കൊച്ചി: വിദേശ രാജ്യങ്ങളില്‍ ആരോഗ്യ രംഗത്തെ വിവിധ ജോലികള്‍ക്കായുള്ള ഒ. ഇി. ടി പരീക്ഷകളുടെ ചോദ്യ പേപ്പര്‍ ചോര്‍ത്തിക്കൊടുക്കാമെന്ന് പറഞ്ഞ് വന്‍ തുക വാങ്ങി പരീക്ഷ നടത്തുന്നതായ ചില റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതോടെ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഈ മാസം, കൊച്ചി, കോഴിക്കോട്, മംഗലാപുരം എന്നിവിടങ്ങളില്‍ വെച്ച് ഈ പരീക്ഷ നടക്കും എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 5 മുതല്‍ 6 ലക്ഷം രൂപവരെയാണ് ചോദ്യപ്പേപ്പര്‍ ചോര്‍ത്തി നല്‍കാമെന്ന് പറഞ്ഞ് മാഫിയാ സംഘങ്ങള്‍ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്.

വന്‍ മാഫിയ തന്നെ ഇതിനു പിന്നിലുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. പോലീസിനും ഇവരെ കുറിച്ചുള്ള വ്യക്തമായ വിവരം മനസ്സിലായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ തൃശ്ശൂരില്‍ ഒരു യുവാവിനെയും ഡ്രൈവറെയും തട്ടിക്കൊണ്ടുപോയി മോചന ദ്രവ്യം ആവശ്യപ്പെട്ട ഒരു സംഭവം ഉണ്ടായിരുന്നു. അതിലെ പ്രതികള്‍ പിടിയിലായതിനു ശേഷം, ഇത്തരം തട്ടിപ്പുകളൊന്നും ഏറെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് ഇപ്പോള്‍ ഒ ഇ ടി ചോദ്യപ്പേര്‍ തട്ടിപ്പിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്.

ഇത്തരം തട്ടിപ്പുകളിലൂടെ പണമുണ്ടാക്കിയ ഒരു പ്രവാസിയാണ് സംഘത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. പരീക്ഷയില്‍ പാസ്സാകും എന്ന് ഉറപ്പ് ഇവര്‍ നല്‍കുന്നില്ല. അത് ഉദ്യോഗാര്‍ത്ഥിയുടെ ഉത്തരവാദിത്തമാണ്. എന്നാല്‍, ഇവരുടെ ഏജന്റുമാര്‍ പറഞ്ഞു തരുന്ന ചോദ്യങ്ങളായിരിക്കും പരീക്ഷയില്‍ വരിക. തൃശൂരില്‍ നടന്ന സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം പാമ്പാടി സ്വദേശികളായ എട്ടുപേരെയായിരുന്നു അറസ്റ്റ് ചെയ്തത്. പണം നല്‍കിയവരെയെല്ലാം, ഒരുമിച്ച് ഒരു കേന്ദ്രത്തിലെത്തിച്ച്, ലണ്ടനില്‍ നിന്നെത്തുന്ന ചോദ്യപേപ്പറിലെ ചോദ്യങ്ങള്‍ നേരത്തെ പഠിപ്പിക്കുന്നാതാണ് ഇവരുടെ രീതി.

സംസാരം, എഴുത്ത്, മനസ്സിലാക്കല്‍, ഗ്രൂപ്പ് ചര്‍ച്ച എന്നിങ്ങനെ നാല് മോഡ്യൂളുകളാണ് പരീക്ഷയില്‍ ഉള്ളത്. ഇത് എഴുതുന്നവരില്‍ 70 ശതമാനം പേരും വിജയിക്കാറുമുണ്ട്. വിദേശത്ത് കെയര്‍ ഹോമുകളില്‍ ജോലി ചെയ്യുന്നവര്‍ ഉദ്യോഗരംഗത്തെ ഉയര്‍ച്ചക്കായാണ് ഒ ടി ടി എഴുതുന്നത്. പരാതിക്കാരില്ലാത്തതിനാലാണ് ഇതുവരെ കേസ് എടുക്കാത്താത് എന്നാണ് പോലീസിന്റെ നിലപാട്. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ഹവാല മാര്‍ഗ്ഗം വിദേശത്തേക്ക് കടത്തും.