തൃശൂര്‍: തട്ടിപ്പിന്റെ പുതിയ മുഖവുമായി ഓണ്‍ലൈന്‍ സംഘങ്ങള്‍ രംഗത്ത്. ദുബായില്‍ നിന്ന് ഇന്ത്യയിലെ ബാങ്കില്‍ എത്തിയ 2,000 കോടി രൂപ പിന്‍വലിക്കുന്നതിന് നികുതി അടയ്ക്കാന്‍ പണം ആവശ്യപ്പെട്ടാണ് തട്ടിപ്പിന്റെ പുതിയ വേര്‍ഷനുമായി ഓണ്‍ലൈന്‍ സംഘങ്ങള്‍ സജീവമായിരിക്കുന്നത്. രണ്ടായിരം കോടി രൂപ പിന്‍വലിക്കണമെങ്കില്‍ 30 ലക്ഷം രൂപ നിതുകി അടയ്ക്കണം. ഇതിനായി 5,000 രൂപ വെച്ച് പൊതുജനങ്ങളില്‍ നിന്നും പിരിവിന് ഇറങ്ങിയിരിക്കുകയാണ് തട്ടിപ്പു സംഘങ്ങള്‍.

5000 രൂപ വെച്ച് പിരിവ് നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം വീതം തിരിച്ചുനല്‍കും. 10,000 തരുന്നവര്‍ക്ക് 10 ലക്ഷവും വാഗ്ദാനം ചെയ്യുന്നു. എത്ര തുക അടയ്ക്കാനും തടസ്സമില്ല. ആനുപാതികമായ തുക തിരികെ നല്‍കുമെന്നാണ് വാഗ്ദാനം. കേട്ടാല്‍ വിചിത്രമെന്നു തോന്നുമെങ്കിലും ഈ പുതിയ തട്ടിപ്പ് രണ്ട് ദിവസമായി ഫോണ്‍ മുഖാന്തരം പ്രചരിക്കുകയാണ്. എത്രപേര്‍ തട്ടിപ്പുകാരുടെ വലയില്‍ വീണു എന്ന് വ്യക്തമല്ല.

ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് ട്രസ്റ്റ് രൂപീകരിക്കാനാണ് 2000 കോടി രൂപ ദുബായില്‍ നിന്ന് ന്യൂഡല്‍ഹിയില്‍ എത്തിയത് എന്നാണ് വിളിക്കുമ്പോള്‍ പറയുന്നത്. ഇത് പിന്‍വലിക്കാന്‍ 30 ലക്ഷം രൂപ റിസര്‍വ് ബാങ്കില്‍ നികുതി അടയ്ക്കണമത്രെ. പരിചയക്കാരില്‍ നിന്നു മാത്രമായി 30 ലക്ഷം രൂപ പിരിച്ചെടുത്ത് 2,000 കോടി ബാങ്കിലെത്തിക്കാനാണത്രെ ഉദ്ദേശ്യം. അതിനാല്‍ അധികം പേരെ അറിയിക്കുന്നില്ലെന്നും പൈസ ഉള്ള വിശ്വസ്തരോട് വിളിക്കാന്‍ പറയൂ എന്നുമാണ് ഏജന്റുമാര്‍ പലരോടും ഫോണ്‍ വിളിച്ച് പറയുന്നത്.

പറഞ്ഞ് പറഞ്ഞ് സംഗതി അറിയാത്തവരായി ആരുമില്ല എന്നതാണ് സ്ഥിതി. അങ്ങോട്ടു വിളിച്ചാല്‍ ഒരു പരിചയവുമില്ലെങ്കിലും കാര്യങ്ങളെല്ലാം വെടിപ്പായി വിശദീകരിക്കാനും ഈ ഏജന്റുമാര്‍ റെഡി. ഇന്നലെ ഉച്ചവരെ മാത്രമേ പണം സ്വീകരിക്കൂ എന്ന് ഇന്നലെ വിളിച്ചവരോടു പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ വിളിച്ചവരോടും ഇതു തന്നെയാണ് പറഞ്ഞതെന്നാണ് വിവരം.

റിസര്‍വ് ബാങ്കിന്റെ മെയിന്‍ ബ്രാഞ്ചിലേക്കു പോകാനുള്ള വഴിച്ചെലവു തുക മാത്രമേ കിട്ടാനുള്ളൂ എന്നാണ് ഇന്നലെ ഉച്ചയ്ക്കുശേഷം വിളിക്കുമ്പോള്‍ പറയുന്നത്. 5 മണി കഴിഞ്ഞാല്‍ ഒരു തരത്തിലും തുക സ്വീകരിക്കാനാവില്ല എന്നായിരുന്നു അഞ്ച് മണി വരെയും ഏജന്റുമാരുടെ കാര്‍ക്കശ്യം. എന്നാല്‍, രാത്രി വിളിക്കുമ്പോഴും പണം ഇത്തിരി നേരം കൂടി സ്വീകരിക്കുമെന്നും അറിയിച്ചു.