ലണ്ടന്‍: ബ്രിട്ടണില്‍ വന്‍ വിജയത്തോടെ അധികാരത്തിലേറിയ സര്‍ കീര്‍ സ്റ്റാര്‍മറുടെ കാല്‍ക്കീഴിലെ മണ്ണ് ഒലിച്ചുപോകാന്‍ തുടങ്ങി എന്ന് പുതിയ സര്‍വ്വേഫലം തെളിയിക്കുന്നു. കഴിഞ്ഞ മാസം പകുതിയില്‍ ഉണ്ടായിരുന്ന ജനപ്രീതിയില്‍ നിന്നും ഒന്‍പത് പോയിന്റുകളാണ് കുറഞ്ഞത്. സൗത്ത്‌പോര്‍ട്ടില്‍ മൂന്ന് കുട്ടികളുടെ കൊലപാതകത്തെ തുടര്‍ന്ന് അരങ്ങേറിയ സംഘഷങ്ങളും, വിന്റര്‍ ഫ്യുവല്‍ പേയ്‌മെന്റ് എടുത്തു കളഞ്ഞതുമെല്ലാം സര്‍ക്കാരിന്റെ ജനപ്രീതി ഏറെ കുറച്ചതായാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്. പ്രധാനമന്ത്രിയുടെ ജനപ്രീതിയില്‍ ഉണ്ടായിരിക്കുന്നത് ഒന്‍പത് പോയിന്റിന്റെ ഇടിവാണ്.

യൂ ഗോ നടത്തിയ സര്‍വ്വേയുടെ ഫലം തെളിയിക്കുന്നത് സ്റ്റാര്‍മറെ അനുകൂലിക്കാത്തവരുടെ എണ്ണം കുറഞ്ഞു വരുന്നു എന്നാണ്. പ്രധാനമന്ത്രിക്കും സര്‍ക്കാരിനുമേറെ വെല്ലുവിളികള്‍ ഉയര്‍ത്തിയ രണ്ട് ആഴ്ചകള്‍ക്ക് ശേഷമാണ് ഈ അഭിപ്രായ വോട്ടിംഗ് നടത്തിയത്. സൗത്ത്‌പോര്‍ട്ടിലെ കൊലപാതകത്തിനോടനുബന്ധിച്ച് നടന്ന കലാപത്തിനു പുറമെ ലീഡ്‌സില്‍ റോമാ വിഭാഗക്കാരുടെ കുട്ടികളെ ചൈല്‍ഡ് കെയര്‍ വിഭാഗം കൊണ്ടു പോകാന്‍ ശ്രമിച്ചതും കലാപത്തിന് കാരണമായിരുന്നു.

അതിനു പുറമെ പുതിയ സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളും തിരിച്ചടിച്ചതായി വിലയിരുത്തപ്പെടുന്നു. ടു ചൈല്‍ഡ് ബെനെഫിറ്റ് ക്യാപിനെതിരെയുള്ള പ്രതിഷേധങ്ങളും, പൊതു ധനത്തില്‍ 22 ബില്യന്‍ പൗണ്ടിന്റെ കമ്മി നികത്താന്‍ പൊതു ചെലവുകള്‍ വെട്ടിക്കുറച്ചതും ജനങ്ങള്‍ക്കിടയില്‍ സര്‍ക്കരിനെ കുറിച്ചുണ്ടായിരുന്ന അഭിപ്രായം മാറാന്‍ ഇടയാക്കിയിട്ടുണ്ട്.

ലഹളകളുടെ ഒരു വേനല്‍ക്കാലം ഉണ്ടാകാന്‍ അനുവദിക്കുകയില്ല എന്ന് സ്റ്റാര്‍മര്‍ ഉറപ്പിച്ച് പറയുമ്പോഴും, തീവ്ര വലതുപക്ഷ വിഭാഗക്കാര്‍ മാഞ്ചസ്റ്റര്‍, ലിവര്‍പൂള്‍, നോട്ടിംഗ്ഹാം, ലീഡ്‌സ് ന്യൂ കാസില്‍, മിഡില്‍സ്ബറോ, ബെല്‍ഫാസ്റ്റ്, ബ്രിസ്റ്റോള്‍, ഹള്‍ എന്നിവിടങ്ങളില്‍ ഈ വാരാന്ത്യം പ്രതിഷേധ പ്രകടനങ്ങള്‍ നടത്താന്‍ തയ്യാറെടുക്കുകയാണെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ഉണ്ടെന്ന് ദി എക്സ്പ്രസ് ഡെയ്ലി റിപ്പോര്‍ട്ട് ചെയ്യുന്നു. അവയില്‍ ചിലത് മോസ്‌ക്കുകള്‍ക്ക് മുന്‍പില്‍ നടത്താനുള്ള ആഹ്വാനവും നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

എല്ലാ ദേശഭക്തരും തങ്ങളുടെ രാജ്യത്തിനായി, അവരവരുടെ പട്ടണങ്ങളിലോ നഗരങ്ങളിലോ തീവ്രവാദത്തിനെതിരേ അണിനിരക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ഒരു നോട്ടീസ് പ്രചരിക്കുന്നുണ്ട്. ഇപ്പോള്‍ ബ്രിട്ടീഷുകാര്‍ക്കെതിരെയും ആക്രമണം ഉണ്ടായതെന്നും അതില്‍ പ്രതിഷേധിക്കണമെന്നും ആ കുറിപ്പില്‍ പറയുന്നു.