത്തി മടങ്ങിയത്. ശനിയാഴ്ച വൈകിട്ട് 5.30നാണ് (ഇന്ത്യന്‍ സമയം രാത്രി 9) സൈഗയുടെ ജീവനെടുത്ത അപകടം. തിരയില്‍പ്പെട്ട മറ്റുള്ളവരെ രക്ഷപ്പെടുത്തി. ഇവരില്‍ ഒരാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മൂന്നു വര്‍ഷം മുന്‍പാണ് സൈഗ ജോലിക്കായി ഇസ്രയേലിലേക്കു പോയത്.

ഭര്‍ത്താവ് അഗസ്റ്റിന്‍ അബിന്‍ കളമശേരി സോഷ്യല്‍ ഫര്‍ണിച്ചര്‍ സ്ഥാപനത്തിലെ ജീവനക്കാരനാണ്. സൈഗയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനു നടപടി തുടങ്ങി. സംസ്‌കാരം പിന്നീട്. അരൂര്‍ പുത്തലത്ത് അഗസ്റ്റിന്റെയും കൊച്ചുത്രേസ്യയുടെയും മകളാണ്. മകന്‍: ദിയാന്‍ അബിന്‍ അഗസ്റ്റിന്‍ (പാലാ ലേബര്‍ ഇന്ത്യ സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി).