കോട്ടയം: ഇനി മുതല്‍ ജയില്‍ പുള്ളികള്‍ക്ക് പരോള്‍ വേണമെങ്കില്‍ വീട്ടുകാരുടെ 'നല്ല ഉറപ്പ്' നിര്‍ബന്ധം. പരോള്‍ കാലയളവില്‍ പ്രതി നാട്ടില്‍ പ്രശ്‌നങ്ങളുണ്ടാക്കാതെ നോക്കുമെന്നു കുടുംബാംഗങ്ങള്‍ ഉറപ്പു നല്‍കിയാല്‍ മാത്രമേ ഇനി പരോള്‍ അനുവദിക്കൂ. പരോള്‍ കഴിഞ്ഞു തിരികെ ജയിലില്‍ എത്തിക്കേണ്ട ഉത്തരവാദിത്തവും ഇനി കുടുംബത്തിനായിരിക്കും. കുഴപ്പം കാട്ടിയാല്‍ അതിന്റെ ഉത്തരവാദിത്തം ഇനി കുടുംബത്തിനു കൂടിയായിരിക്കും.

ഇത്തരത്തില്‍ രേഖാമൂലമുള്ള ഉറപ്പ് ജയില്‍പുള്ളിയെ കൂട്ടിക്കൊണ്ടു പോകാന്‍ എത്തുന്ന ബന്ധു ജയില്‍ സൂപ്രണ്ടിന് എഴുതി നല്‍കണം. നാട്ടിലെത്തിയാല്‍ സ്ഥലം സബ് ഇന്‍സ്‌പെക്ടറുടെ നിരീക്ഷണത്തിലായിരിക്കും ജയില്‍പുള്ളി. തിരികെ ജയിലില്‍ എത്തുമ്പോള്‍ സബ് ഇന്‍സ്‌പെക്ടര്‍ നല്‍കുന്ന നല്ലനടപ്പിന്റെ സാക്ഷ്യപത്രവും വേണം. നെട്ടുകാല്‍ത്തേരി തുറന്ന ജയിലിലെ അന്തേവാസി പരോള്‍ കാലയളവില്‍ സഹോദരനെ കൊലപ്പെടുത്തിയതിനെ തുടര്‍ന്നാണ് കര്‍ശന നിയന്ത്രണങ്ങള്‍.